Wednesday, February 26, 2014

രാഷ്ട്രീയസമവാക്യം മാറുന്നു; പ്രതീക്ഷയേകി ബദല്‍

ലോക്സഭാ തെരഞ്ഞെടുപ്പ് യുപിഎയും എന്‍ഡിഎയും തമ്മിലുള്ള പോരാട്ടമായിരിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. രാജ്യത്തെ 11 കക്ഷികളുടെ കൂട്ടായ്മ രൂപംകൊണ്ടതോടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയാണ്. മതനിരപേക്ഷതയിലും ജനപക്ഷ വികസനത്തിലും ഫെഡറല്‍തത്വങ്ങളിലും ഊന്നിയുള്ള കൂട്ടുകെട്ടാണ് ചൊവ്വാഴ്ച രൂപംകൊണ്ടത്. വിലക്കയറ്റം, അഴിമതി എന്നിവ തടയാന്‍ നടപടി സ്വീകരിക്കാതെ കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ് കോണ്‍ഗ്രസ്. 16 കക്ഷികളുണ്ടായിരുന്ന യുപിഎയില്‍ അവശേഷിക്കുന്നത് മൂന്ന് കക്ഷികള്‍. മഹാരാഷ്ട്രയില്‍ എന്‍സിപിയും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും മാത്രം. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍നിന്ന് മുതലെടുക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പരമാവധി വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലെത്താനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് സിപിഐ എം നേതൃത്വത്തില്‍ മൂന്നാം ബദല്‍ രൂപംകൊണ്ടത്. മാസങ്ങളായി ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമാണിത്. ബിജെപി പ്രതീക്ഷിച്ച പല കക്ഷികളും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് മോഡിയുടെ പ്രധാനമന്ത്രിമോഹത്തിനാണ് തിരിച്ചടിയായത്. ഇതുകൊണ്ടാണ് "മൂന്നാംമുന്നണി" മൂന്നാംകിട മുന്നണിയാണെന്ന് മോഡി പ്രതികരിച്ചത്. ഇത്തരം പ്രസ്താവനകള്‍ മൂന്നാംകിട മനസ്സിന്റെ ഉടമയില്‍ നിന്നുമാത്രമേ ഉണ്ടാകൂ എന്ന് സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി തിരിച്ചടിച്ചു.
കോര്‍പറേറ്റുകള്‍ക്കും മൂന്നാം ബദലിന്റെ രൂപീകരണം അലോസരമുളവാക്കുന്നുണ്ട്. മൂഡി എന്ന സാമ്പത്തിക ഏജന്‍സി മൂന്നാം ബദല്‍ അധികാരത്തില്‍ വരുന്നത് നാശമാണെന്ന് വിലയിരുത്തി. ജനശബ്ദത്തിന് ചെവികൊടുക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെയാണ് കോര്‍പറേറ്റുകള്‍ ഭയക്കുന്നത്. എന്നാല്‍, ബദലിന്റെ സംയുക്ത പ്രഖ്യാപനത്തില്‍ ജനപക്ഷ വികസനത്തെക്കുറിച്ച് എടുത്തു പറയുന്നത് കോര്‍പറേറ്റുകളെ കൂടുതല്‍ അലോസരപ്പെടുത്തും. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, തമിഴ്നാട്, ത്രിപുര സംസ്ഥാനങ്ങളിലെ ഭരണകക്ഷികളാണ് ഈ കൂട്ടുകെട്ടിലുള്ളത്. 543 അംഗ ലോക്സഭയില്‍ 313 സീറ്റ് മൂന്നാം ബദലിന് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ഈ കക്ഷികള്‍ക്ക് 92 സീറ്റാണുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് 11 കക്ഷികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ലക്ഷ്യം മതനിരപേക്ഷതയും ജനോന്മുഖ വികസനവും

ന്യൂഡല്‍ഹി: ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ദേശീയതലത്തില്‍ രൂപംകൊള്ളുന്ന ഇടതു-മതനിരപേക്ഷ പാര്‍ടികളുടെ യോജിപ്പ് മുഖ്യമായും നാലു വിഷയങ്ങളുടെ അടിസ്ഥാനത്തില്‍. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, ജനോന്മുഖ വികസന അജന്‍ഡ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോജിപ്പ്. ചൊവ്വാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനത്തിലാണ് യോജിപ്പിന് ആധാരമാക്കുന്ന നാലു വിഷയങ്ങള്‍ അടിവരയിടുന്നത്.

1) അഴിമതി അവസാനിപ്പിച്ചും സര്‍ക്കാരിന്റെ സുതാര്യത ഉറപ്പാക്കിയും ജനാധിപത്യ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുക.

2) സമൂഹത്തിന്റെ വൈവിധ്യവും ബഹുസ്വരതയും അംഗീകരിക്കുന്ന ദൃഢമായ മതനിരപേക്ഷക്രമംസ്ഥാപിക്കുക.

3) അസമത്വം, സാമൂഹികനീതി, കര്‍ഷക താല്‍പ്പര്യങ്ങള്‍, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ എന്നിവ അഭിസംബോധനചെയ്തുള്ള ജനോന്മുഖ വികസനപാത ഉറപ്പാക്കുക.

4) കേന്ദ്രസര്‍ക്കാരില്‍ എല്ലാം കേന്ദ്രീകരിക്കുന്ന മാതൃക തിരുത്തി സംസ്ഥാനങ്ങളുടെ അവകാശം ഉറപ്പാക്കുന്ന യഥാര്‍ഥ ഫെഡറല്‍ സംവിധാനം സൃഷ്ടിക്കുക. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അതുറപ്പാക്കുക.

ബിജെപിയും വര്‍ഗീയശക്തികളും അധികാരത്തില്‍ വരുന്നത് തടയേണ്ടത് അടിയന്തര കടമയാണെന്ന് സംയുക്ത പ്രഖ്യാപനം പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കണം.

deshabhimani

No comments:

Post a Comment