Friday, February 28, 2014

കസ്തൂരിരംഗന്‍ : പുതിയ വിജ്ഞാപനമില്ല

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലും കേരളത്തിന് നിരാശ. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന പതിവ് ഉറപ്പുമാത്രമാണ് കേന്ദ്രം നല്‍കിയത്. മാര്‍ച്ച് 24ന് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ കസ്തൂരിരംഗന്‍ കേസ് പരിഗണിക്കാനിരിക്കെ മലയോരകര്‍ഷകരുടെ ആശങ്കകള്‍ അകറ്റുംവിധം തിടുക്കത്തിലുള്ള തീരുമാനം കേന്ദ്രത്തില്‍ നിന്നുണ്ടാകില്ല. രണ്ടുദിവസത്തിനകം കേന്ദ്രം തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി തിരുത്തുകയും ചെയ്തു. ആഴത്തില്‍ പഠനം ആവശ്യമായ വിഷയമാണ് ഇതെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും വീരപ്പമൊയ്ലി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇനി പുതിയ വിജ്ഞാപനമുണ്ടാകില്ലെന്ന് പരിസ്ഥിതി സെക്രട്ടറി രാജഗോപാലും അറിയിച്ചു.

പരിസ്ഥിതിലോല മേഖലയായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള കേരളത്തിലെ 123 വില്ലേജില്‍ ഉള്‍പ്പെടുന്ന ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യമാണ് വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ കേരളം മുഖ്യമായും മുന്നോട്ടുവച്ചത്. ജനവാസമേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോലമേഖല പുനര്‍ക്രമീകരിക്കണം. പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പല വില്ലേജിലും 15-20 ശതമാനം മാത്രമാണ് വനമേഖല. ഇത്തരം വില്ലേജുകളില്‍ ശേഷിക്കുന്ന മേഖലകളെ ഒഴിവാക്കി കിട്ടണം. പരിസ്ഥിതിലോലമേഖലയോടു ചേര്‍ന്നുള്ള 10 കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണങ്ങള്‍ ബാധകമാക്കുന്നത് ഒഴിവാക്കണം-കേരളത്തിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ഉമ്മന്‍ വി ഉമ്മനും പരിസ്ഥിതി സെക്രട്ടറി പി കെ മൊഹന്തിയും ആവശ്യപ്പെട്ടു. പരിസ്ഥിതിലോലമേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി നിയന്ത്രണം ബാധകമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്രത്തെ പ്രതിനിധാനംചെയ്ത് ചര്‍ച്ചയില്‍ പങ്കെടുത്ത പരിസ്ഥിതി വകുപ്പ് സെക്രട്ടറി രാജഗോപാല്‍, ജോയിന്റ് സെക്രട്ടറി അജയ്ത്യാഗി എന്നിവര്‍ അറിയിച്ചു. മറ്റ് ആവശ്യങ്ങളുടെ കാര്യത്തില്‍ പഠനം നടത്തി തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

പരിസ്ഥിതിലോലമേഖലയില്‍ വരുന്ന വില്ലേജുകളുടെ മാപ്പ് കേരള പ്രതിനിധികള്‍ കൈമാറി. കലക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും കേന്ദ്രത്തിനു നല്‍കി. ചര്‍ച്ചകള്‍ ഗുണകരമായിരുന്നെന്ന് ഉമ്മന്‍ വി ഉമ്മന്‍ അവകാശപ്പെട്ടു. വൈകിട്ട് പരിസ്ഥിതി മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടുദിവസത്തിനകം പരിഹാരം കാണുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിട്ടില്ലെന്ന് വീരപ്പമൊയ്ലി വ്യക്തമാക്കിയത്. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിയുന്നത്ര വേഗത്തില്‍ തീരുമാനമുണ്ടാകും. അതിന് കൃത്യമായ സമയപരിധി പറയാനാകില്ല. പൂര്‍ണമായ പരിഹാരം ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകില്ല. ഭാഗികമായ പരിഹാരത്തിനാണ് ശ്രമിക്കുന്നത്. നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കുമെന്ന ആശങ്കയാണ് കേരളത്തിനുള്ളത്. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടാകും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പ്രശ്നങ്ങളാണ്- മൊയ്ലി പറഞ്ഞു. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് മെമ്മോറാണ്ടത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തുക മാത്രമാകും ചെയ്യുകയെന്ന് പരിസ്ഥിതി സെക്രട്ടറി രാജഗോപാല്‍ പറഞ്ഞു. ഇഎഫ്എല്‍ മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം പരിഗണിക്കും. ആവശ്യമായ പഠനം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- രാജഗോപാല്‍ പറഞ്ഞു.

എം പ്രശാന്ത്

കനത്ത തിരിച്ചടിയുണ്ടാകും: ഹൈറേഞ്ച് സംരക്ഷണസമിതി

കട്ടപ്പന: ജനവാസകേന്ദ്രങ്ങളെയും തോട്ടം-കൃഷി മേഖലകളെയുംപരിസ്ഥിതി ദുര്‍ബല-ലോല പ്രദേശങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ യുപിഎ സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. കട്ടപ്പനയില്‍ നയവിശദീകരണയോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലാണ് നിലപാട് പ്രഖ്യാപിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുടെ നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ ഹൈറേഞ്ച് സംരക്ഷണസമിതി പരസ്യനിലപാട് പ്രഖ്യാപിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ നാലേക്കര്‍ വരെ ഭൂമിയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാമെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പ് നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് പാലിക്കണം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയാണ് മലയോരജനത പാര്‍ലമെന്റിലേക്ക് അയക്കുകയെന്നും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

കേന്ദ്രനിലപാട് തൃപ്തികരമല്ല: പി ജെ ജോസഫ്

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെന്ന് മന്ത്രി പി ജെ ജോസഫ് തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി ഇതു സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അതിനായി രണ്ടുമൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ജോസഫ് പറഞ്ഞു. കെ ഫ്രാന്‍സിസ് ജോര്‍ജും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

കേന്ദ്ര സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസും

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകം പരിഹരിച്ചില്ലെങ്കില്‍ യുപിഎക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ മലയോര ജനതയുടെ വികാരങ്ങള്‍ക്കൊപ്പം രൂപതാ കമ്മിറ്റികള്‍ നിലകൊള്ളണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഉദ്ഘാടനം ചെയ്തു.

deshabhimani

No comments:

Post a Comment