Saturday, February 22, 2014

അമൃതാനന്ദമയി മഠത്തിലെ കാര്യങ്ങള്‍ അന്വേഷിക്കണം: പിണറായി

സുല്‍ത്താന്‍ ബത്തേരി: അമൃതാനന്ദമയി മഠത്തില്‍ നടന്നു എന്ന് പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ആശ്രമത്തിന് പുറത്തുള്ള ഒരാളല്ലെന്നും വര്‍ഷങ്ങളോളം ആശ്രമത്തില്‍ താമസിച്ച വ്യക്തി അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ചെയ്തതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ആശ്രമങ്ങളില്‍ ആശ്രമത്തിന്റെതല്ലാത്ത രീതിയിലുള്ള കാര്യങ്ങള്‍ നടക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണമുന്നയിച്ച വ്യക്തി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരൂ. പല ആശ്രമങ്ങളിലും കോടാനുകോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇത് സുതാര്യമായാണോ നടക്കുന്നത് എന്നും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പിണറായി ചൂണ്ടിക്കാണിച്ചു.

സരിതയ്ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചതിനാല്‍

സുല്‍ത്താന്‍ ബത്തേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിവിട്ട് സഹായിച്ചതിനാലാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളം കണ്ട വലിയൊരു തട്ടിപ്പ് കേസാണ് സോളാര്‍ തട്ടിപ്പ്. ഈ കേസില്‍ ഗൂഢാലോചന എന്ന വകുപ്പ് ചേര്‍ത്തിട്ടില്ല. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്. തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കുള്ള പങ്ക് മറച്ചുവെയ്ക്കാനാണ് ഗൂഢാലോചന എന്ന വകുപ്പ് ചേര്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ചതെന്നും പിണറായി പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ തിരക്കഥയനുസരിച്ച് ഭരണസംവിധാനം പ്രവര്‍ത്തിച്ചത് സരിതയ്ക്ക് ഗുണമായി. ജയിലിലിരുന്ന് തന്നെ കേസുകളെല്ലാം സരിത പണംകൊടുത്ത് ഒതുക്കുകയായിരുന്നു. സരിതയ്ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല. സരിത ജയിലില്‍ പോകുമ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഒന്നും ഇല്ലായിരുന്നു. കാര്യങ്ങളെല്ലാം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment