Sunday, February 23, 2014

വഞ്ചനയുടെ രണ്ടാണ്ട് കോച്ച്ഫാക്ടറി പ്രതിഷേധം ഇരമ്പി

പാലക്കാട്: കോച്ച് ഫാക്ടറിയുടെ പേരില്‍ ജനതയെ മുഴുവന്‍ കബളിപ്പിച്ച കേന്ദ്രþസംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെ ജില്ല മുഴുവന്‍ ഒരേ മനസ്സോടെ പ്രതിഷേധിച്ചു. കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ വെള്ളിയാഴ്ച എല്‍ഡിഎഫ്, സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കത്തിജ്വലിച്ചു. സിപിഐ എം പുതുശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് നൂറുക്കണക്കിനാളുകള്‍ പ്രകടനമായെത്തി കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്ത് റീത്ത് സമര്‍പ്പിച്ചു. കോച്ച്ഫാക്ടറിയുടെ രണ്ടാംചരമവാര്‍ഷികം എന്ന ബാനറിനു കീഴിലാണ് ജനങ്ങള്‍ കരിങ്കൊടിയുമായി അണിനിരന്നത്. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍, എ പ്രഭാകരന്‍, കെ വി വിജയദാസ് എംഎല്‍എ, എസ് സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. കെ മണി അധ്യക്ഷനായി. പുതുശേരി ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍ സ്വാഗതവും എസ് ബി രാജു നന്ദിയും പറഞ്ഞു.

2012 ഫെബ്രുവരി 21നാണ് കഞ്ചിക്കോട്ട് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച കോച്ച് ഫാക്ടറിക്ക് പാലക്കാട് കോട്ടമൈതാനിയില്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി തറക്കല്ലിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു "തറക്കല്ലിടല്‍ മാമാങ്കം" നടത്തിയത്. രണ്ടുവര്‍ഷത്തിനകം കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആലത്തൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറിമാരായ കെ ഡി പ്രസേനന്‍, എസ് അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കൊടുവായൂരില്‍ കരിദിനാചരണം വി ചെന്താമരാക്ഷന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ ബാബു, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യു അസീസ് സ്വാഗതവും എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കുഴല്‍മന്ദത്ത് സിപിഐ എം ഏരിയകമ്മിറ്റി നേതൃത്വത്തില്‍ പെരിങ്ങോട്ടുകുറിശിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ സെക്രട്ടറി എസ് അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം ഭാസ്കരന്‍ അധ്യക്ഷനായി. പി വി ബാലസുബ്രഹ്മണ്യന്‍, കെ ഹരി, ജി രവീന്ദ്രന്‍, കെ ശിവന്‍ എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട്ട് സിപിഐ എം നേതൃത്വത്തില്‍ ടൗണില്‍ നടന്ന പൊതുയോഗം ഏരിയകമ്മിറ്റിയംഗം ടി ആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി ദാസന്‍ അധ്യക്ഷനായി. രാമകൃഷ്ണന്‍ തച്ചനാട്ടുകര സ്വാഗതവും ടി ഗോപിനാഥ് നന്ദിയും പറഞ്ഞു. പുതുപ്പരിയാരത്ത് ചേര്‍ന്ന യോഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡി സദാശിവന്‍, ടി കെ അച്യുതന്‍, പി എ ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. വി ചാമിക്കുട്ടി അധ്യക്ഷനായി. ടി എസ് ദാസ് സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

അവഗണനക്കെതിരെ പോരാടാന്‍ യുഡിഎഫ് തയ്യാറുണ്ടോ?

പാലക്കാട്: കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് വേണ്ടി കേരളത്തില്‍നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരും 16 യുഡിഎഫ് എംപിമാരും എന്ത് ചെയ്തുവെന്ന് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കോച്ച്ഫാക്ടറിക്ക് ശിലയിട്ടതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കഞ്ചിക്കോട്ടെ കോച്ച്ഫാക്ടറി സ്ഥലത്ത് പ്രതിഷേധസൂചകമായി റീത്ത്വച്ച ശേഷം ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനം ഒഴുകിയെത്തുമെന്ന് പറഞ്ഞവര്‍ ജനങ്ങളോട് ഇത്തരത്തില്‍ നെറികേട് കാണിക്കരുത്. രണ്ട് ക്യാബിനറ്റ്മന്ത്രിമാര്‍ കേരളത്തില്‍നിന്നുണ്ട്. അതില്‍ ഒരാള്‍ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാണ്. എന്നിട്ടും വികസനപദ്ധതികളെ ഒന്നാകെ അവഗണിച്ചു കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കോച്ച് ഫാക്ടറിയടക്കമുള്ള വികസനപദ്ധതികള്‍ക്ക് വേണ്ടി ഒരുമിച്ചു ശബ്ദിക്കാനും പ്രതിഷേധിക്കാനും യുഡിഎഫ് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

deshabhimani

No comments:

Post a Comment