Wednesday, February 26, 2014

എട്ടുനിലയിലെ നിര്‍മാണം ബാക്കി: തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിന് തട്ടിക്കൂട്ടിയ പ്ലാറ്റ്ഫോമുകള്‍ ഇടിച്ചുനിരത്തി

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പണി പൂര്‍ത്തിയാകുംമുമ്പേ ഉദ്ഘാടനത്തിനായി താല്‍ക്കാലികമായി തട്ടിക്കൂട്ടിയ തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ പാര്‍ക്കിങ് ഏരിയയും ബസ്ബേയും പൊളിച്ചുനീക്കാന്‍ തുടങ്ങി. ഒരേസമയം ഒട്ടേറെ ബസുകള്‍ക്ക് ആളെ കയറ്റാനും ഇറക്കാനും കഴിയുന്ന രീതിയില്‍ കോംപ്ലക്സിന്റെ പിന്നില്‍ നിര്‍മിച്ച ബസ്ബേയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തിയത്. ഈ ബേയും പാര്‍ക്കിങ് ഏരിയയുമാണ് യഥാര്‍ഥ പ്ലാറ്റ്ഫോം നിര്‍മാണത്തിനായി പൊളിച്ചുനീക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാനത്ത് ഭരണനേട്ടമൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനില്ലാത്ത സര്‍ക്കാര്‍ നടത്തിയ ഉദ്ഘാടന പ്രഹസനത്തിന്റെ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

സംസ്ഥാന തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ബസ്ടെര്‍മിനല്‍ നിര്‍മാണത്തിന് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദ്രുതഗതിയില്‍ നിര്‍മാണം തുടങ്ങിയെങ്കിലും യുഡിഎഫ് ഭരണം വന്നതോടെ നിര്‍മാണം ഇഴഞ്ഞുനീങ്ങി. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബസ് ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അന്ന് മുഖ്യമന്ത്രിയും ഗതാഗാതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവകാശപ്പെട്ടത്. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തട്ടിക്കൂട്ടിയ താല്‍ക്കാലിക സംവിധാനം പൊളിച്ചുനീക്കുന്ന പ്രവൃത്തിമാത്രമാണ് നടന്നത്. 25 ബസിന് ഒരേസമയം പുറപ്പെടാനായി ഒരുക്കിയതെന്നു പറഞ്ഞ് ഉദ്ഘാടനംചെയ്ത പ്ലാറ്റ്ഫോമുകള്‍ മുഴുവന്‍ ജെസിബി ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. ഇവിടെ പാകിയിരുന്ന ടൈല്‍സുകളും ട്രാക്ക് വേര്‍തിരിച്ചിരുന്ന കോണ്‍ക്രീറ്റുകളും കിളച്ചുകോരി മാറ്റി. ഇതേ പോക്ക് പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും ബസ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകില്ല.

ഉദ്ഘാടനത്തിനായി ലക്ഷങ്ങള്‍ പൊടിച്ചതിനു പുറമെയാണ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് പേരിനൊരു ബസ്ബേ തട്ടിക്കൂട്ടിയതും. അര്‍ധവൃത്താകൃതിയില്‍ 12 നിലയിലായാണ് ടെര്‍മിനല്‍. കോംപ്ലക്സിന്റെ എട്ടുനിലകളില്‍ നിര്‍മാണപ്രവൃത്തി ഇനിയും ബാക്കിയാണ്. മുഴുവന്‍ നിലകളുടെയും കോണ്‍ക്രീറ്റ് മാത്രമാണ് പൂര്‍ത്തിയായത്. ഉദ്ഘാടനത്തിനായി നിര്‍മാണയന്ത്രങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റിയശേഷം ലക്ഷങ്ങള്‍ ചെലവഴിച്ച് ബസ്ബേ എന്നപേരില്‍ ടൈല്‍സ് പാകുകയായിരുന്നു. എന്നാല്‍, ഉദ്ഘാടനത്തിനുശേഷം പുറത്തുനിന്ന് ആളുകള്‍ക്ക് കാണാനാകാത്തവിധം മറച്ചശേഷം ബസ് ബേ പൊളിക്കുകയായിരുന്നു. മൂന്നരലക്ഷത്തില്‍പ്പരം ചതുരശ്ര അടിയുള്ള കോംപ്ലക്സില്‍ എട്ടുനിലകളില്‍ ഫ്ളോറിങ് ബാക്കിയാണ്. മള്‍ട്ടി പര്‍പ്പസ് തിയറ്ററുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയുടെയും പണി എങ്ങുമെത്തിയിട്ടില്ല. എസ്കലേറ്റര്‍, ലിഫ്റ്റ്, സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷന്‍ എന്നിവയുടെയെല്ലാം പണി എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ബസ് ടെര്‍മിനല്‍ വിഭാവനംചെയ്ത് നിര്‍മാണം തുടങ്ങിയത്.

deshabhimani

No comments:

Post a Comment