Wednesday, February 26, 2014

രാഹുലിന്റെ പരസ്യത്തിലെ നായിക അഴിമതിക്കേസ് പ്രതി

അഴിമതിക്കെതിരെ രാഹുല്‍ഗാന്ധി അവതരിപ്പിച്ച നായിക 300 കോടിയുടെ അഴിമതിക്കേസില്‍ പ്രതിയെന്ന് ആരോപണം. യുവാക്കളെ ആകര്‍ഷിക്കാന്‍ തയ്യാറാക്കിയ പരസ്യത്തിലെ നായികയും എന്‍എസ്യു നേതാവുമായ ഹസീബ അമീനാണ് ആരോപണവിധേയയായിരിക്കുന്നത്. ഗോവ പിഡബ്ല്യുഡി അഴിമതിക്കേസിലാണ് ഹസീബയ്ക്കെതിരെ ആരോപണമുള്ളത്. ഇതേകേസില്‍ പ്രതിയായ മുന്‍ ഗോവ പൊതുമരാമത്തുമന്ത്രി ജയിലിലാണ്. എന്‍എസ്യു ദേശീയ പ്രസിഡന്റും ഗോവ സംസ്ഥാന പ്രസിഡന്റുമാണ് ഹസീബ.

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ടീമിലും അംഗമാണ്. ഈ ടീമാണ് പരസ്യം തയ്യാറാക്കിയത്. യുവാക്കള്‍ കരുത്താര്‍ജിക്കണമെന്നും അഴിമതിക്കെതിരെ രംഗത്തുവരണമെന്നുമാണ് രാഹുലിനുവേണ്ടി ഹസീബ പരസ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകേസിലും ഇവര്‍ക്ക് ബന്ധമുള്ളതായി ആരോപണമുണ്ട്. ഈ സംഭവത്തില്‍ പ്രതികരിച്ച എന്‍എസ്യു ഗോവ വൈസ് പ്രസിഡന്റ് സുനില്‍ കൗത്തങ്കിറിനെതിരെ ഹസീബ രംഗത്തുവന്നിരുന്നു. ഹസീബയുള്‍പ്പെട്ട കേസ് ഗോവയില്‍ നേരത്തെ വിവാദമായിരുന്നു. ഇതിനിടെയാണ് ഇവരെ നായികയാക്കി കോണ്‍ഗ്രസ് ഔദ്യോഗികപരസ്യം തയ്യാറാക്കിയത്. പരസ്യം ടിവി ചാനലുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും വ്യാപകമായതോടെ വിമര്‍ശങ്ങളും വ്യാപകമായി. പരസ്യം പിന്‍വലിക്കണമെന്ന് വിവിധ വിദ്യാര്‍ഥിസംഘടനകളും ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തിത്വത്തെ തകര്‍ക്കുന്നതാണെന്നും ഹസീബ പ്രതികരിച്ചു.

deshabhimani

No comments:

Post a Comment