Tuesday, February 25, 2014

ജോസഫിന്റെ വായ്പ സിപിഐ എം അടയ്ക്കും; ജയിലില്‍നിന്നിറക്കും

കല്ലാച്ചി (കോഴിക്കോട്): മകളുടെ പഠനത്തിനായെടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന് ജയിലിലടച്ച വിലങ്ങാട്ടെ നാഗത്തിങ്കല്‍ ജോസഫിനെ മോചിപ്പിക്കാന്‍ സാമ്പത്തികമായും നിയമപരമായുമുള്ള ബാധ്യത സിപിഐ എം ഏറ്റെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ആവശ്യമായ തുക ബാങ്കധികൃതരുമായി ആലോചിച്ച് കോടതിയില്‍ അടയ്ക്കും. വിലങ്ങാട് മലയില്‍ ജോസഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകള്‍ ഷെറിന്റെ നേഴ്സിങ് പഠനത്തിന് എടുത്ത 1.25 ലക്ഷം രൂപ അടയ്ക്കാന്‍ വീഴ്ചവരുത്തിയെന്ന പേരില്‍ ജോസഫിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ്് ജയിലിലടച്ചത്. മൂന്നു മാസത്തെ തടവിന് വിധിക്കപ്പെട്ട ഇദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണിപ്പോള്‍.

എസ്ബിടി ചീക്കോന്ന് ശാഖയില്‍ നിന്നാണ് വായ്പയെടുത്തത്. ജോസഫിനെ ജയില്‍നിന്നിറക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തെ ജയിലിലടച്ചതില്‍ ദുരൂഹതയുണ്ട്. ബാങ്കിലേക്കെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി കോടതിയിലെത്തിച്ചതെന്തിനെന്ന് ബാങ്ക്് അധികൃതര്‍ വെളിപ്പെടുത്തണം. പാവപ്പെട്ട കൃഷിക്കാരനായ ജോസഫ് ഹൃദ്രോഗിയുമാണ്. പണമടയ്ക്കാനാവാത്ത അവസ്ഥ സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പാവപ്പെട്ട ഈ കുടുംബത്തിനുണ്ടായ അനുഭവം കടുത്ത അനീതിയാണ്. 1,25,000 രൂപ കടമെടുത്ത് ബംഗളൂരു സെന്റ് ജോസഫ്സ് സ്കൂള്‍ ഓഫ് നേഴ്സിങ് കോളേജില്‍ ജനറല്‍ നേഴ്സിങ്ങിനാണ്് ജോസഫ് മകളെ ചേര്‍ത്തത്. കോഴ്സ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും 2000 രൂപ മാത്രം ശമ്പളം ലഭിച്ചതിനാല്‍ വായ്പ തിരിച്ചടയ്ക്കാനായില്ല. രോഗിയായ ജോസഫിന് പ്രായാധിക്യം കാരണം ജോലിക്കും പോകാന്‍ കഴിയാതായി. ഇതേത്തുടര്‍ന്നാണ് വായ്പാ കുടിശികയായത്.

deshabhimani

No comments:

Post a Comment