പാലക്കാട്: നെല്ല്സംഭരണവില ഒരുരൂപമാത്രം ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കടുത്ത പ്രതിസന്ധി നേരിടുന്ന നെല്‍ക്കര്‍ഷകരെ ആശങ്കയിലാഴ്ത്തി. വിലക്കയറ്റം രൂക്ഷമായ കാലത്ത് നാമമാത്രമായി 18ല്‍നിന്ന് 19രൂപയാക്കി സംഭരണവില ഉയര്‍ത്തിയത് അപര്യാപ്തമാണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും താങ്ങുവിലയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിച്ചിരുന്ന കര്‍ഷകരെ സര്‍ക്കാര്‍ പ്രഖ്യാപനം നിരാശയിലാഴ്ത്തി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കടബാധ്യതയെത്തുടര്‍ന്ന് ഒമ്പത് കര്‍ഷകരാണ് പാലക്കാട് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകരെ അകറ്റുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം താങ്ങുവിലയില്‍ മൂന്നുരൂപയുടെ വര്‍ധനമാത്രമാണുണ്ടായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച്വര്‍ഷംകൊണ്ട് ഏഴില്‍നിന്ന് 16രൂപയാക്കി നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയിരുന്നു.
350രൂപയുണ്ടായിരുന്ന രാസവളത്തിന്റെ വില 880രൂപയായി. പൊട്ടാഷിന്റെ വില 800 കടന്നു. ഡീസല്‍വിലവര്‍ധനയെത്തുടര്‍ന്ന് ട്രാക്ടറിന്റേയും കൊയ്ത്ത്യന്ത്രത്തിന്റേയും വാടക വര്‍ധിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന കൊയ്ത്ത്യന്ത്രങ്ങള്‍ക്ക് മണിക്കൂറിന് 1800മുതല്‍ 2000രൂപ വരെയാണ് വാടക. ട്രാക്ടറിന്റെ വാടക 650രൂപയായി വര്‍ധിച്ചു. തൊഴിലുറപ്പ്തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചതോടെ കര്‍ഷകത്തൊഴിലാളികളുടെ കൂലിയിലും വര്‍ധനയുണ്ടായി. വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും മണിക്കൂറുകളോളം പമ്പ് ചെയ്താണ് കാര്‍ഷികാവശ്യത്തിന് വെള്ളമെത്തിച്ചിരുന്നത്. ഇതും കാര്‍ഷികമേഖലയില്‍ ചെലവ് ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കാര്‍ഷികമേഖലയെ പാടെ അവഗണിക്കുന്ന സര്‍ക്കാര്‍നയമാണ് കൃഷിയിടങ്ങളില്‍ കര്‍ഷകന്റെ കണ്ണീര്‍ വീഴ്ത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഭിവൃദ്ധി നേടിയ കാര്‍ഷികമേഖലയാണ് തകര്‍ച്ച നേരിടുന്നത്. നെല്ലിന്റെ താങ്ങുവില ഒരുരൂപമാത്രം വര്‍ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണെന്ന് കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി വിജയദാസ് എംഎല്‍എ, സെക്രട്ടറി പി കെ സുധാകരന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. നെല്‍ക്കര്‍ഷകരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നെല്ലിന്റെ താങ്ങുവില 25രൂപയെങ്കിലും ആക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില അശാസ്ത്രീയവും മാനദണ്ഡം പാലിക്കാതെയുള്ളതുമാണെന്ന് ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി പറഞ്ഞു. കൃഷിക്കാരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു: കര്‍ഷകസംഘം
പാലക്കാട്: ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില ഒരുരൂപമാത്രമായി ഉയര്‍ത്തിയ സര്‍ക്കാര്‍നടപടി കര്‍ഷകരെ വഞ്ചിക്കുന്നതാണെന്ന് കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാസവളത്തിന്റേയും ഡീസലിന്റേയും വില കുത്തനെ ഉയര്‍ന്നു. കൊയ്ത്ത്യന്ത്രത്തിന്റേയും ട്രാക്ടറിന്റേയും വാടക വര്‍ധിച്ചു. തൊഴിലാളികളുടെ കൂലിയുംകൂടി. ഈ സാഹചര്യത്തില്‍ സംഭരണവില 25 രൂപയെങ്കിലും ആക്കിയാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകു. സംസ്ഥാനത്താകെ നെല്ലുല്‍പ്പാദനം കുറയുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ട നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഒരുരൂപമാത്രം വര്‍ധിപ്പിച്ച് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കര്‍ഷകസംഘം ജില്ലാകമ്മിറ്റി അറിയിച്ചു.
നെല്ലുസംഭരണവില 25 രൂപയാക്കണം: കര്‍ഷകസംഘം
തൃശൂര്‍: രാസവളത്തിന്റേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില ഏറെ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 25 രൂപയെങ്കിലുമാക്കണമെന്ന് കേരള കര്‍ഷക സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം കൊയ്ത്ത് തുടങ്ങിയ നാള്‍മുതല്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നതാണ്. സംഭരണവില കേന്ദ്രം വര്‍ധിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വാക്കുപാലിക്കാതെ സംഭരണവില ഒരു രൂപമാത്രം വര്‍ധിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലിയും പ്രസിഡന്റ് പി കെ ഡേവിസും ആവശ്യപ്പെട്ടു.
നെല്‍പ്പാടങ്ങളില്‍ ഇക്കുറി നഷ്ടക്കൊയ്ത്ത്
ആലപ്പുഴ: കൃഷിച്ചെലവ് വര്‍ധിച്ചതോടെ ഇക്കുറി കുട്ടനാടന്‍ നെല്‍പ്പാടങ്ങളില്‍ നിരാശയുടെ വിളവെടുപ്പ്. വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്ത് ആരംഭിച്ചെങ്കിലും പതിവ് ഉത്സവാന്തരീക്ഷം ഇല്ല. ഉല്‍പ്പാദനച്ചെലവിന് അനുസരിച്ച് വില കിട്ടാതായതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷയറ്റു. നാമമാത്രമായി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ ഇക്കുറി കര്‍ഷകര്‍ക്ക് നഷ്ടക്കൊയ്ത്തായി. ഏറെ പ്രത്യാശയോടെ കൃഷിയിറക്കിയ കര്‍ഷകരാണ് സര്‍ക്കാരിന്റെ വഞ്ചനയില്‍ മനംമടുത്ത് കൃഷി ഉപേക്ഷിക്കേണ്ട ഗതികേടില്‍ എത്തിയത്. കഴിഞ്ഞ പുഞ്ച സീസണിലേതിനെ അപേക്ഷിച്ച് വളം, കീടനാശിനി എന്നിവയുടെ വിലയടക്കം 30 ശതമാനത്തോളം കൃഷിച്ചെലവ് വര്‍ധിച്ചു. സര്‍ക്കാര്‍ സബ്സിഡിയില്‍ ഒരുരൂപപോലും കൂട്ടിയില്ലെന്നു മാത്രമല്ല ഇത് യഥാസമയം നല്‍കിയതുമില്ല. ഇതോടെ കടംവാങ്ങിയും ബ്ലേഡുകാരില്‍നിന്നും മറ്റും പലിശയ്ക്ക് വായ്പയെടുത്ത കര്‍ഷകര്‍ കടക്കെണിയിലായി. ഫാക്ടംഫോസ് ഒരു ചാക്കിന് (50 കിലോ) 350 രൂപയായിരുന്നത് 900 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 260ല്‍നിന്ന് 860 ആയി വര്‍ധിച്ചു. 250 രൂപയായിരുന്ന യൂറിയയ്ക്ക് 350 നല്‍കണം. നീറ്റുകക്ക ഇടുന്നതിന് എക്കറിന് 1,500 രൂപയും ചെലവഴിക്കണം. ഇതുകൂടാതെ കീടങ്ങളുടെ ആക്രമണം വ്യാപകമായതോടെ മൂന്നുതവണ കീടനാശിനി പ്രയോഗിക്കേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഇതിനായി 3000 രൂപയും ചെലവായി. കൊയ്ത്ത്, വളമിടല്‍ തുടങ്ങിയ ഇനങ്ങളില്‍ കൂലിച്ചെലവും വര്‍ധിച്ചു. ഭൂമിയുടെ പാട്ടം 13,000 രൂപമുതല്‍ 15,000 രൂപവരെ ഉയര്‍ന്നതോടെ കൃഷിയിറക്കിയവരില്‍ ഭൂരിഭാഗം വരുന്ന പാട്ടകൃഷിക്കാര്‍ പ്രതിസന്ധിയിലായി. എന്നാല്‍ കൃഷിക്കായി എത്രരൂപ ചെലവാക്കിയാലും സബ്സിഡിയായി 2150 രൂപമാത്രമേ ലഭിക്കൂ. വിളവെടുപ്പ് എത്തിയിട്ടും ഇതുവരെ ഈ തുക നല്‍കിയിട്ടുമില്ല. ഇതിനാല്‍ വിത്തുംവളവുമടക്കം സര്‍വതും ഉയര്‍ന്നവില കൊടുത്ത് വാങ്ങേണ്ട സ്ഥിതി കര്‍ഷകര്‍ക്ക് ഉണ്ടായി.
ഈ സാഹചര്യത്തില്‍ നെല്ലുവില കിലോയ്ക്ക് 25 രൂപയാക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപമാത്രമാണ് സര്‍ക്കാര്‍ നെല്ലുവില വര്‍ധിപ്പിച്ചു നല്‍കിയത്.
നാമമാത്ര വിലവര്‍ധനവിനെതിരെ സര്‍ക്കാരിനെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകള്‍പോലും പ്രതിഷേധവുമായി രംഗത്തെത്തി. നെല്ലുവില ഉയര്‍ത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കര്‍ഷകര്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇതോടെ വില ഉയര്‍ത്തിയെന്നും ഇല്ലെന്നും പറയാവുന്ന അവസ്ഥയായി. കിലോയ്ക്ക് 18 രൂപയില്‍നിന്ന് 19 ആയി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്മുമ്പ് സിവില്‍ സപ്ലൈസിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ ഈ വിലയും കര്‍ഷകര്‍ക്ക് ലഭിക്കില്ല.
പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി കൃഷിഭവനുകള്‍ക്ക് പരിധിയിലുള്ള പാടശേഖരങ്ങളിലാണ് പുഞ്ചവിളവെടുപ്പ് തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതായതോടെ ഇക്കുറി വിളവെടുപ്പുത്സവമില്ല. ലാഭകരമല്ലാതായതോടെ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും കര്‍ഷകര്‍ പറഞ്ഞു.
ജി അനില്‍കുമാര്‍
deshabhimani
No comments:
Post a Comment