കൊച്ചി: കേരളത്തിലെ തീരദേശജനതയുടെയും മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും ആശങ്ക ശാശ്വതമായി പരിഹരിക്കാന്‍ സാധിക്കുന്നവരെ ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമൈന്ന് കത്തോലിക്കാ മെത്രാന്‍ സമിതി. മാര്‍ച്ച ഒൻപതിന് പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലാണ് ഈ ആഹ്വാനം.
"പരിസ്ഥിതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമായി കണ്ടു പ്രവര്‍ത്തിക്കുന്നവരാണ് കത്തോലിക്കാവിശ്വാസികള്‍. എന്നാല്‍ മനുഷ്യരെ അവഗണിച്ച് ഭൂമിയെയും സസ്യജന്തുജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍കൂടി നമുക്ക് സാധിക്കണം. കടലോരത്തും മലയോരത്തും ജീവിക്കുന്ന ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത് അടിയന്തരവിഷയമായി നാം പരിഗണിക്കണം."-ഇടയലേഖനം പറയുന്നു. കസ്തൂരിരംഗന്‍ റിഗപ്പാര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയതെന്ന് സഭാ വക്താക്കള്‍ അറിയിച്ചു.
ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സമിതി നിര്‍ദേശിക്കുന്നതുപോലെ, ജനങ്ങളുടെ ഉല്‍കണ്ഠകള്‍ മനസിലാക്കുകയും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ പൊതുതിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തുമെന്ന് ഇടയലേഖനം പ്രത്യാശിക്കുന്നു. താഴെകാണുന്ന കാര്യങ്ങള്‍ ചെയ്യുന്ന നേതാക്കളെയാണ് ആവശ്യമായിരിക്കുന്നത്-ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു: (
1) രാഷ്ട്രത്തിന്റെ മതേതരസ്വഭാവം ഉയര്‍ത്തിപ്പിടിക്കുകയും സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും മതാന്തരസംവാദത്തിന്റെയും പരസ്പരധാരണയുടെയും ചൈതന്യം വളര്‍ത്തുകയും ചെയ്യുന്നവര്‍ (2) സമൂഹത്തിലെ ന്യൂനപക്ഷങ്ങളെയും ദുര്‍ബലവിഭാഗത്തെയും പരിരക്ഷിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരെ സമുദ്ധരിക്കുന്നതിന് യത്നിക്കുകയും ചെയ്യുന്നവര്‍ (3) ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂമി, ജലം, വനങ്ങള്‍ എന്നിവയുടെ മേലുള്ള അധികാരം സംരക്ഷിക്കുകയും ദളിത്, ക്രിസ്ത്യാനികള്‍ക്ക് ഇതര ദളിതര്‍ക്കൊപ്പമുള്ള അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നവര്‍ (4) ദരിദ്രരെയും അധഃസ്ഥിതരെയും പ്രത്യേകമായി സഹായിക്കുന്ന ഒരു സാമ്പത്തിക സംവിധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ മഹത്വം സംരക്ഷിക്കുകയും അവരെ രാഷ്ട്രനിര്‍മിതിയില്‍ അവര്‍ക്ക് അവകാശപ്പെട്ട സ്ഥാനം ഏറ്റെടുക്കാന്‍ ശക്തരാക്കുകയും ചെയ്യുന്നവര്‍ (5) കേരളത്തിന്റെ തീരദേശങ്ങളില്‍ ഭീതിയോടും ആശങ്കയോടും ജീവിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് മത്സ്യതൊഴിലാളികളുടെ, പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന വ്യക്തികള്‍ (6) പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യക്തികള്‍ (7) കേരളത്തില്‍ വ്യാപകമാകുന്ന മദ്യപാനശീലം, മയക്കുമരുന്നിന്റെ ഉപയോഗം, സ്ത്രീകളോടും കുട്ടികളോടുമുള്ള വര്‍ധിച്ച അക്രമങ്ങള്‍, വര്‍ധിച്ചുവരുന്ന ഭ്രൂണഹത്യകള്‍, വര്‍ഗീയത എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍.
മെത്രാന്‍ സമിതിക്കുവേണ്ടി പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, വൈസ് പ്രസിഡണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് കരിയില്‍ എന്നിവരാണ് ഇടയലേഖനത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.
deshabhimani
No comments:
Post a Comment