Wednesday, February 26, 2014

ഗുജറാത്ത് കലാപത്തിലെ ഇരയും ‘വേട്ടക്കാരനും’ 3ന് തളിപ്പറമ്പില്‍

deshabhimani
ഗുജറാത്ത് കലാപത്തിലെ ഇരയും \"വേട്ടക്കാരനും\" 3ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: ഗുജറാത്ത് കലാപനാളുകളില്‍ മരണം മുന്നില്‍ കണ്ട് ജീവനുവേണ്ടി യാചിക്കുന്ന ഫോട്ടോയിലൂടെ ലോകം ശ്രദ്ധിച്ച കുത്തുബുദ്ദീന്‍ അന്‍സാരിയും വംശീയവൈരവുമായി കുന്തമുയര്‍ത്തി അട്ടഹസിക്കുന്ന ചിത്രത്തിലൂടെ ലോകമറിഞ്ഞ അശോക് മോച്ചിയും ഒരുവേദിയില്‍. മൂന്നിന് തളിപ്പറമ്പില്‍ നടക്കുന്ന "വംശഹത്യയുടെ വ്യാഴവട്ടം" സെമിനാറിലാണ്് ഇരുവരുമെത്തുന്നത്. 2002ല്‍ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ കൂട്ടക്കൊലയ്ക്കിടെ മരണം മുന്നില്‍ക്കണ്ട് ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്റെ ചിത്രം ലോകമെങ്ങും ശ്രദ്ധനേടി. കലാപം അവസാനിച്ചെങ്കിലും സംഘപരിവാര്‍ അന്‍സാരിയെ വീണ്ടും വേട്ടയാടി. ജീവിക്കാനിടമില്ലാതെ പ്രതിസന്ധിയിലായ അന്‍സാരിക്ക് സുരക്ഷയും അഭയവും നലകിയത് പശ്ചിമ ബംഗാള്‍. മരണമെങ്കില്‍ കുടുംബത്തോടൊപ്പമെന്ന ധൈര്യത്തോടെ ജന്മനാട്ടിലേക്കു മടങ്ങിയ കുത്തുബുദ്ദീന്‍ അപ്പോഴേക്കും ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ലോകത്തോട് സംസാരിക്കുന്ന നാവായി മാറി. 

തലയില്‍ കാവി റിബണ്‍ ചുറ്റി, കൈയ്യില്‍ കുന്തവുമേന്തി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചി കലാപത്തിന്റെ പ്രതിരൂപമായി. ദളിതനായ തന്നെ എങ്ങനെയാണ് വംശഹത്യയുടെ ഭാഗമാക്കിയതെന്ന് മോച്ചി പിന്നീട് തിരിച്ചറിഞ്ഞു. ഒരു വീഴ്ചയ്ക്ക് ലോകം തന്നെ വേട്ടക്കാരന്റെ ക്രൂരമുഖത്തിന്റെ പ്രതീകമാക്കിയത് ഈ യുവാവിന് സഹിക്കാനായില്ല. പരസ്യമായി ഇരകളോട് മാപ്പിരന്നു. ജില്ലയിലെ 18 സാംസ്കാരികസംഘടനകള്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ മലയാളത്തില്‍ തയ്യാറാക്കിയ ആത്മകഥ പ്രകാശനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടി കെ ഹംസ, സഹീദ് റൂമി, കെ ടി കുഞ്ഞിക്കണ്ണന്‍, കലീം സിദ്ദിഖി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ചടങ്ങില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ആത്മകഥ രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ മക്കള്‍ക്ക് നല്‍കി പി ജയരാജന്‍ പ്രകാശനം ചെയ്യും. സഹീദ് റൂമിയാണ് പുസ്തകം തയ്യാറാക്കിയത്.

No comments:

Post a Comment