Sunday, February 23, 2014

3 മാസംമുമ്പ് നിശ്ചയിച്ച എ കെ ആന്റണിയുടെ ചടങ്ങും ഉമ്മന്‍ചാണ്ടി ബഹിഷ്കരിച്ചു

സ്റ്റേറ്റ് കോണ്‍ഗ്രസ് പ്ലാറ്റിനം ജൂബിലി പ്രഹസനമായി:

ഡിസിസി സംഘടിപ്പിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബഹിഷ്കരിച്ചു. മൂന്നുമാസംമുമ്പേ പുത്തരിക്കണ്ടത്ത് സമാപനസമ്മേളനം നിശ്ചയിക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ചടങ്ങില്‍നിന്നാണ് മുഖ്യമന്ത്രി വിട്ടുനിന്നത്. കെപിസിസി പ്രസിഡന്റുസ്ഥാനത്തേക്ക് ശത്രുപക്ഷത്തുള്ള വി എം സുധീരനെ ഹൈക്കമാന്‍ഡ് നിയമിച്ചതില്‍ പ്രതിഷേധിച്ച് സോണിയ ഗാന്ധിയെ അടക്കം ബഹിഷ്കരിച്ച് ഹുങ്ക് കാണിക്കുന്ന ഉമ്മന്‍ചാണ്ടി ആന്റണിയെയും ബഹിഷ്കരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡിന്റെ മാനസപുത്രനാണെന്ന ഭാവമുള്ള ആന്റണി അറിയാതെ സുധീരന്‍ കെപിസിസിയുടെ അമരത്തെത്തുകയില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടി, ആന്റണി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയും എ ഗ്രൂപ്പ് അണികളെ പങ്കെടുപ്പിക്കാതെയും ഇരുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആരംഭപരിപാടികളിലെല്ലാം എ ഗ്രൂപ്പും സജീവമായിരുന്നെങ്കിലും സമാപനസമ്മേളനം ഗ്രൂപ്പ് ബഹിഷ്കരണത്തിന്റെ വേദിയായതോടെ ഡിസിസി നേതൃത്വം നാണംകെട്ടു. ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ന്യായീകരിക്കാന്‍ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുകയായിരുന്നു.

എ കെ ആന്റണിയുടെ സാന്നിധ്യത്തിലും അണികള്‍ ആവേശം കാട്ടാതിരുന്നത് പുതിയ കെപിസിസി പ്രസിഡന്റിനും ക്ഷീണമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "വന്നില്ലെങ്കില്‍ പണി പാളും" എന്നുകണ്ട് എത്തിയെങ്കിലും ദേശീയഗാനത്തെപ്പോലും അപമാനിച്ച് അത് തീരാന്‍പോലും കാത്തുനില്‍ക്കാതെ ഇറങ്ങി. പരിപാടിക്കെത്തിയ ആന്റണിയാകട്ടെ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചില്ല. മുഖ്യധാരാ പാര്‍ടികളുടെ നിലപാടാണ് "ആം ആദ്മി" വളര്‍ച്ചയ്ക്ക് സഹായിക്കുന്നതെന്നും ആഞ്ഞുപിടിക്കാതെ ഒരു സീറ്റുപോലും യുഡിഎഫിന് കൂടുതല്‍ കിട്ടില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് അനൈക്യത്തെ വാക്കുകളില്‍ ആവോളം കൊട്ടിക്കൊണ്ടിരുന്നു. ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ അധ്യക്ഷനായി. കുടുംബസഹായനിധി ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിര്‍വഹിച്ചു. സാധാരണക്കാരെ ചൂഷണംചെയ്യുന്ന ശക്തികള്‍ക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഉമ്മന്‍ചാണ്ടിയെ കൊട്ടി സുധീരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. അരാഷ്ട്രീയവാദത്തെക്കുറിച്ചല്ലാതെ ഒന്നും ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍നിന്ന് വന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസുകാരെയും കുടുംബാംഗങ്ങളെയും ആദരിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രി വി എസ് ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.

deshabhimani

No comments:

Post a Comment