Wednesday, February 26, 2014

കൊച്ചിയില്‍ നിക്ഷേപ സംഗമം; മേയര്‍ ലണ്ടനില്‍

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ ലണ്ടനിലോ ദുബായിയിലോ? കോടികള്‍ ചെലവിട്ട് രണ്ട് ദിവസം കൊച്ചിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ പങ്കെടുക്കാതെ മേയര്‍ ടോണി ചമ്മണിയും കുടുംബവും എവിടെയാണ്. ചൊവ്വാഴ്ച മേയറുടെ സുഹൃത്തുക്കളുടെ ഫേസ്ബുക്കില്‍ നിന്നാണ് ടോണി ചമ്മണിയെയും കുടുംബത്തെയും കണ്ടെത്തിയത്. അവര്‍ ലണ്ടനിലാണ്. വാര്‍ത്ത പരന്നതോടെ കൗണ്‍സിലര്‍മാര്‍ക്കും ശ്വാസം നേരെവീണു. അവരോട് പറഞ്ഞ് ദുബായിയില്‍ പോകുന്നുവെന്നായിരുന്നല്ലോ. കോര്‍പ്പറേഷന്റെയും ജിസിഡിഎയുടെയും ബൃഹദ് പദ്ധതികള്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്ന കൊച്ചി സംഗമത്തില്‍ പങ്കെടുക്കാതെ മേയര്‍ പോയതില്‍ വകുപ്പ് മന്ത്രിക്കും അമര്‍ഷം അടക്കാനായില്ലത്രെ. അതും പ്രതിപക്ഷ മേയര്‍മാരുപോലും സംഗമത്തില്‍ പങ്കെടുത്തപ്പോള്‍. കൊച്ചി മേയറില്ലാത്തതിലെ പ്രതിക്ഷേധം മന്ത്രി മഞ്ഞളാംകുഴി അലി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്.

നഗര വികസനത്തിനായി ഫണ്ടിറക്കാന്‍ സ്വകാര്യ മുതലാളിമാര്‍ ഒത്തുചേര്‍ന്ന പാര്‍ട്ണര്‍ കേരളയില്‍ പങ്കെടുക്കാതെ ലണ്ടനില്‍ ഭാര്യസമേതം മേയര്‍ കറങ്ങി നടക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. നഗര വികസന പദ്ധതികളുടെ ഭാഗമായി ലണ്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു മേയറുടെ യാത്രയെന്നാണ് പറയുന്നത്. മാര്‍ച്ച് രണ്ടിനാണ് മേയര്‍ തിരിച്ചെത്തുക. സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയ കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കത്തപ്പോള്‍ മേയര്‍ അടിക്കടി വിദേശ യാത്ര നടത്തുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനം

കൊച്ചി: നിര്‍മാണം പൂര്‍ത്തിയാകാത്ത ഓഫീസിന്റെ ഉദ്ഘാടനം അറിയിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനം. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍നിന്ന് വാര്‍ത്താസമ്മേളനത്തിന് ക്ഷണം ലഭിച്ചതിനെത്തുടര്‍ന്നാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ക്യാമറകള്‍ വാര്‍ത്താസമ്മേളനം നടക്കുന്നിടത്ത് പ്രവേശിപ്പിക്കരുതെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനുപുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് വെളിയില്‍ വരുമെന്നതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കിയതെന്ന ആക്ഷേപം ശക്തമാണ്. ഇതേത്തുടര്‍ന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട്ചെയ്യാതെ മടങ്ങി.

deshabhimani

No comments:

Post a Comment