Sunday, February 23, 2014

സരിതയുടെ ജാമ്യം; പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ചെന്നിത്തല

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് കോടതി നടപടികളുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സരിതയെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ പൊലീസ് അറസ്റ്റ് വാറണ്ട് പൂഴ്ത്തിയെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹോസ്ദുര്‍ഗ് കോടതിയുടെ വാറണ്ട് കൈമാറുന്നതില്‍ പൊലീസിന് വീഴ്ച പറ്റയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. വിഎസിന്റെ കത്ത് ഡിജിപിയ്ക്ക് കൈമാറിയെന്നും സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരിത നായര്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണില്ല. അഭിഭാഷകരുമായി നിയമപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തശേഷം മാത്രം പരസ്യപ്രസ്താവന നടത്തിയാല്‍ മതിയെന്നാണ് സരിതയുടെ തീരുമാനം. ഞായറാഴ്ച പത്രസമ്മേളനം വിളിച്ച് തനിക്ക് പറയാനുള്ളത് പറയുമെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്ന ഉപദേശത്തെതുടര്‍ന്നാണ് സരിത തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

deshabhimani

No comments:

Post a Comment