Tuesday, February 25, 2014

സരിതയുടെ കാഞ്ഞങ്ങാട്ടെ കേസ് പണം നല്‍കി ഒത്തുതീര്‍ത്തു

കാഞ്ഞങ്ങാട്: സരിത എസ് നായര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയിലുണ്ടായിരുന്ന സോളാര്‍തട്ടിപ്പ് കേസ് പിന്‍വലിച്ചു. കോടതിയുടെ വാറണ്ട് നിലനില്‍ക്കേ ജാമ്യത്തിലിറങ്ങി മുങ്ങിയ സരിത പരാതിക്കാരെ സ്വാധീനിച്ച് പണം നല്‍കി കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. പരാതിക്കാരനായ പവര്‍ ഫോര്‍ യു സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ മടിക്കൈ കാരാക്കോട്ടെ മാധവന്‍ നമ്പ്യാരും സരിതയുടെ അഭിഭാഷകരായ പ്രിന്‍സ് തോമസ്, എംഡി ദിലീഷ്കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കേസ് പിന്‍വലിക്കാന്‍ ധാരണയായത്. ലഭിക്കാനുള്ള പണവും പലിശയും നഷ്ടപരിഹാരവുമാണ് കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള ഉപാധികളെന്നാണ് അറിയുന്നത്.

ഒത്തുതീര്‍പ്പിനുശേഷം പ്രിന്‍സ് തോമസ് സരിതയുടെ കോടതി വാറണ്ട് ഒഴിവാക്കിക്കിട്ടാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ പ്രത്യേക ഹര്‍ജി നല്‍കി. തൊട്ടുപിന്നാലെ സീനിയര്‍ സിറ്റിസണ്‍ എന്ന നിലയില്‍ കോടതി വ്യവഹാരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് മാപ്പുനല്‍കി കേസ് സ്വമേധയാ പിന്‍വലിക്കുകയാണെന്ന് കാട്ടി പരാതിക്കാരനായ മാധവന്‍ നമ്പ്യാരും കോടതിയില്‍ ഹര്‍ജി നല്‍കി. പരാതി പരിഗണിച്ച കോടതി കേസ് നടപടി അവസാനിപ്പിച്ചതായി ഉത്തരവിട്ടു. അതേസമയം വാറണ്ട് നിലനില്‍ക്കേ ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെ സരിത ജാമ്യത്തിലിറങ്ങിയത് പുറംലോകമറിഞ്ഞതിന്റെ ജാള്യം മറയ്ക്കാന്‍ സരിതയെ തേടി ഹൊസ്ദുര്‍ഗ് പൊലീസ് തിങ്കളാഴ്ച ചെങ്ങന്നൂരിലെത്തി സരിതയുടെ വീടിന്റെ ചുവരില്‍ വാറണ്ട് പതിച്ച് മടങ്ങി. സരിത തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് കോടതിയിലെത്തുമെന്ന സൂചനയെ തുടര്‍ന്ന് പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകരെല്ലാം കോടതി വളപ്പില്‍ തമ്പടിച്ചിരുന്നു.

പണമെത്തിയവഴി അന്വേഷിക്കില്ലെന്ന് പ്രത്യേക സംഘം

തിരു: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത നായരുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ച് പൊലീസ് അന്വേഷിക്കില്ല. ഹോസ്ദുര്‍ഗ് കോടതി വാറന്റ് പുറപ്പെടുവിച്ച കേസ് ഒന്നേമുക്കാല്‍ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കി. അമ്പലപ്പുഴ കോടതികളിലെ വാറന്റ് കേസുകളും അടുത്തദിവസം ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത കേന്ദ്രങ്ങള്‍ നീക്കം തുടങ്ങി. ജയില്‍മോചിതയായ ദിവസം മുങ്ങിയ സരിത നായര്‍ ഇപ്പോഴും അജ്ഞാതകേന്ദ്രത്തിലാണ്. മന്ത്രിമാര്‍ക്കും മറ്റുമെതിരെ വെളിപ്പെടുത്തല്‍ നടത്തില്ലെന്ന് സരിതയും കോണ്‍ഗ്രസ് നേതാക്കളും ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഈ കരാറിനായുള്ള തുകകൈമാറ്റം പിന്നീട് മതിയെന്നാണ് തീരുമാനം. വാര്‍ത്താസമ്മേളനം നടത്തില്ലെന്ന് സരിത ഉറപ്പുനല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഭരണകക്ഷി എംഎല്‍എ മുഖേനയാണ് ധാരണ. നാലുകോടി രൂപ നല്‍കാമെന്നാണ് വാഗ്ദാനം. രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മാധ്യമപ്രവര്‍ത്തകരെ കാണൂ. അറസ്റ്റ് ഭയന്ന് സരിത ഒളിവില്‍ കഴിയുകയാണെന്നാണ് ഔദ്യോഗികഭാഷ്യം. അഭിഭാഷകനും ഇതാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍, സരിത എവിടെയുണ്ടെന്ന് പൊലീസിന് വ്യക്തമായി അറിയാം. ചെങ്ങന്നൂരിലെ സരിതയുടെ കുടുംബവീട്ടില്‍ ഹോസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പതിച്ച് കബളിപ്പിക്കാനും പൊലീസ് ശ്രമിച്ചു. സരിതയുടെ കുടുംബവീട്ടില്‍ വാറന്റ് പതിച്ച സമയത്തുതന്നെ ഹോസ്ദുര്‍ഗ് കോടതിയിലെ കേസ് ഒത്തുതീര്‍ന്നു. ഇതിന് പണം മുടക്കിയത് ആരെന്നോ കേസ് ഒത്തുതീര്‍പ്പിന് കളമൊരുക്കിയത് ആരെന്നോ അന്വേഷിക്കാന്‍ പൊലീസ് മെനക്കെട്ടില്ല. സരിതയുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍,ഇക്കാര്യം അന്വേഷിക്കേണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. സരിതയ്ക്കെതിരെ 38 കോടതികളിലായി ഉണ്ടായിരുന്ന 46 കേസില്‍ ഭൂരിപക്ഷവും ഒത്തുതീര്‍ത്തിട്ടുണ്ട്. വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയ ഏതാനും കേസുമാത്രമാണ് ഇനിയുള്ളത്. വാങ്ങിയ പണം തിരികെ നല്‍കിയാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന് പ്രത്യേക സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ട ചുമതല ആദായനികുതിവകുപ്പിനാണെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെ സരിതയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷണം നടക്കില്ലെന്ന് വ്യക്തമായി.

deshabhimani

No comments:

Post a Comment