Tuesday, February 25, 2014

സ്കൂള്‍പരീക്ഷയ്ക്കിടെ ശശി തരൂരിന്റെ ഉദ്ഘാടന മാമാങ്കം

കോവളം: സ്കൂളില്‍ പബ്ലിക് പരീക്ഷ നടക്കുന്നതിനിടയില്‍ മന്ത്രി ശശി തരൂരിന്റെ ഉദ്ഘാടന മാമാങ്കം. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്നതിനിടയില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. സ്വകാര്യവിദ്യാലയമായ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് എംപി ഫണ്ടില്‍നിന്ന് മന്ത്രി ശശി തരൂര്‍ അഞ്ച് കംപ്യൂട്ടര്‍ അനുവദിച്ചിരുന്നു. ഇതിന്റെ പേരില്‍ ശശി തരൂര്‍ സ്കൂളിന് കംപ്യൂട്ടര്‍ ലാബ് അനുവദിച്ചതായാണ് പ്രചാരണം. മാസങ്ങള്‍ക്കുമുമ്പ് അനുവദിച്ച കംപ്യൂട്ടറുകള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുതുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരുന്നു.

തിങ്കളാഴ്ച എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍, ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷയും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും നടക്കുന്നതിനിടയിലാണ് കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നടത്തിയത്. യുഡിഎഫ് കക്ഷികളിലെ ജനപ്രതിനിധികളടക്കം പ്രാദേശികനേതാക്കളുടെ നിരയും ഉദ്ഘാടനച്ചടങ്ങിന് എത്തിയിരുന്നു. പരീക്ഷ നടക്കുന്നതിനിടയില്‍ ഇത്തരത്തില്‍ സ്കൂളിനുള്ളില്‍ പരിപാടി സംഘടിപ്പിച്ചതില്‍ രക്ഷിതാക്കളില്‍നിന്ന് അടക്കം പൊതുജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച ശശി തരൂരിന് കോവളം മണ്ഡലത്തിലെ വെങ്ങാനൂര്‍, കല്ലിയൂര്‍, വിഴിഞ്ഞം പ്രദേശങ്ങളിലായി 25 ഉദ്ഘാടനച്ചടങ്ങാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതും അറ്റകുറ്റപ്പണി കാത്തുകിടക്കുന്നതുമായ റോഡുകളാണ് വീണ്ടും ഉദ്ഘാടനംചെയ്യുന്നത്. പലതും പഞ്ചായത്തുതലത്തില്‍ ഉദ്ഘാടനംചെയ്തതാണ്. വെങ്ങാനൂര്‍ ചാവടിനട ജങ് ഷനില്‍ ഉയര്‍ത്തിയിട്ടുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസിന് കംപ്യൂട്ടര്‍ലാബ് അനുവദിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളില്‍ എംപി ഫണ്ടില്‍നിന്ന് ഇതുവരെ ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി എംപി ഫണ്ട് അനുവദിക്കണമെന്ന് നിരവധിതവണ പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഒരു രൂപപോലും അനുവദിച്ചില്ലെന്ന് പിടിഎ ഭാരവാഹികളും പറയുന്നു.

കേന്ദ്രീയവിദ്യാലയ ഓഫീസ് മാറ്റം പിന്‍വലിക്കണം: പി രാജീവ്

കൊച്ചി: കേന്ദ്രീയവിദ്യാലയങ്ങളുടെ മേഖലാ ഓഫീസ് കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ഉടന്‍ പിന്‍വലിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. കേരളം, കവരത്തി, മാഹി എന്നിവിടങ്ങളിലുള്ള 37 സ്കൂളുകളുടെ കേന്ദ്രമായാണ് കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ വ്യക്തിതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് തിരുവനന്തപുരത്തേക്കു മാറ്റിയത്. തരൂരിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രാദേശികമായി നേട്ടമുണ്ടാക്കാനാണ് നീക്കം.

കൊച്ചിയില്‍നിന്ന് ഓഫീസ് മാറ്റുന്നതുസംബന്ധിച്ച് ഒരു പഠനവും ഇതുവരെ നടത്തിയതായി അറിയില്ല. നേരത്തെ ഇതുസംബന്ധിച്ച പ്രചാരണം വന്നതിനെത്തുടര്‍ന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു നീക്കമില്ലെന്നാണ് അറിയിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പു ലാക്കാക്കിയുള്ള നടപടി പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ്. കൊച്ചിയില്‍ സ്വന്തമായി സ്ഥലവും ഓഫീസുമുണ്ടായിരുന്ന കാഷ്യു ബോര്‍ഡ് നേരത്തെ കൊല്ലത്തേക്കു മാറ്റി. അന്ന് ബോര്‍ഡിന്റെ ഒരു മേഖലാ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. കൊച്ചിയിലുള്ള കേന്ദ്രസ്ഥാപനങ്ങളുടെ ഓഫീസുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പറിച്ചുനടുന്ന ഘട്ടത്തില്‍ എറണാകുളത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രി കെ വി തോമസിന്റെ നിശബ്ദത സംശയം ഉളവാക്കുന്നതാണ്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലുള്ളവരുടെ താല്‍പ്പര്യം പരിഗണിച്ച് നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment