Wednesday, February 26, 2014

ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ തിരക്കിട്ട നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ തിരക്കിട്ട നീക്കം. പുതിയ ബാങ്കിങ് ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിശോധിച്ച ബിമല്‍ ജലാന്‍ കമ്മിറ്റി ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കി. തെരഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്കിന് കൈമാറിയതായി ബിമല്‍ ജലാന്‍ സ്ഥിരീകരിച്ചു. ഏതൊക്കെ സ്ഥാപനങ്ങളാണ് പട്ടികയിലുള്ളതെന്ന് വ്യക്തമല്ല.

അനില്‍ അംബാനി ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബജാജ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ എന്നീ സ്വകാര്യസ്ഥാപനങ്ങളും ഇന്ത്യ പോസ്റ്റ്, ഐഎഫ്സിഐ (ഇന്ത്യന്‍ വ്യവസായ വികസന കോര്‍പറേഷന്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമടക്കം 25 അപേക്ഷകരാണ് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.

പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള മാനദണ്ഡം 2013 ഫെബ്രുവരി 22നാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. കുറഞ്ഞത് 500 കോടി മൂലധനം, ആക്ഷേപമില്ലാത്ത ധനകാര്യ പ്രവര്‍ത്തനറെക്കോഡ്, പരമാവധി 49 ശതമാനം വിദേശമൂലധനം എന്നിവയാണ് ലൈസന്‍സിനുള്ള വ്യവസ്ഥകളായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പല കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കും ഇതുപ്രകാരം ലൈസന്‍സ് നല്‍കാനാകില്ല. ബിര്‍ള ഗ്രൂപ്പും റിലയന്‍സുമടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് ആക്ഷേപരഹിതമായ പ്രവര്‍ത്തനറെക്കോഡ് അവകാശപ്പെടാനില്ല. വ്യവസ്ഥകളില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ലക്ഷ്യം നിറവേറ്റാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതുസംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് റിസര്‍വ് ബാങ്ക് കരടുരേഖ പ്രസിദ്ധീകരിച്ചിരുന്നു. പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും തീരുമാനത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് തീരുമാനം വൈകി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോര്‍പറേറ്റ് പ്രീണനം ലക്ഷ്യമിട്ട് ഉടന്‍ ലൈസന്‍സ് നല്‍കാനാണ് ശ്രമം.

കോര്‍പറേറ്റുകള്‍ക്കുമാത്രം ലൈസന്‍സ് നല്‍കാനാണ് ആദ്യം ആലോചിച്ചത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പൊതുമേഖലയില്‍ ഒന്നോ രണ്ടോ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, പൊതുമേഖലയില്‍ പുതിയ ബാങ്കിന് അനുമതി ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ലൈസന്‍സിനായി 26 അപേക്ഷയാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്. ടാറ്റാ സണ്‍സ് അപേക്ഷ പിന്‍വലിച്ചു. 2014 ജനുവരിയില്‍ ലൈസന്‍സ് നല്‍കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. വിദേശബാങ്കുകള്‍ക്ക് ഇന്ത്യയില്‍ ശാഖ തുടങ്ങാന്‍ അനുവദിക്കുന്ന വിഷയത്തില്‍ ഇളവ് നല്‍കാനും നീക്കമുണ്ട്. പൊതുമേഖലാ ബാങ്കുകളെ ദോഷമായി ബാധിക്കുന്ന നയങ്ങളാണ് ഇവ. 27 പൊതുമേഖലാ ബാങ്കുകളും 22 സ്വകാര്യബാങ്കുകളും 56 മേഖലാഗ്രാമീണബാങ്കുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment