Friday, February 28, 2014

സുധീരന്‍ വന്നത് വിലകുറഞ്ഞ പ്രശസ്തിക്ക്: എന്‍എസ്എസ്

പെരുന്ന മന്നം സമാധി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സന്ദര്‍ശിച്ചത് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. മന്നം പൊതുസ്വത്താണെന്നുപറഞ്ഞ് കോണ്‍ഗ്രസുകാര്‍ എന്‍എസ്എസ് നേതൃത്വത്തെ ആക്ഷേപിക്കുകയാണ്. ആര്‍ക്കെങ്കിലും കയറി തോന്ന്യാസം കാട്ടി പോകാവുന്ന സ്ഥലമല്ല അത്. തനിക്കെതിരെയുണ്ടായ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നതായും എന്‍എസ്എസ് നേതൃയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സുകുമാരന്‍നായര്‍ പറഞ്ഞു.

സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുധീരന്റെഭസമീപനത്തില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ വിവരക്കേടാണ്. സുധീരന്റെ അക്കിടി മറയ്ക്കാനാണ് ഇത്തരം ആക്ഷേപം. അനുവാദം ചോദിച്ച് വന്നശേഷം കുറച്ച് ആളുകളെയും കൂട്ടി പുഷ്പാര്‍ച്ചന നടത്തി മടങ്ങി അപമാനിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് മാത്രമായാണ് എത്തിയതെങ്കില്‍ മറ്റുള്ള ആളുകളെപ്പോലെ ക്യൂവില്‍നിന്ന് പുഷ്പാര്‍ച്ചന നടത്തണമായിരുന്നു. 44 വര്‍ഷത്തിനിടെ ആദ്യമായാണ് സമാധിദിനാചരണത്തിന് വി എം സുധീരന്‍ വരുന്നത്. മുമ്പ് മൂന്ന് തവണ സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി മണിക്കൂറുകള്‍ കാത്തിരുന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്‍എസ്എസ് നല്ലനിലയില്‍ സഹായിച്ചിട്ടുമുണ്ട്. സുധീരനും വി ഡി സതീശനും മാത്രമല്ല കോണ്‍ഗ്രസിന്റെ നേതാക്കള്‍. സുധീരന്റെ സന്ദര്‍ശനംമൂലം എന്‍എസ്എസിനല്ല നഷ്ടം. കാര്യങ്ങള്‍ മനസ്സിലാക്കാതെയാകാം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ അഭിപ്രായം പറഞ്ഞതെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

സുകുമാരന്‍നായര്‍ക്ക് വികാരവിക്ഷോഭമെന്ന് സുധീരന്‍

തിരു: തെറ്റിദ്ധാരണയും വികാരവിക്ഷോഭവുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ നയിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാകട്ടെ. നല്ല ബന്ധത്തിനുള്ള സാധ്യതയുണ്ട്. പിണങ്ങി ഇണങ്ങിയാല്‍ ബന്ധം സുദൃഢമാകുമെന്നും സുധീരന്‍ പ്രത്യാശിച്ചു. പെരുന്നയില്‍ പോയപ്പോള്‍ പുഷ്പാര്‍ച്ചനയല്ലാതെ ചര്‍ച്ചയോ കൂടിക്കാഴ്ചയോ ഉദ്ദേശിച്ചിരുന്നില്ല. പോകുന്നതിനുമുമ്പ് സുകുമാരന്‍നായരെ ഫോണില്‍ വിളിച്ചിരുന്നു. പറഞ്ഞ സമയത്തേക്കാള്‍ അല്‍പ്പം വൈകിയാണ് പോയത്. അദ്ദേഹം കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കില്‍ കാണുമായിരുന്നു. കസ്തൂരിരംഗന്‍ വിഷയം കേരളത്തിലെ കത്തുന്ന പ്രശ്നമാണ്. ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ക്കായി തുടര്‍നടപടി സ്വീകരിക്കുമെന്നും സുധീരന്‍ അവകാശപ്പെട്ടു.

"സുകുമാരന്‍ നായര്‍ക്ക് സ്വാര്‍ഥതയെന്ന്"

മലപ്പുറം: കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അധിക്ഷേപിച്ചതിലൂടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സമുദായത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിച്ചതായി എന്‍എസ്എസ് മുന്‍ സംസ്ഥാന ഭാരവാഹിയും നായര്‍ സേവക സമാജം രക്ഷാധികാരിയുമായ മഞ്ചേരി ഭാസ്കരപ്പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തില്‍നിന്നും ഉണ്ടായത്. സ്വാര്‍ഥ താല്‍പ്പര്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നതെന്നും ഭാസ്കരപ്പിള്ള പറഞ്ഞു.

deshabhimani

No comments:

Post a Comment