ജോല(മുസഫര്‍നഗര്‍): മുസഫര്‍നഗറിലെ ജോലയില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് പ്ലാസ്റ്റിക് കസേരയില്‍ ചെങ്കൊടിയുമായി ഇരിക്കുന്ന വൃദ്ധനെ. പേര് ചോദിച്ചപ്പോള്‍ മുഴക്കമുള്ള ശബ്ദത്തില്‍ മറുപടി- കോമ്രേഡ് ബഷീര്‍ അഹമ്മദ്. ബഷീര്‍ അഹമ്മദ് എന്നല്ലേയെന്ന് തിരിച്ചുചോദിച്ചപ്പോള്‍ അഭിമാനപൂര്‍വം വീണ്ടും കോമ്രേഡ് ബഷീര്‍ അഹമ്മദ്. കോമ്രേഡ് എന്ന പദത്തില്‍ വ്യത്യസ്തമായ ഒരു വ്യക്തിത്വം ബഷീര്‍ അഹമ്മദിന് ഇല്ല. ബഷീര്‍ അഹമ്മദിന് വയസ്സ് നൂറ്. 1915ലാണ് ജനം. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ മൊഹര്‍സിങ്ങും സയ്യദും മറ്റും ചേര്‍ന്ന് ഷാംലി തെഹ്സില്‍ ബ്രിട്ടീഷുകാരില്‍നിന്ന് പിടിച്ചെടുന്നതിനെക്കുറിച്ച് മുന്‍ തലമുറ പകര്‍ന്നു നല്‍കിയ ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം വാചാലനാകുന്നു. 1919ല്‍ മുസഫര്‍നഗറില്‍ കോണ്‍ഗ്രസ് ഓഫീസ് തുറക്കുമ്പോള്‍ അദ്ദേഹത്തിന് നാലു വയസ്സ്. ഗാന്ധിജിയും നെഹ്റുവും ലാല്‍ബഹാദൂര്‍ ശാസ്ത്രിയും സുഭാഷ് ചന്ദ്രബോസും സരോജിനി നായിഡുവും മറ്റും മുസഫര്‍നഗറിലെത്തിയത് അദ്ദേഹം ഇന്നുമോര്‍ക്കുന്നു.
മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്കല്ല, കമ്യൂണിസ്റ്റുകാര്‍ക്കാണ് ആത്മാര്‍ഥതയെന്ന് മനസിലാക്കിയാണ് ബഷീര്‍ അഹമ്മദ് കോമ്രേഡായത്. 1938ല്‍ സിപിഐയില്‍ ചേര്‍ന്നു. അന്ന് ജനറല്‍ സെക്രട്ടറി പി സി ജോഷി. അയല്‍ ജില്ലയായ ബാഗ്പത്തിലെ രുദ്രദത്ത് ഭരദ്വാജാണ് അറിയപ്പെടുന്ന കമ്യൂണിസ്റ്റ്നേതാവ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അന്തസ്സോടെയുള്ള ജീവിതം എന്ന ആശയമാണ്ം താന്‍ ജീവിതത്തിലുടനീളം പ്രചരിപ്പിച്ചതെന്നും ബഷീര്‍ അഹമ്മദ് അഭിമാനത്തോടെ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് സ്വാധീനമുള്ളതിനാല്‍ മുസഫര്‍നഗറിലും ജോലയിലും ഒരിക്കലും വര്‍ഗീയ ലഹള നടന്നിരുന്നില്ല. 1947ലെ ഇന്ത്യ-പാക് വിഭജനകാലത്തും മുസഫര്‍നഗര്‍ ശാന്തമായിരുന്നു. രണ്ടു തവണ മുസഫര്‍നഗറിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്തത് കമ്യൂണിസ്റ്റുകാരായിരുന്നു. 1967ല്‍ ലതഫ് അലിഖാനും 1971ല്‍ വിജയ്പാല്‍ സിങ്ങും. പ്രധാനമന്ത്രിയായ ചരണ്‍സിങ്ങിനെയാണ് വിജയ്പാല്‍സിങ് തോല്‍പ്പിച്ചത്. ജാതിരാഷ്ട്രീയം ശക്തമായതോടെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സ്വാധീനം കുറഞ്ഞു. 1964ലെ പിളര്‍പ്പും ശക്തിക്ഷയത്തിന് ആക്കം കൂട്ടി. കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലുണ്ടായ വര്‍ഗീയകലാപം ഉണ്ടാകുമായിരുന്നില്ലെന്നും ബഷീര്‍ അഹമ്മദ് പറഞ്ഞു. മുസഫര്‍നഗറിലെ കലാപബാധിതര്‍ക്ക് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് എത്തുന്നുവെന്നറിഞ്ഞാണ് പ്രായാധിക്യം വകവയ്ക്കാതെ ബഷീര്‍ അഹമ്മദ് എത്തിയത്. ബഷീര്‍ അഹമ്മദിനെ പ്രകാശ് കാരാട്ട് വേദിയില്‍ ആദരിച്ചു.
വി ബി പരമേശ്വരന്‍ deshabhimani
No comments:
Post a Comment