Friday, February 28, 2014

ഇടുക്കിലും വയനാട്ടിലും നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ നാല് വില്ലേജുകളിലും എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വയനാട് ശമ്പളം ലഭിക്കാത്തതിനാല്‍ നാല് ദിവസമായി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന മൂന്ന് പ്രീപ്രൈമറി അധ്യാപികമാരുടെ പ്രശ്നം പരിഹരിക്കണമെന്നതും ഹര്‍ത്താലിന്റെ ആവശ്യമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച കേന്ദ്ര വനം - പരിസ്ഥിതി വകുപ്പുമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കിയേ തീരൂ: പിണറായി

ന്യൂഡല്‍ഹി: മലയോര ജനതയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പഠനം നടത്തി പശ്ചിമഘട്ട മേഖലയേയും മലയോര ജനതയേയും സംരക്ഷിക്കാന്‍ ഉതകുന്ന റിപ്പോര്‍ട്ട് തയ്യാറാക്കണം. അതല്ലാതെ പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് പരിസ്ഥിതി മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് അതിനര്‍ഥം. നവംബര്‍ 13ന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാതെ പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കുമെന്നാണ് കേന്ദ്രനിലപാട്. ഇതൊന്നും പ്രശ്നപരിഹാര മാര്‍ഗമല്ല. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിജ്ഞാപനം റദ്ദാക്കുകയാണ് വേണ്ടതെന്നും പിണറായി വ്യക്തമാക്കി.

കോണ്‍ഗ്രസിന് ആത്മാര്‍കത്ഥതയുണ്ടെങ്കില്‍ വിജ്ഞാപനം റദ്ദാക്കാന്‍ തയ്യാറാകണം. സിപിഐ എം മലയോര ജനതയ്ക്കൊപ്പമാണ്. കേവലം വോട്ടിന്റെ പ്രശ്നമല്ല മലയോര ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ് നിലനില്‍ക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.

കസ്തൂരിരംഗന്‍: കേരള കോണ്‍ഗ്രസിന്റെ അന്ത്യശാസനം

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി ഉടന്‍ ഡല്‍ഹിയ്ക്ക് പോയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. നവംബര്‍ 13ന് കേന്ദ്രം ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യണം. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അനുകൂല നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ് ലിയുടെ നിലപാട് നിരാശാജനകമാണ്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീക്കാന്‍ ഓഫീസ് മെമ്മോറാണ്ടമിറക്കുമെന്ന കേന്ദ്രനിലപാട് സ്വീകാര്യമല്ല. ഓഫീസ് മെമ്മോറാണ്ടത്തിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയോരജനതയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഗുരുതരമായ വിഷയത്തെ കേന്ദ്രം ഗൗരവത്തോടെയല്ല കാണുന്നതെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകും. രണ്ടരക്കൊല്ലമായി മലയോര ജനത ആവശ്യപ്പെടുന്ന പ്രശ്നം പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആശങ്കപ്പെടേണ്ടതില്ല: ഉമ്മന്‍ വി ഉമ്മന്‍

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധസമിതി ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍. റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതിലോല മേഖല നിര്‍ണ്ണയത്തിലെ അപാകത കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment