സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിതാ എസ് നായരെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ പൊലീസ് അറസ്റ്റ് വാറന്റ് പൂഴ്ത്തി. കേസ് ഒത്തുതീര്‍ക്കാന്‍ വിവിധ കോടതികളില്‍ കെട്ടിവച്ച തുകയുടെ സ്രോതസ്സ് അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും പ്രത്യേക അന്വേഷണസംഘം തള്ളി. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന വിവരമൊന്നും പുറത്തുപറയാതിരിക്കാന്‍ ഭരണകക്ഷി നേതാക്കള്‍ സരിതയുമായി ദൂതന്മാര്‍വഴി ബന്ധപ്പെട്ടു. നാലുകോടി രൂപയ്ക്കാണ് വിലപേശല്‍ നടത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എറണാകുളം ജില്ലയിലെ ഭരണകക്ഷി എംഎല്‍എയാണ് ദൂതരെ അയച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ മാധ്യമങ്ങളോട് എല്ലാം തുറന്നുപറയുമെന്ന് അറിയിച്ച സരിത ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തും. വെള്ളിയാഴ്ച രാത്രി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മാന്നാറിലെ ഭാര്യവീട്ടില്‍ തങ്ങിയ സരിതയുമായി ഭരണകക്ഷി നേതാക്കള്‍ ശനിയാഴ്ച രാവിലെ ഒത്തുതീര്‍പ്പിലെത്തി.
നാലു കോടി രൂപ സരിതയുടെ വിശ്വസ്തന് കൈമാറിയാലുടന്‍ സരിത വാര്‍ത്താലേഖകരെ കാണും. ഒത്തുതീര്‍പ്പ് ലംഘിച്ചാല്‍ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിക്കുമെന്ന് സരിത മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജനുവരി 31ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റാണ് പൊലീസ് മുക്കിയത്. അറസ്റ്റ് വാറന്റ് കോടതി ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറിയെങ്കിലും ഈ വിവരം ജയിലില്‍ അറിയിച്ചില്ല. കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നുപേരില്‍നിന്ന്കാറ്റാടിയന്ത്രം നല്‍കാമെന്നു പറഞ്ഞ് ഒന്നേമുക്കാല്‍ കോടി തട്ടിയ കേസിലാണ് വാറന്റ് നിലവിലുള്ളത്. നേരത്തെ സരിതയും ബിജു രാധാകൃഷ്ണനും കേസില്‍ ജാമ്യം നേടിയിരുന്നെങ്കിലും 31ന് കേസ് പരിഗണിച്ച വേളയില്‍ കോടതിയില്‍ ഹാജരായില്ല. കേസ് മാര്‍ച്ച് 24ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇക്കാര്യം മറച്ചുവച്ച് സരിതയ്ക്ക് പുറത്തിറങ്ങാന്‍ പൊലീസ് അവസരമൊരുക്കി.
സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സരിത 12.85 ലക്ഷംരൂപ കൊടുത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, കേസുകള്‍ തീര്‍ക്കുന്നതിനും ജാമ്യത്തുക കെട്ടിവയ്ക്കാനുമായി ആറു കോടി രൂപ ചെലവഴിച്ചതായാണ് വിവരം. 6.86 കോടി രൂപയുടെ തട്ടിപ്പ് സരിതയും കൂട്ടരും നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ സരിത ചെലവഴിച്ച തുക കഴിച്ച് ബാക്കി കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കേസുകള്‍ തീര്‍ക്കുന്നതിനും മറ്റുമായി ചെലവഴിച്ച തുകയുടെ സ്രോതസ്സ് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഇക്കാര്യത്തില്‍ ഒരു തുടരന്വേഷണത്തിനും പൊലീസ് തയ്യാറായില്ല. സരിത തങ്ങിയ മാന്നാറിലെ വീടിന് വെള്ളിയാഴ്ച രാത്രി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ സരിതയും മറ്റും ഇവിടെനിന്ന് മുങ്ങി. ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് സരിതയെ മാറ്റിയത്. എറണാകുളത്തെ ഭരണകക്ഷി എംഎല്‍എയാണ് ഇതിനുള്ള ഏര്‍പ്പാട് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിനല്‍കാതിരിക്കാനാണ് സരിതയ്ക്ക് വന്‍ തുക വാഗ്ദാനംചെയ്തത്.
കേസുകള്‍ ഒത്തുതീര്‍പ്പാക്കിയശേഷം ബാക്കി തുക നല്‍കണമെന്നായിരുന്നു സരിതയുടെ ആവശ്യം. ഇതേത്തുടര്‍ന്നാണ് മന്ത്രിമാര്‍ക്കെതിരെയുള്ള മൊഴിയില്‍ സരിത മാറ്റംവരുത്തിയത്. എറണാകുളം മജിസ്ട്രേട്ടിനോട് നടത്തിയ വെളിപ്പെടുത്തല്‍ അദ്ദേഹം രേഖപ്പെടുത്തിയില്ല. ഉന്നത ഇടപെടലിനെത്തുടര്‍ന്ന് പിന്നീടിത് നാലുപേജായി ചുരുങ്ങി.
2 ദിവസത്തിനകം വെളിപ്പെടുത്തല്‍ : സരിത
തിരു: ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. അകന്ന ചില ബന്ധുക്കള്‍ മാത്രമാണ് സഹായിച്ചത്. മക്കളെയും അമ്മയെയും കണ്ടിട്ട് ഒമ്പതു മാസമായെന്നും ആദ്യം അവരെ കാണണമെന്നും സരിത പറഞ്ഞു. തുടര്‍ന്ന്, അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ കാറില്‍ കൊല്ലത്തെ വീട്ടിലേക്ക് പോയി.
അമ്മയും മക്കളും സരിതയെ കൊണ്ടുപോകാന്‍ എത്തിയിരുന്നു. തുടര്‍ന്ന് സരിതയും കുടുംബവും ആലപ്പുഴ മാന്നാറിലുള്ള അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ ഭാര്യവീടായ കുളത്തികാരാഴ്മ വലിയപറമ്പില്‍ വീട്ടിലേക്ക് പോയി. വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ സരിത വിസമ്മതിച്ചു. സരിത 10 ദിവസം ഇവിടെ കാണുമെന്നും രണ്ടുദിവസത്തിനകം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഫെനി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള വഴിയില്‍ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ കാര്‍ നിര്‍ത്തി ഫെനി ബാലകൃഷ്ണന്‍ കണ്ടു. ദയവായി തങ്ങളെ പിന്തുടരുന്നത് നിര്‍ത്തണം. സരിതയുടെ സ്വകാര്യതയ്ക്ക് തടസ്സം ഉണ്ടാകരുതെന്ന് ഫെനി പറഞ്ഞു.
deshabhimani
No comments:
Post a Comment