മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി ഇടപാടില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന് മികച്ച സേവനത്തിനുള്ള റവന്യൂ അവാര്‍ഡ്. തിരുവനന്തപുരം കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ടായ ഖലില്‍ ഉര്‍ റഹ്മാനാണ് വകുപ്പിന്റെ ആദരം. സലിംരാജിന്റെ നേതൃത്വത്തില്‍ നടന്ന കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ ഈ ഉദ്യോഗസ്ഥന്‍ ചരടുവലിച്ചുവെന്ന് ആരോപണം നിലനില്‍ക്കെയാണ് അവാര്‍ഡ്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് വിജെടി ഹാളില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങിന്റെ മുഖ്യ സംഘാടകനും അവതാരകനും ഈ ഉദ്യോഗസ്ഥനായിരുന്നു. ശശി തരൂരിന്റ മുന്‍ പിഎ ആയിരുന്ന ഇയാള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയതെന്ന് ആര്‍ക്കും അറിയില്ല. റവന്യൂ ദിനാചരണത്തിന്റെ പേരില്‍ പ്രഖ്യാപിച്ച അവാര്‍ഡുകളെപ്പറ്റി രൂക്ഷമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. വകുപ്പ് മന്ത്രിയായ അടൂര്‍ പ്രകാശിന്റെ ഓഫീസ് ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് വീതിച്ചു നല്‍കുകയായിരുന്നു. മന്ത്രിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ എല്ലാ ഓഫീസുകളിലും സ്ഥാപിക്കണമെന്ന ഉത്തരവിറക്കിയ ഉദ്യോഗസ്ഥയ്ക്ക് മികച്ച അസിസ്റ്റന്റ് കമീഷണര്‍ക്കുള്ള അവാര്‍ഡും നല്‍കി. സംസ്ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുത്ത എം സി മോഹന്‍ദാസ് അവാര്‍ഡ് നിര്‍ണയസമിതിയില്‍ ഉണ്ടായിരുന്നു എന്നതും കൗതുകമായി.
മലപ്പുറം കലക്ടറായിരുന്ന കാലത്തെ സേവനം പരിഗണിച്ചാണത്രെ അവാര്‍ഡ്. മലപ്പുറത്തെ ഇപ്പോഴത്തെ കലക്ടര്‍ കെ ബിജുവിന് "സമാശ്വാസ" അവാര്‍ഡും നല്‍കി. അവാര്‍ഡ് ദാനച്ചടങ്ങ് കഴിഞ്ഞ് പ്രത്യേക വാര്‍ത്താക്കുറിപ്പിലാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ഡെപ്യൂട്ടി കലക്ടറുടെ അവാര്‍ഡ് നേടിയ എം ടി മാത്യു പുരസ്കാരത്തിന് സ്വയം പേര് നിര്‍ദേശിക്കുകയായിരുന്നു. കലക്ടറുടെ ചുമതല വഹിച്ച സമയത്താണ് അവാര്‍ഡിനുള്ള ഫയല്‍ അയച്ചത്. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുകയും ലക്ഷ്യം കാണാത്തതുമായ ഭൂരഹിതകേരളം പദ്ധതിയുടെ പേരിലും വിശ്വസ്തര്‍ക്ക് വകുപ്പ് മന്ത്രി അവാര്‍ഡ് നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പേരില്‍ ഭൂരഹിതരെ കബളിപ്പിക്കുകയാണ്. ആവശ്യമായ ഭൂമിപോലും കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയ ഭൂമിയാകട്ടെ വാസയോഗ്യവുമല്ല.
deshabhimani
No comments:
Post a Comment