വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സീറ്റ് വിഭജനം ഘടകകക്ഷികളില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് പ്രതിസന്ധിയിലേക്ക്. കേരള കോണ്‍ഗ്രസ് എമ്മും എം പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരിക്കുകയാണ്. രണ്ടുകൂട്ടരും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ക്കുമേലാണ് കൈവച്ചിരിക്കുന്നത്. ഇടുക്കി സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിലും കേരളാകോണ്‍ഗ്രസ് എമ്മിലും വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മണ്ഡലം വിട്ടുകിട്ടാന്‍ ജോസഫ്ഗ്രൂപ്പ് ശക്തമായ സമ്മര്‍ദം ചെലുത്തുന്നു.
അതേസമയം സിറ്റിങ് എംപി കോണ്‍ഗ്രസിലെ പി ടി തോമസ് സ്ഥാനാര്‍ഥിത്വം സ്വയംപ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. ഇടുക്കി തങ്ങള്‍ക്ക് വിട്ടുകിട്ടുന്നില്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് ബദലായി മത്സരിക്കുമെന്ന് കേരളാകോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയും ജോസഫ് വിഭാഗക്കാരനുമായ ആന്റണി രാജു ഞായറാഴ്ച തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. 1996ല്‍ കടുത്തുരുത്തിയില്‍ യുഡിഎഫ് ജേക്കബ് ഗ്രൂപ്പിന്് സീറ്റ് നല്‍കിയതിനെതിരെ മാണിഗ്രൂപ്പ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചു. ഇടുക്കി തങ്ങള്‍ക്ക് കിട്ടുന്നില്ലെങ്കില്‍ ഈ ചരിത്രം ആവര്‍ത്തിക്കുമെന്ന് ആന്റണി രാജു പറഞ്ഞത് താക്കീത് സ്വരത്തിലാണ്. ആന്റണി രാജുവിന്റെ ഈ പരസ്യനിലപാട് സ്വമേധയാ ഉള്ളതല്ലെന്ന് വ്യക്തമാണ്. ഇടുക്കി സീറ്റിനായുള്ള ജോസഫ് വിഭാഗത്തിന്റെ ആവശ്യം ആന്റണി രാജുവിനെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തില്‍ കേരളകോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ് ഗ്രൂപ്പ് തര്‍ക്കം ശക്തമായി.
ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ മാണിയും പി സി ജോര്‍ജും ഉടന്‍ രംഗത്തെത്തി. മുന്നണി സംവിധാനത്തിനുള്ളില്‍നിന്നുള്ള മത്സരത്തിനേ പാര്‍ടിയുള്ളൂവെന്നും മറ്റുമുള്ള വാദങ്ങള്‍ അപ്രസക്തമാണെന്നും മാണി പറഞ്ഞു. ആന്റണി രാജുവിന്റേത് കേവലം വികാരപ്രകടനംമാത്രമാണെന്നായിരുന്നു പി സി ജോര്‍ജിന്റെ പരിഹാസം. ഇടുക്കി സീറ്റിനുവേണ്ടി കെ എം മാണി ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന് അത് വഴിവച്ചാലും അത്ഭുതപ്പെടാനില്ല. അത്ര സമ്മര്‍ദമാണ് ജോസഫില്‍നിന്ന് മാണിക്കുള്ളത്. ഇതിന്റെ അനുബന്ധമെന്നോണമുള്ള സമ്മര്‍ദം കോണ്‍ഗ്രസും നേരിടുന്നു.
മലയോര ജനതയെ ഒന്നടങ്കം ബാധിക്കുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പി ടി തോമസിനെ കത്തോലിക്ക സഭാ നേതൃത്വം അനഭിമതനായി പ്രഖ്യാപിച്ചു. ഈ പഴുതുംകൂടി മുതലാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം. കേരള കോണ്‍ഗ്രസ് എമ്മിന് എംപിയായി തന്റെ മകന്‍ ജോസ് കെ മാണി മതിയെന്ന ആഗ്രഹമാണ് മാണിക്കുള്ളതെന്ന് ജോസഫ് വിഭാഗം അടക്കം പറയുന്നു. കേന്ദ്രത്തില്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനത്തിന് സാധ്യതയുണ്ടായാല്‍, അതിന് ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലെ മുതിര്‍ന്ന ഒരാള്‍ വരുന്നത് ജോസ് കെ മാണിക്ക് ഭീഷണിയാകുമെന്നും മാണി കരുതുന്നു. അതുകൊണ്ട് ഇടുക്കി സീറ്റുകൂടി ആവശ്യമില്ലെന്ന നിലപാടിലാണ് മാണി എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആക്ഷേപം.
വടകരസീറ്റിന്റെ കാര്യത്തില്‍ വീരേന്ദ്രകുമാര്‍ കാര്‍ക്കശ്യം തുടരുന്നു. തനിക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് സ്വയംപ്രഖ്യാപിച്ച് നിലവിലെ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയ്ക്കുവേണ്ടി ഉറച്ച നിലപാടിലാണ്. കോഴിക്കോട്, വയനാട് ഡിസിസികള്‍ വീരേന്ദ്രകുമാറിന്റെ അവകാശവാദത്തെ എതിര്‍ക്കുന്നു. വീരേന്ദ്രകുമാറിനെ പിണക്കാനിഷ്ടപ്പെടാത്ത മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അയഞ്ഞനിലപാട് സ്വീകരിക്കുന്നതിനെതിരെ ഇരു ഡിസിസികള്‍ക്കും പ്രതിഷേധമുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന് സീറ്റ് വിഭജന കാര്യത്തില്‍ കാര്യമായ റോള്‍ നല്‍കാതെ ഒതുക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നുണ്ട്. ഘടകകക്ഷികള്‍ക്ക് സീറ്റ് വിട്ടുകൊടുക്കരുതെന്ന ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദേശവും ഉമ്മന്‍ചാണ്ടി കാര്യമാക്കുന്നില്ല.
deshabhimani
No comments:
Post a Comment