Monday, February 24, 2014

പട്ടാളഭരണത്തിന് വിദൂരസാധ്യത പോലുമില്ല: ആന്റണി

ഇന്ത്യന്‍ ഭരണം പട്ടാളം പിടിച്ചെടുക്കാനുള്ള വിദൂര സാധ്യതപോലുമില്ലെന്നും ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ തീര സംരക്ഷണസേന ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാളവുമായി ഏഴുവര്‍ഷത്തിലേറെയായി നിരന്തരം ബന്ധപ്പെടുന്നു. ഭരണം പിടിക്കാന്‍ പട്ടാളം ശ്രമിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. സര്‍ക്കാരിന്റെ നയപരമായ തീരുമാനം അക്ഷരംപ്രതി നടപ്പാക്കുന്നവരാണിവര്‍. 2012-ല്‍ പാര്‍ലമെന്റിലേക്ക് ഇന്ത്യന്‍പട്ടാളം മാര്‍ച്ച് നടത്തിയെന്നതരത്തില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിന്റെ വെളിപ്പെടുത്തലുണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തി ആരോപണം തെറ്റെന്ന് കണ്ടെത്തി. ഇന്ത്യന്‍ പട്ടാളത്തിന്റെ സാധാരണയായുള്ള നടപടിക്രമം മാത്രമാണ് അന്നുണ്ടായത്.

ചൈനയുമായി പത്ത് കേന്ദ്രങ്ങളില്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി സൗഹാര്‍ദപരമാണ്. കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകും. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. മുംബൈ സംഭവത്തിനുശേഷം തീരസുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി 48 സ്റ്റാറ്റിക്സ് കോസ്റ്റല്‍ റഡാര്‍ സംവിധാനം സ്ഥാപിച്ചു. 38 റഡാര്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment