ഇടതുപക്ഷം മുന്‍കൈയെടുത്ത് മൂന്നാംമുന്നണി രൂപീകരിക്കുന്നത് വര്‍ഗീയ ശക്തികളെ സഹായിക്കാനാണെന്ന് കെപിസിസിയുടെ അഭിനവ പ്രസിഡണ്ട് അധികാരമേറ്റെടുത്തതുമുതല്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. മൂക്കിനപ്പുറം കാഴ്ചയില്ലാത്ത ഒരു നേതാവാണ് സുധീരന്‍ എന്ന് പറയാനാവില്ല. ഈ ആക്ഷേപമുന്നയിക്കുന്നത് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആഭിമുഖ്യം നേടിയെടുക്കുന്നതിനുവേണ്ടിയാണ്. ഒപ്പം കേരളത്തില്‍ ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നതിന് മറയിടുക എന്ന ലക്ഷ്യവുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രമറിയുന്നവര്‍ ആരുംതന്നെ സുധീരന്റെ ഈ ആക്ഷേപത്തെ കണ്ണുമടച്ച് വിഴുങ്ങാന്‍ തയ്യാറാവില്ല.
കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളായിരുന്നല്ലോ ലാലാ ലജ്പത്റായിയും പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും. രണ്ടുപേരും ഹിന്ദു മഹാസഭയുടെ നേതാക്കന്മാരുമായിരുന്നു. ജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റുവിന്റെ ക്യാബിനറ്റില്‍ അംഗമായിരുന്നയാളാണ്. നെഹ്റുവിന്റെ ക്യാബിനറ്റില്‍ വരുന്നതിന് തൊട്ടുമുമ്പ് അദ്ദേഹവും ഹിന്ദു മഹാസഭക്കാരനായിരുന്നു. ഗാന്ധിവധത്തിനുശേഷം നിരോധിക്കപ്പെട്ട ആര്‍എസ്എസിനെ അപ്പാടെ കോണ്‍ഗ്രസിലെടുക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡായിരുന്നു. വിദേശ പര്യടനത്തിലായിരുന്ന നെഹ്റു തിരിച്ചുവന്ന് ശക്തിയായ എതിര്‍പ്പ് രേഖപ്പെടുത്തിയതുകൊണ്ടു മാത്രമാണ് ആ തീരുമാനം നടപ്പിലാവാതെ പോയത്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും കെപിസിസിയുടെ പ്രസിഡണ്ടുമായിരുന്ന ആര്‍ ശങ്കര്‍ "ഹിന്ദു മണ്ഡലം" രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന കാര്യം സുധീരന് നിഷേധിക്കാനാവുമോ? ഹിന്ദു മണ്ഡലം വിട്ടുവന്നതിനുശേഷം അദ്ദേഹത്തിനെ മുഖ്യമന്ത്രിപദവിയില്‍ ഇരുത്തിയവരല്ലേ കോണ്‍ഗ്രസുകാര്‍. ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കാന്‍ എല്ലാ ജാതിമത ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെ ചരിത്രവും കോണ്‍ഗ്രസിന് സ്വന്തം.
ഗാന്ധിവധത്തെ തുടര്‍ന്ന് മാനംകെട്ടു നിന്നിരുന്നതും രാഷ്ട്രീയരംഗത്തുതന്നെ അപ്രസക്തമായിരുന്നതുമായ ആര്‍എസ്എസിനെ ഇന്ത്യാ-ചൈന യുദ്ധമുണ്ടായപ്പോള്‍ പൊക്കിയെടുത്ത് മാമോദീസമുക്കി ദേശസംരക്ഷക പ്രസ്ഥാനത്തിന്റെ ചുമതലയേല്‍പിച്ചുകൊടുത്തത് നെഹ്റുവായിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ആര്‍എസ്എസ് പിന്നീട് നിലപാടുമാറ്റുകയും ഇരുപതിന പരിപാടിക്കും അഞ്ചിനപരിപാടിക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസിന് പരസ്യമായിത്തന്നെ പിന്തുണ നല്‍കാനും ആര്‍എസ്എസ് തയ്യാറായി.
രാജീവിന്റെ കാലമായപ്പോഴേക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ മാറിമാറി പ്രീണിപ്പിക്കുക എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ഷാബാനുകേസിലെ സുപ്രീംകോടതി വിധി മുസ്ലീം വ്യക്തി നിയമത്തിനെതിരാണെന്ന് വാദിച്ച ഇസ്ലാമിക മൗലികവാദികളെ പ്രീണിപ്പിക്കുന്നതിന് നിയമ ഭേദഗതി വരുത്തിയ രാജീവ്ഗാന്ധി, മറുഭാഗത്ത് നെഹ്റുവിന്റെകാലത്ത് അടച്ചുപൂട്ടിയിരുന്ന ബാബറി മസ്ജിദിനകത്തെ തര്‍ക്കപ്രദേശം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് അവരെയും പ്രീണിപ്പിച്ചു. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുമ്പായി ഭൂമിപൂജയ്ക്കും ശിലാസ്ഥാപനത്തിനും അനുമതികൊടുത്തതും രാജീവ്തന്നെ. 1992 ഡിസംബര്‍ ആറിന് ബാബറിമസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ നരസിംഹറാവു ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നുവെന്ന കാര്യവും സുധീരന് അറിയാത്തതല്ല. മതനിരപേക്ഷതയുടെ കേന്ദ്രമെന്ന് വിളിക്കാവുന്ന ശിവഗിരിയില്‍ നരേന്ദ്രമോഡി ആദരിക്കപ്പെട്ടതിനും സുധീരന്റെ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായിരുന്നില്ല.
കാലാകാലം കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിയുടെ വോട്ടുവില്‍പന ഒരു ഘടകമാണ്. ബിജെപി നേതാക്കള്‍തന്നെ ഇത് സമ്മതിച്ചിട്ടുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിയാണ് വിറ്റതെങ്കില്‍ വാങ്ങിയത് സുധീരന്റെ കോണ്‍ഗ്രസായിരുന്നു. ആ പാര്‍ടിയുടെ നേതാവാണോ ഇപ്പോള്‍ ഇടതുപക്ഷം മൂന്നാം മുന്നണിയുണ്ടാക്കുന്നത് വര്‍ഗീയശക്തികളെ സഹായിക്കാനാണെന്ന് പറയുന്നത്?
കെ എ വേണുഗോപാലന്‍ chintha weekly
No comments:
Post a Comment