Sunday, February 23, 2014

പൊതുമേഖല സംരക്ഷിക്കാന്‍ 25ന് തൊഴിലാളി-ബഹുജന കണ്‍വന്‍ഷന്‍

കൊച്ചി: ജില്ലയിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25ന് വൈകിട്ട് അഞ്ചിന് എറണാകുളം രാജേന്ദ്ര മൈതാനത്ത് തൊഴിലാളി-ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ വികസനവിരുദ്ധ നയങ്ങളും സ്വകാര്യവല്‍ക്കരണവുംമൂലം ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ട്, എച്ച്എംടി, എച്ച്ഒസി, കൊച്ചി തുറമുഖ ട്രസ്റ്റ്, കപ്പല്‍ നിര്‍മാണശാല തുടങ്ങിയവ വന്‍ പ്രതിസന്ധിയിലാണ്. ഇക്കാര്യത്തില്‍ ഇടപെടാതെയുള്ള സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായ എ കെ പത്മനാഭന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, ട്രഷറര്‍ കെ എം സുധാകരന്‍, സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, പി രാജീവ് എംപി, സിഐടിയു ജില്ലാ പ്രസിഡന്റ് കെ ജെ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഫാക്ടിന്റെ പ്രതിസന്ധി ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. നവീകരണത്തിന് ആവശ്യമായ പദ്ധതികളൊന്നും സമഗ്രമായി ആവിഷ്കരിച്ചു നടപ്പാക്കാന്‍ കഴിയുന്നില്ല. പ്രധാന പ്ലാന്റുകളായ കാപ്രോലാക്ടം, അമോണിയ എന്നിവയുടെ ഉല്‍പ്പാദനം നിലച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷമായി ഫാക്ടിനു വേണ്ടി ഒന്നും ചെയ്തില്ല. ഫാക്ടിനുവേണ്ടി 900 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഉറപ്പു ലഭിച്ചെന്ന കേന്ദ്ര സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. ഇതുവരെ ഇതിനുള്ള നടപടിയൊന്നും ധനകാര്യമന്ത്രാലയം സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ എന്തു പ്രഖ്യാപിച്ചാലും ഉടന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും. ഇതിന്റെ മറവില്‍ പ്രഖ്യാപിച്ചത് നടപ്പാക്കില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍കൊണ്ട് ഇനി സാധിക്കൂ.

മെഷീന്‍ ടൂള്‍ രംഗത്തെ ഇന്ത്യയിലെതന്നെ മികച്ച സ്ഥാപനമായ എച്ച്എംടി ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തനമൂലധനമില്ലാതെ നട്ടംതിരിയുകയാണ്. പ്രതിരോധം, ആണവോര്‍ജം എന്നീ മേഖലകളില്‍നിന്നുള്ള 335 കോടി രൂപയുടെ ഓര്‍ഡര്‍ കൈവശമുണ്ടായിട്ടും പ്രവര്‍ത്തനമൂലധനം ഇല്ലാത്തതിനാല്‍ ഇത് നടപ്പാക്കാനാവുന്നില്ല. തൊഴിലാളികള്‍ക്ക് 1992 മുതല്‍ വേതന പരിഷ്കാരം നടത്തിയിട്ടുമില്ല. നാലുവര്‍ഷത്തിലേറെയായി ഇവിടെ തൊഴിലാളികള്‍ സമരത്തിലുമാണ്. അമ്പലമുകളിലെ എച്ച്ഒസി കമ്പനി കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയത്തിന്റെ ഇരയാണ്. ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്ത അവസ്ഥയാണ്. സ്ഥാപനത്തെ രക്ഷിക്കാന്‍ ഇവിടെയുള്ള തൊഴിലാളികള്‍ രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുകയാണ്.

സ്വകാര്യവല്‍ക്കരണ നയങ്ങള്‍മൂലം പ്രതിസന്ധിയിലായ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കൊച്ചി തുറമുഖ ട്രസ്റ്റ്. കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്നുള്ള വാര്‍ഷികവരുമാനം 62 കോടിയായിരിക്കെ കപ്പല്‍ചാല്‍ ഡ്രഡ്ജ് ചെയ്യുന്നതിനായി വര്‍ഷംതോറും ചെലവാകുന്നത് 112 കോടി രൂപയാണ്. എല്‍എന്‍ജി പദ്ധതി കമീഷന്‍ചെയ്തിട്ടും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇവിടത്തെ പ്രധാന യൂണിയന്റെ പ്രസിഡന്റ് കേന്ദ്രമന്ത്രി വയലാര്‍ രവിയാണ്. അദ്ദേഹം ഒന്നും സ്ഥാപനത്തിനായി ചെയ്യുന്നില്ല. കൊച്ചി കപ്പല്‍നിര്‍മാണശാലയ്ക്കുവേണ്ടിയും സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല. നാവികസേനയുടേതുള്‍പ്പെടെ പ്രതിരോധവിഭാഗത്തില്‍നിന്നുള്ള ഓര്‍ഡറുകളൊന്നും ഇവിടെ ലഭിക്കുന്നില്ല. ഇവയൊക്കെ സ്വകാര്യമേഖലയ്ക്കാണ് നല്‍കുന്നത്. കൂടാതെ കൊച്ചിയിലും വിഴിഞ്ഞത്തും സ്വകാര്യമേഖലയില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ഇത് കൊച്ചി കപ്പല്‍ നിര്‍മാണശാലയ്ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കും.

കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടെങ്കിലും സംസ്ഥാനത്തിന് ഒരു പ്രയോജനവുമില്ല. എറണാകുളം എംപികൂടിയായ കേന്ദ്രസഹമന്ത്രി കെ വി തോമസ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നം കണ്ടഭാവം നടിക്കുന്നില്ല. അടിസ്ഥാനരഹിതമായ കുറേ പ്രഖ്യാപനങ്ങള്‍ മാത്രമാണ് അദ്ദേഹം നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അനുകൂല നടപടിയെടുപ്പിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് കഴിയുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധമാവും കണ്‍വന്‍ഷന്‍.

ഫാക്ട് സമരം ശക്തമാക്കുന്നു

കളമശേരി: ഫാക്ടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 23 ദിവസമായി നടക്കുന്ന അനിശ്ചിതകാല നിരാഹാരമുള്‍പ്പടെയുള്ള സമരപരിപാടികള്‍ ശക്തമാക്കാന്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയും സമരസഹായസമിതിയും തീരുമാനിച്ചു. ഫാക്ടിന്റെ സാമ്പത്തിക പാക്കേജ് 19ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും പരിഗണനയ്ക്കു വന്നിട്ടില്ല. സാമ്പത്തികകാര്യ ഉപസമിതി പാക്കേജ് അംഗീകരിച്ച് നല്‍കാത്തതുകൊണ്ടാണിത്. എല്‍എന്‍ജിയുടെ വാറ്റ് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗത്തിലും ഉണ്ടായിട്ടില്ല. ഈ സാഹചത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഫാക്ട് ഗേറ്റിനുമുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ടി എ മാര്‍ഷലിന് അഭിവാദ്യമര്‍പ്പിച്ച് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എ വേണുഗോപാല്‍, നേതാക്കളായ ടി ആര്‍ മോഹനന്‍, പി ഗോപകുമാര്‍, പി വി ശ്രീവിജി, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി പി ജി ശശീന്ദ്രന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാക്കളായ കെ എന്‍ ദിവാകരന്‍, ശ്യാംദാസ്, ഹരിവിജയന്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനകള്‍ പ്രകടനമായെത്തി സത്യഗ്രഹിയെ അഭിവാദ്യംചെയ്തു.

സമരത്തിന്റെ ഭാഗമായി സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ നാലുവരെ സെക്രട്ടറിയറ്റിനുമുന്നില്‍ സത്യഗ്രഹം നടത്തും. കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എ, കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള, തൊഴിലാളി സംഘടന നേതാക്കളായ കെ എന്‍ രവീന്ദ്രനാഥ്, എ സി ജോസ്, അഡ്വ. കെ പി ഹരിദാസ്, അജയ് തറയില്‍, കാനം രാജേന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍, അഡ്വ. എ എന്‍ നഗരേഷ്, പി രാജു, കെ വിജയന്‍പിള്ള, ഓഫീസര്‍മാരുടെ സംഘടനാനേതാക്കളായ എ എസ് കേശവന്‍ നമ്പൂതിരി, ഒ ജയതിലകന്‍, മനോജ് ബാബു തുടങ്ങിയവരും സമര സഹായസമിതി നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും. ഫാക്ടിന് 991.9 കോടിയുടെ സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കുക, മറ്റ് രാസവളശാലകള്‍ക്ക് നല്‍കുന്ന വിലയില്‍ ഫാക്ടിനും എല്‍എന്‍ജി ലഭ്യമാക്കുക, എല്‍എന്‍ജിയുടെ വാറ്റ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, വി ഡി സതീശന്‍, സി ദിവാകരന്‍, തമ്പാനൂര്‍ രവി, സി ശിവന്‍കുട്ടി, ആന്റണി രാജു, സി മായിന്‍ഹാജി തുടങ്ങിയവര്‍ സംസാരിക്കും.

deshabhimani

No comments:

Post a Comment