Sunday, February 23, 2014

ചന്ദ്രശേഖരന്‍ കേസ്: 12 പേര്‍ അപ്പീല്‍ നല്‍കി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 12 പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വസ്തുതകളും സാക്ഷിമൊഴികളും ശരിയായി പരിശോധിക്കാതെയാണ് വിചാരണക്കോടതി ശിക്ഷവിധിച്ചതെന്ന് അപ്പീലില്‍ പറഞ്ഞു. അപ്പീല്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. പൊലീസ് ഹാജരാക്കിയ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി തങ്ങളെ ശിക്ഷിച്ചതെന്നും യഥാര്‍ഥ വസ്തുതകള്‍ പൊലീസ് മറച്ചുവെന്നും അപ്പീല്‍ ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണഘട്ടത്തില്‍ സര്‍ക്കാര്‍ രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നുവെന്നും കൃത്യസ്ഥല സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ അഞ്ച് സാക്ഷികളും ആര്‍എംപി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സാക്ഷികളാക്കപ്പെട്ടവരാണെന്നും അപ്പീലില്‍ പറഞ്ഞു. ക്രോസ്വിസ്താരത്തില്‍ ഇവരെല്ലാം ആര്‍എംപിയുടെ പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണെന്നു തെളിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് ലാബില്‍നിന്നുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പ്രതികള്‍ക്കനുകൂലമായിട്ടും പരിഗണിച്ചില്ല. വിചാരണക്കോടതി നടപടികള്‍ നീതിപൂര്‍വകമായിരുന്നില്ലെന്നും അപ്പീലില്‍ ആരോപിച്ചു.

ചന്ദ്രശേഖരന്‍ കേസ്: സാക്ഷികള്‍ക്കെതിരായ ഹര്‍ജി 11-ലേക്കു മാറ്റി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണയില്‍ മൊഴി മാറ്റിയതിന് ആറു സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജികളില്‍ മാര്‍ച്ച് 11ന് വാദം കേള്‍ക്കും. 9, 14, 25, 69, 71, 156 സാക്ഷികളായ ടി കെ സുമേഷ് എന്ന കൊച്ചക്കാലന്‍ സുമേഷ്, വിജേഷ്, സി കെ ബിന്ദുമോന്‍, നിധിന്‍ നാരായണന്‍, സ്മിതേഷ്, കെ കെ സുബിന്‍ എന്നിവര്‍ക്കെതിരായ ഹര്‍ജികളാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി 11-ലേക്ക് മാറ്റിയത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകര്‍ എതിര്‍ഹര്‍ജി ഫയല്‍ ചെയ്തു. അഡ്വക്കറ്റുമാരായ കെ ജയരാജന്‍, കെ ജയദീപ്സിങ് എന്നിവര്‍ ഹാജരായി. 155-ാം സാക്ഷി അന്‍ഷിത് നാരായണന്‍ ഗള്‍ഫിലായതിനാല്‍ ഹാജരായില്ല. അന്‍ഷിത്തിനെതിരായ ഹര്‍ജിയും മാര്‍ച്ച് 11ന് പരിഗണിക്കും. തെറ്റായ മൊഴി നല്‍കിയെന്നാരോപിച്ച് 22 സാക്ഷികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹര്‍ജി.

deshabhimani

No comments:

Post a Comment