Wednesday, February 26, 2014

മാറ്റത്തിന്റെ തുടക്കം ഈ ലോങ് മാര്‍ച്ച്

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ച് രാഷ്ട്രീയമാറ്റത്തിന്റെ നാന്ദിയും നാദവുമായി. മാര്‍ച്ചിനെ വരവേല്‍ക്കാന്‍ എത്തിയ വന്‍ ജനസഞ്ചയത്തിന്റെ വികാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗണ്യമായ പ്രതികരണം സൃഷ്ടിക്കും. അത് എല്‍ഡിഎഫിന് നല്ല വിജയം സാധ്യമാക്കും. അതിലൂടെ കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃഭരണങ്ങള്‍ക്ക് അന്ത്യംകുറിക്കും. കോണ്‍ഗ്രസിന്റെയും ബിജെപിയുടേതുമല്ലാത്ത ഭരണം കേന്ദ്രത്തില്‍ വരുമെന്ന ഉറച്ചവിശ്വാസം ജനമനസ്സുകളിലേക്ക് പകരാന്‍ കേരളരക്ഷാ മാര്‍ച്ചിന് സാധിച്ചു.

കേരളത്തിലെ സമസ്തമേഖലകളെയും ഇളക്കിമറിച്ച ലോങ്മാര്‍ച്ച് എന്ന വിശേഷണമാണ് 26 ദിവസം പര്യടനം പൂര്‍ത്തിയാക്കുന്ന മാര്‍ച്ച് നേടിയിരിക്കുന്നത്. ഇതിന്റെ രാഷ്ട്രീയ സംഘടനാനേട്ടം ഇടതുപക്ഷജനാധിപത്യപ്രസ്ഥാനത്തിന് പൊതുവിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷമായും ലഭിക്കും. 35 ലക്ഷം പേരുമായി നേരിട്ട് ഒരു ജാഥ സംവദിക്കുക, ഒരുകോടി ജനങ്ങളില്‍ സന്ദേശമെത്തുക- ഇത് സാധാരണഗതിയില്‍ അസാധ്യമാണ്. ഈ അസാധാരണ രാഷ്ട്രീയദൗത്യം നിര്‍വഹിച്ചതിലൂടെയാണ് രക്ഷാമാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നത്. കേരളത്തിലെ പൊതുസമൂഹത്തില്‍ സംഘം ചേരുന്നതിനും ജാഥ നയിക്കുന്നതിനും തുടക്കംകുറിച്ചത് ശ്രീനാരായണഗുരുവാണെങ്കിലും അതിനെ കരുത്തുറ്റ രാഷ്ട്രീയ ആയുധമാക്കിയത് എ കെ ജിയാണ്. ഗുരുവായൂര്‍ക്ഷേത്ര പ്രവേശനത്തിനായി പ്രചാരണജാഥ 1931-32ല്‍ എ കെ ജി നയിച്ചു. പിന്നീട് മലബാറില്‍നിന്ന് മദിരാശിയിലേക്ക് നയിച്ച പട്ടിണിജാഥ പുതിയ അനുഭവമായി. ആ ജാഥ രണ്ടുലക്ഷംപേരുമായാണ് സംവദിച്ചത്. അന്നത്തെ പ്രചാരണ സംവിധാനങ്ങള്‍ പരിമിതമാണ്. എ കെ ജിയുടെ ജാഥയോട് അനുഭാവമായി നാടെമ്പാടും ഉപപട്ടിണിമാര്‍ച്ചുകളും സഞ്ചരിച്ചു. ഇവയിലൂടെയെല്ലാം ജനകീയാവശ്യങ്ങളും സ്വാതന്ത്ര്യസമരബോധവും മാത്രമല്ല സോഷ്യലിസ്റ്റ് ആശയവും സമൂഹത്തിലെത്തി. ആ പാരമ്പര്യത്തിലൂന്നി, പിണറായി നയിച്ച മാര്‍ച്ച് മതനിരപേക്ഷ ഇന്ത്യക്കും വികസിത കേരളത്തിനുംവേണ്ടിയുള്ളതായി. മാര്‍ച്ചുകള്‍ക്ക് കേരളത്തിന്റെ ചരിത്രത്തില്‍ പുതുരൂപം കൈവന്നത് 1960കളിലാണ്. 1961ല്‍ വയനാട്ടിലെ കൊട്ടിയൂര്‍ ഭൂമി എന്‍എസ്എസിന് പതിച്ചുനല്‍കിയതിനെത്തുടര്‍ന്നുണ്ടായ കുടിയിറക്കിനെതിരെ എ കെ ജി ജാഥ നയിച്ചെങ്കിലും ആലുവയില്‍ അറസ്റ്റുചെയ്തു. തുടര്‍ന്ന് ടി സി നാരായണന്‍ നമ്പ്യാര്‍ ക്യാപ്റ്റനായി. കേന്ദ്രം കേരളത്തെ പട്ടിണിക്കിടുന്നതിലും അവഗണിക്കുന്നതിലും പ്രതിഷേധിച്ച് ഇ എം എസും എ കെ ജിയും നയിച്ച ജാഥയ്ക്ക് സംസ്ഥാനവ്യാപകമായി വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇങ്ങനെ കാല്‍നടജാഥയില്‍നിന്ന് മാറി വാഹനജാഥയും സമരരാഷ്ട്രീയവുമായി. ഇതിനെ പില്‍ക്കാലത്ത് ഏറ്റവും സമര്‍ഥമായി വിപ്ലവപ്രസ്ഥാനത്തിന് അനുഗുണമായി ഉപയോഗപ്പെടുത്തിയതാണ് പിണറായി നയിച്ച 2006ലെ കേരളമാര്‍ച്ച്. പിന്നീട് 2009ല്‍ നവകേരളമാര്‍ച്ചും പിണറായി നയിച്ചതാണ്. ഇപ്പോഴത്തെ കേരളരക്ഷാമാര്‍ച്ചും നേരത്തെ നടന്ന രണ്ടു മാര്‍ച്ചുകളും താരതമ്യംചെയ്താല്‍ അന്നത്തേക്കാള്‍ കൂടുതല്‍ ജനസഞ്ചയം ഈ മാര്‍ച്ചിനെ വരവേല്‍ക്കാനെത്തിയെന്നുകാണാം.

മാര്‍ച്ചിന്റെ വിജയകരമായ പര്യവസാനത്തോടെ തുറന്നുകാട്ടപ്പെടുന്നത് മാധ്യമ ഗൂഢാലോചനയുടെ പുതിയ മുഖമാണ്. ജനങ്ങള്‍ നെഞ്ചേറ്റിയ ഈ മുന്നേറ്റത്തെ തമസ്കരിക്കാന്‍ മാധ്യമങ്ങള്‍ ഏറെ പണിപ്പെട്ടു. മുഴവന്‍ സമയവും സംപ്രേഷണ സംവിധാനമുള്ള ചാനലുകള്‍ പിണറായിയുടെ വാര്‍ത്താസമ്മേളനമടക്കം എല്ലാം തമസ്കരിച്ചു. കൈരളി- പീപ്പിള്‍ ഒഴികെയുള്ള ചാനലുകളുടെ തലവന്മാര്‍ മാര്‍ച്ചിന്റെ വാര്‍ത്തകള്‍ തമസ്കരിക്കാന്‍ "അവിശുദ്ധസഖ്യം"തന്നെ രൂപപ്പെടുത്തി. ഈ ചാനലുകള്‍ കണ്ണടച്ചാലും ഇടതുമുന്നേറ്റത്തെ ജനങ്ങള്‍ വരവേറ്റ് ചരിത്രസംഭവമാക്കുമെന്നും ഈ മാര്‍ച്ച് തെളിയിച്ചു. നാടിന്റെ രക്ഷ ഇടതുപക്ഷത്തിലൂടെയാണെന്ന ഉറച്ചവിശ്വാസംകൊണ്ട് എത്തിയ ജനവിഭാഗം മാത്രമല്ല, ഇതുവരെ എല്‍ഡിഎഫിനോടും സിപിഐ എമ്മിനോടും ചങ്ങാത്തം കാട്ടാതിരുന്നവരടക്കം മാര്‍ച്ചിനെ വരവേല്‍ക്കാന്‍ എത്തി. അതും മാറ്റത്തിന്റെ വലിയ സന്ദേശമാണ്.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment