കോഴിക്കോട്: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന്സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസാണ് രക്ഷ എന്നുകരുതുന്ന ചിലരുണ്ട്. ഇക്കാര്യം മനസ്സിലാക്കി ന്യൂനപക്ഷങ്ങളടക്കം എല്ലാവിഭാഗം ജനങ്ങളുംഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയിലും ദുര്‍ഭരണത്തിലും റെക്കോഡിടുകയായിരുന്നു യുപിഎ ഭരണമെന്ന് കാരാട്ട് പറഞ്ഞു. ഇപ്പോള്‍ അഴിമതി തടയാന്‍ ഓര്‍ഡിനന്‍സിറക്കാന്‍ ആലോചിക്കുന്നു. പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞപ്പോഴാണ് അഴിമതി തടയാന്‍ പുറപ്പെടുന്നത്. അഞ്ച്കൊല്ലം ഉറങ്ങുറകയായിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ പാര്‍ലമെണ്ട് സമ്മേളനം നീട്ടിയായാലും നിയമം പാസാക്കാമായിരുന്നു. ഇനി അക്കാര്യം അടുത്ത ലോക് സഭ തീരുമാനിക്കട്ടെ. ഓര്‍ഡിനസിലൂടെയുള്ള ജനാധിപത്യവിരുദ്ധ നീക്കത്തെ സിപിഐ എം ശക്തമായിത്തന്നെ എതിര്‍ക്കും- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുകയും പരാജയപ്പെടുത്തുകയും വേണം. ബിജെപിയെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. ഒരേ നവ ലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ നയമുള്ളത് സിപിഐ എമ്മിനു മാത്രമാണ്. അതുകൊണ്ട് പാര്‍ലമെണ്ടില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം വേണം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ സിപിഐ എമ്മിന് ശേഷിയുണ്ട്. മറ്റിടങ്ങളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന 11 പാര്‍ട്ടികളുടെ കണ്‍വന്‍ഷന്‍ ഈ ഐക്യത്തിന്റെ തുടക്കമാണെന്നും കാരാട്ട് പറഞ്ഞു.
കേരളത്തിലെ ജനമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ആവേശം തുടിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് മാര്‍ച്ച് സമാപിച്ചത്. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ച് ഇരുപത്തിയാറ് ദിവസം പിന്നിട്ടെത്തിയ മാര്‍ച്ചിന്റെ സമാപനത്തിന് കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങള്‍ സാക്ഷിയായി. ഫെബ്രുവരി ഒന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് 126 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സമാപന കേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തിയത്. ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് വൈകിട്ടാണ് കോഴിക്കോട് നഗരത്തിലെത്തിയത്.
സമാപനയോഗത്തില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പിണറായിക്കു പുറമെ പി ബി അംഗങളായ കോടിയേരി ബാലകൃഷ്ണന്‍. എം എ ബേബി, ജാഥാംഗങ്ങളായിരുന്ന എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. എം ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു.
deshabhimani
No comments:
Post a Comment