ഉമ്മന്‍ചാണ്ടി പരിസ്ഥിതിവകുപ്പ് കൈകാര്യംചെയ്ത സമയത്ത് പാറമടകള്‍ക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് പ്രത്യേകസംഘത്തെ വച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കത്ത്. നിയമവിരുദ്ധമായി നല്‍കിയ പാറമട അനുമതിക്കുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്ന് പരിസ്ഥിതിമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ കത്തില്‍ സുധീരന്‍ പറഞ്ഞു. പരിസ്ഥിതിവകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയിലായിരുന്നപ്പോഴാണ് സംസ്ഥാനത്ത് 17 പാറമടകള്‍ക്കും മറ്റ് ഖനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയത്. പാരിസ്ഥിതികാഘാത പഠനസമിതിക്ക് ചെയര്‍മാനില്ലാതിരുന്ന സമയത്താണ് ധൃതി പിടിച്ച് അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സുധീരന്‍ പരസ്യമായി രംഗത്തെത്തിയത്.
നിയമപരമായാണ് പാറമടകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അനുമതിയെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി ദീര്‍ഘമായ പ്രസ്താവനയും ഇറക്കിയിരുന്നു. എല്ലാ നടപടിയും പൂര്‍ത്തിയാക്കിയാണ് ഖനാനുമതി നല്‍കിയതെന്ന് മന്ത്രി തിരുവഞ്ചൂരും മുഖ്യമന്ത്രിയെ ന്യായീകരിച്ചു. ഇരുവരുടെയും നിലപാടിനെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സുധീരനുമായുള്ള പോര് വരുംദിവസങ്ങളില്‍ രൂക്ഷമാകും. പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന സുധീരന്റെ ആവശ്യം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന് നല്‍കിയ കത്ത് പരസ്യപ്പെടുത്തിയതിലും ഉമ്മന്‍ചാണ്ടി കടുത്ത അതൃപ്തിയിലാണ്.
ചെയര്‍മാന്റെ രാജിക്കുശേഷം പാരിസ്ഥിതികാഘാത പഠനസമിതി നാല് തവണ യോഗം ചേര്‍ന്നാണ് 17 പുതിയ പാറമടകള്‍ക്കും മറ്റ് ഖന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണിതെന്നാണ് ആരോപണം. സമിതി അധ്യക്ഷനായിരുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എ ഇ മുത്തുനായകത്തിന്റെ രാജിക്കുശേഷം നടന്ന ഈ നടപടികളില്‍ ഏറെ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടര്‍ പി ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ രണ്ട് സ്ഥിരം സമിതി അംഗങ്ങളും പ്രത്യേക ക്ഷണിതാവുമടങ്ങുന്ന സമിതിയാണ് അനുമതി നല്‍കിയത്. ശ്രീകണ്ഠന്‍നായരുടെ നടപടികള്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിക്കുകയും പരിസ്ഥിതി വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്ത ഡോ. മുത്തു നായകത്തെ പുകച്ചുപുറത്താക്കുകയായിരുന്നു. വകുപ്പില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും താന്‍ ചെയര്‍മാനായ അതോറിറ്റിയോട് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കാണിച്ച് മുത്തുനായകം സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. അതിനിടെ പാറമടകള്‍ക്കും മണല്‍വാരലിനും അനുമതി നല്‍കാനുള്ള പൂര്‍ണ അവകാശം വിവാദ പരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും വിവാദമായി.
ദിലീപ് മലയാലപ്പുഴ deshabhimani
No comments:
Post a Comment