കാസര്‍കോട്: നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സരിതയുടെ കാര്യത്തില്‍ നിയമം സരിതയുടെ വഴിയ്ക്കാണ് പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാസര്‍കോട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സരിതയ്ക്കെതിരായ അറസ്റ്റ് വാറണ്ട് മുക്കി അവരുടെ ജാമ്യത്തിന് സൗകര്യം ചെയ്ത് കൊടുക്കുന്ന നിലയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് സര്‍വീസില്‍ തിരിച്ച് കയറിയതിന് പിന്നില്‍ അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ട്. തെറ്റായ എന്തോ ഇടപെടല്‍ ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെ താല്‍പര്യം സലിം രാജ് സര്‍വീസില്‍ തിരിച്ച് കയറാന്‍ ഒരു ഘടകമായോ എന്ന് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മാധ്യമങ്ങള്‍ ഒരു പ്രത്യേക രീതി സ്വീകരിക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലക്ഷങ്ങളും കോടികളും മുടക്കിയാണ് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ പരസ്യം കൊടുക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും വന്‍കിട കോര്‍പറേറ്റുകളുടെ നിര്‍ലോഭമായ സഹായം കൊണ്ട് കോടികള്‍ പരസ്യത്തിനായി ചെലവഴിക്കുന്നുണ്ട്. കേരളത്തില്‍ പെയ്ഡ് ന്യൂസ് സംവിധാനം ശക്തിപ്പെടുന്നു എന്ന സംശയവും ശക്തമാണ്.
ഒരു പാര്‍ട്ടിയുടെ പരസ്യം സ്വീകരിക്കുന്ന മാധ്യമം പരസ്യം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവരെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി മാധ്യമ മുതലാളിമാര്‍ തന്നെ പണം വാങ്ങുന്ന നിലയാണ് ഇന്നുള്ളത്. വന്‍കിട മാധ്യമങ്ങളിലും ഇത്തരം പ്രവണത കണ്ടുവരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേല്‍ക്കും. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഒരു സീറ്റെങ്കിലും അധികം ലഭിക്കുമെന്നാണ് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിലില്ലെന്നും പിണറായി വ്യക്തമാക്കി.
deshabhimani
No comments:
Post a Comment