Monday, February 24, 2014

കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസമേഖലയെ അവഗണിച്ചത്് പ്രതിഷേധാര്‍ഹം: വി ശിവദാസന്‍

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വിദ്യാഭ്യാസമേഖലയെ പൂര്‍ണമായി അവഗണിച്ചത് വിദ്യാഭ്യാസത്തെയും സാമൂഹ്യവളര്‍ച്ചയെയും പിന്നോട്ടടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് പ്രതിഷേധാര്‍ഹമാണ്. പരിമിതമായ നീക്കിയിരിപ്പും ഇപ്രാവശ്യം കുറച്ചു. പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍നിന്ന് 10,000 കോടിയോളം വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയതിന്റെ 75 ശതമാനം മാത്രമാണ് വിദ്യാഭ്യാസമേഖലയില്‍ ചെലവിട്ടത്. മുന്‍ ബജറ്റിലുള്ളതിനേക്കാള്‍ 40,000 കോടി കുറച്ചു. പട്ടികവര്‍ഗക്ഷേമത്തിനുള്ള നീക്കിയിരുപ്പ് 1,743 കോടിയില്‍നിന്നും 844 കോടിയാക്കി. യുവജനക്ഷേമത്തിനും കായികമേഖലയ്ക്കുമായി കഴിഞ്ഞ തവണ 1,207 കോടി വകയിരുത്തിയിരുന്നു. ഇപ്രാവശ്യം 971 കോടി മാത്രമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കാനുള്ള തുകയും വെട്ടിക്കുറച്ചു. എന്നാല്‍, പൊലീസിനും പട്ടാളത്തിനും ആയുധങ്ങള്‍ വാങ്ങാനുള്ള നീക്കിയിരുപ്പ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം ജലരേഖയാകും.

കോര്‍പറേറ്റുകളുടെ ക്ഷേമത്തിന് പണംമുടക്കുന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നീക്കിയിരുപ്പ് സംബന്ധിച്ച് എസ്എഫ്ഐ സമര്‍പ്പിച്ച ഫലപ്രദനിര്‍ദേശങ്ങളടങ്ങിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചില്ല. കോണ്‍ഗ്രസിനും ബിജെപിക്കും വിദ്യാഭ്യാസകാര്യത്തില്‍ ഒരേ നയമാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ കേവലം 227 ഹയര്‍സെക്കന്‍ഡറി സ്കൂളാണുള്ളത്. കേരളത്തിലിത് 847 ആണ്. അവിടെ ഭൂരിപക്ഷം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വകാര്യ- സ്വാശ്രയ മേഖലയിലാണ്. അവിടുത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ എണ്ണം 84,578 മാത്രമാണ്. ആറു കോടിയിലധികം ജനസംഖ്യയുള്ള ഗുജറാത്തില്‍ ഹയര്‍സെക്കന്‍ഡറി പരിധിയിലുള്ളവരില്‍ 36 ശതമാനം മാത്രമാണ് സ്കൂളില്‍ പ്രവേശിക്കുന്നത്.

കേരളവും പശ്ചിമ ബംഗാളും ത്രിപുരയുമെല്ലാം വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്നത് ഇടതുപക്ഷ സര്‍ക്കാരുകളുടെ ശ്രദ്ധകൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ എസ്എഫ്ഐ ശക്തമായി പ്രതിഷേധിക്കും. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിലൂടെ അക്കാദമിക് രംഗത്തെ സാമൂഹ്യനീതിയും മികവും അട്ടിമറിക്കപ്പെടുമെന്നും ശിവദാസന്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍, ജില്ലാ പ്രസിഡന്റ് പി പ്രശോഭ്, ജോയിന്റ് സെക്രട്ടറി എം വിജിന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് സിറാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment