കോഴഞ്ചേരി: പൈതൃകത്തെയും ചരിത്രത്തെയും നശിപ്പിക്കുന്ന വികസനം ആപല്‍ക്കരമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപി അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മൂന്നൂറിലധികം വീട്ടമ്മമാരുടെ ഏകദിന സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി എന്‍ സീമ.
എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും ബാധിക്കുന്നത് സ്ത്രീകളെയാണ്. കുടുംബം നിലനിര്‍ത്തുന്നത് അവരാണ്. ആയതിനാല്‍ ആറന്മുള സമരത്തിന്റെ നട്ടെല്ലും സ്ത്രീകളാണ്. സിവില്‍ ഏവിയേഷന്റെ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റിയില്‍ അംഗമായ ഡോ. ടി എന്‍ സീമ നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായി അറിയിച്ചു. വരുന്ന തലമുറയുടെ ജീവിത ഗന്ധിയായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ടും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും പടുത്തുയര്‍ത്തുന്ന വിമാനത്താവള പദ്ധതിയെ സ്ത്രീസമൂഹം എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
രാവിലെ സമരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക സവിശേഷതകള്‍ നിറഞ്ഞ ആറന്മുളയെന്ന രമണീയമായ ഗ്രാമത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ചരിത്ര വഞ്ചനയാണെന്ന് അവര്‍ പറഞ്ഞു. ആറന്മുളയില്‍ കാണുന്നത് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഗമമാണ്. ഇവിടെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പാരിസ്ഥിതിക സമരം ചരിത്രത്തിന്റെ ഭാഗമാകുന്നതായി സുജ സൂസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, മുന്‍ അഡീഷണല്‍ അഡ്വ. ജനറല്‍ രജ്ഞിത്ത് തമ്പാന്‍, ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രസാദ്, കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അശോക് ചെറിയാന്‍, ബി ആര്‍ അരുണ്‍, കെ ആര്‍ മനോഹരന്‍, ഷാജി ചാക്കോ, ആര്‍ വിജയന്‍, വത്സമ്മ മാത്യു, കെ കെ മനോജ്, ആറന്മുള വിജയകുമാര്‍, ശീകുമാരി മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഓതറ വഞ്ചിപ്പാട്ട് കളരിയിലെ വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ടും ആര്യ എസ് നായര്‍ തോട്ടപ്പുഴശ്ശേരി കവിതയും അവതരിപ്പിച്ചു. തൃശ്ശൂര്‍ ആറങ്ങോട്ടുകര കൃഷിപാഠശാല വനിതാ നാടകസമിതി അവതരിപ്പിച്ച ഇടനിലങ്ങള്‍ എന്ന നാടകവും അരങ്ങേറി. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷന്‍ പിഇബി മേനോന്‍ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ സ്വാഗതം പറഞ്ഞു. വിജയമ്മ എസ് പിള്ള, താര ഉണ്ണികൃഷ്ണന്‍, ശാന്തി വിജയന്‍ നായര്‍, ഉഷ മോഹന്‍, ദീപ സുരേഷ്, രമ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment