Friday, February 21, 2014

ആറന്മുള വിമാനത്താവളത്തിനെതിരെ സുധീരന്‍ പ്രമേയം കൊണ്ടുവരണം: പിണറായി

മലപ്പുറം: ആറന്മുള വിമാനത്താവളത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നേരത്തേ പ്രകടിപ്പിച്ച എതിര്‍പ്പ് ജാടയല്ലെങ്കില്‍ വിമാനത്താവളത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ അദ്ദേഹം പ്രമേയം കൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള രക്ഷാമാര്‍ച്ചിന് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് സുധീരന്‍ പറയുന്നത്. മുമ്പ് പറഞ്ഞത് വെറുതെ പറഞ്ഞതാണെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അതല്ല, ആത്മാര്‍ഥതയോടെയാണെങ്കില്‍ പറഞ്ഞതെങ്കില്‍ സുധീരന്‍ തന്നെ പ്രമേയം തയ്യാറാക്കി കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൊണ്ടുവരട്ടെ.

വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ രണ്ടുതരത്തിലാണ് പ്രതിഫലിക്കുക. എല്‍ഡിഎഫിന് അനുകൂലമായ വോട്ട് വര്‍ഗീയതക്കും ജനവിരുദ്ധതക്കുമെതിരായി ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തും. അതോടൊപ്പം അത് യുഡിഎഫിന്റെ ദുര്‍ഭരണത്തിന് അന്ത്യംകുറിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലടക്കം കോണ്‍ഗ്രസ് പരാജയപ്പെടുന്നതോടെ യുഡിഎഫ് സര്‍ക്കാരിന് തുടരാനാവില്ല. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകളെ കൂടുതല്‍ സമ്പന്നരാക്കുകയും പാവങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയുമാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ മരത്തില്‍ പണം കായ്ക്കുന്നുണ്ട്.

വര്‍ഗീയതയോട് കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. വര്‍ഗീയതയില്‍നിന്ന് മാത്രമല്ല, വര്‍ഗീയതയെ എതിര്‍ക്കാത്തവരില്‍നിന്നും രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്തുണ്ടാകുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ക്ക് ഒത്താശചെയ്ത അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. വര്‍ഗീയശക്തികള്‍ വളര്‍ന്ന സ്ഥലങ്ങളിലെല്ലാം അതിന്റെ പിന്നില്‍ കോണ്‍ഗ്രസിന്റെ അവസരവാദപരമായ വര്‍ഗീയപ്രീണനം കാണാവുന്നതാണ്. മുസഫര്‍നഗറില്‍ ചെന്ന രാഹുല്‍ഗാന്ധി ആര്‍എസ്എസുകാരുടെ ഭാഷയിലാണ് സംസാരിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍നിന്ന് ചെറുപ്പക്കാര്‍ പാകിസ്ഥാനില്‍ പോയി ആയുധപരിശീലനം നേടിയെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ ജനങ്ങളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ അതില്‍നിന്ന് ജനശ്രദ്ധതിരിക്കാന്‍ വീണ്ടും സിപിഐ എം വേട്ട ശക്തമാക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം ഏര്‍പ്പെടുത്തുകയെന്ന നിയമവിരുദ്ധ പ്രവൃത്തിക്കാണ് കാത്തുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇതിനോട് യോജിക്കാതെ വി എസ് കത്തയച്ചത് തെറ്റായ നടപടിയെന്നാണ് പാര്‍ടി വിലയിരുത്തിയത്. സിപിഐ എമ്മിനെതിരെ കിട്ടുന്ന അവസരമൊക്കെ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ ഈ കത്തിനെ ആയുധമാക്കുകയാണ്. "വി എസിന്റെ ചില നടപടികള്‍ അണികള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കും" എന്ന് പിണറായി കൂറ്റനാട്ട് പ്രസംഗിച്ചുവെന്ന് "മാധ്യമം" പത്രം റിപ്പോര്‍ട്ടുചെയ്തു. പ്രസംഗത്തില്‍ ഇല്ലാത്ത വാചകമാണത്. "മാധ്യമം" പത്രത്തിന് സ്വന്തമായി എന്തെങ്കിലും പറയണമെങ്കില്‍ പറഞ്ഞുകൊള്ളൂ. അത് തന്റെ വായില്‍ തിരുകേണ്ടെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment