Sunday, February 23, 2014

മോഹം കൊള്ളാം പക്ഷേ, നടക്കില്ല

സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ പിണറായി വിജയനെയും മറ്റു ചില നേതാക്കളെയും ആയുഷ്കാലം മുഴുവന്‍ കേസില്‍ കുടുക്കി വരിഞ്ഞിടാന്‍ വല്ലാത്ത മോഹമാണ് ചിലര്‍ക്ക്. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആ അതിമോഹത്തിന്റെ കൂടെക്കൂടിയവരാണ് കെ കെ രമയും കൂട്ടരും. രമയെയും സംഘത്തെയും നിയന്ത്രിക്കുകയും താളത്തിനൊത്ത് തുള്ളിക്കുകയുംചെയ്യുന്ന ചില മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അത്തരമൊരു മോഹം കലശലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗീകരിച്ച ഭരണഘടന നിലവിലുണ്ടെന്നത് അവര്‍ മറക്കുന്നു. സിആര്‍പിസിയും മറ്റു നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. അതെല്ലാം കാറ്റില്‍പറത്തിയാണ് അവര്‍ കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

രമയുടെ വ്യഥ അംഗീകരിച്ചുകൊണ്ടുതന്നെ ഓര്‍മിപ്പിക്കട്ടെ, പിണറായി വിജയനെയോ പ്രസ്ഥാനത്തെയോ ക്രിമിനല്‍ കേസില്‍ കുടുക്കി തകര്‍ക്കാമെന്ന മോഹം ഫലപ്രാപ്തിയിലെത്തുന്നതല്ല. കുണ്ടിലിരിക്കുന്ന തവളയ്ക്ക് കുന്നിനുമേലെ പറക്കാന്‍ മോഹമെന്ന പഴഞ്ചൊല്ല് പതിരല്ല എന്നവര്‍ ഓര്‍ക്കണം. ഇന്ത്യാ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠം, സിബിഐ എന്ന അന്വേഷണ ഏജന്‍സിയെ വിശേഷിപ്പിച്ചത് കൂട്ടിലിട്ട തത്തയെന്നാണ്. കൂട്ടിലിട്ട തത്തയുടെ സ്വഭാവവിശേഷം പറഞ്ഞറിയിക്കേണ്ടതില്ല. സിബിഐ അന്വേഷണം എന്ന ഭീഷണിപ്പെടുത്തല്‍ നിയമത്തിന്റെ വഴിയില്‍നിന്ന് സ്വാഭാവികമായി ഉയര്‍ന്നുവന്നതല്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് വിവരമുള്ളവര്‍ക്കൊക്കെ മനസിലാവുന്നതാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കോണ്‍ഗ്രസിനും കൂട്ടാളികള്‍ക്കും പരാജയഭീതി ഭയാനകമായ രീതിയില്‍ കൂടിക്കൂടി വരുന്ന കാഴ്ചയാണ്. സിബിഐ അന്വേഷണക്കാര്യം തുടര്‍ച്ചയായി പറഞ്ഞത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. ചന്ദ്രശേഖരന്‍വധം വീണുകിട്ടിയ സുവര്‍ണാവസരമാണെന്നും അതു വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നതില്‍ തന്റെ പാര്‍ടി പരാജയപ്പെട്ടെന്ന് വിലപിച്ചതും അതേ വ്യക്തിതന്നെ. ഫെബ്രുവരി മൂന്നിന് സെക്രട്ടറിയറ്റിനു മുന്നില്‍ നിരാഹാരസമരമെന്ന പ്രഹസനം അവതരിപ്പിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ ജനങ്ങള്‍ക്കറിയാം. ചന്ദ്രശേഖരന്‍ വധക്കേസിലെ "ഗൂഢാലോച"യെന്ന കണ്ടുപിടിത്തം സിബിഐക്ക് വിടണമെന്ന തീരുമാനം ഉമ്മന്‍ചാണ്ടിയും കൂട്ടരും മുമ്പുതന്നെ എടുത്തതാണ്. സിബിഐ അന്വേഷണകാര്യത്തിന് രമയെ തിരുവനന്തപുരത്ത് കൊണ്ടുവരേണ്ടിയിരുന്നില്ല എന്ന് പറഞ്ഞത് പുതിയ കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ്. പലവിധ സമ്മര്‍ദങ്ങള്‍ക്കും വിധേയമായി കൈക്കൊണ്ട തീരുമാനത്തിന് മുടന്തന്‍ന്യായം കണ്ടെത്താനാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ്ഐടി) നിയമിച്ചത്. ആവശ്യപ്പെട്ടത് അനുസരണയോടെ അവര്‍ ചെയ്തു. ഭരിക്കുന്നവരുടെ ആജ്ഞാനുസരണം റിപ്പോര്‍ട്ട് തയാറാക്കി ഏല്‍പ്പിച്ചുകൊടുക്കുന്ന ചുമതലയേ അവര്‍ക്കുണ്ടായിരുന്നുള്ളു. രമയില്‍നിന്നാണവര്‍ മൊഴിയെടുത്തത്. രമ പറയുന്നതാണ് മന്ത്രിമാര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും വേദവാക്യം. സിബിഐ അന്വേഷണത്തെപ്പറ്റി ചര്‍ച്ചചെയ്ത മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായെന്നും യോജിപ്പില്ലായിരുന്നെന്നും കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പുറത്തുവന്നത്. ആവര്‍ത്തിച്ചു പറയട്ടെ, ഈ അതിമോഹം ആപത്തിനാണ്. ഇത് ജനാധിപത്യത്തിന്റെ വിജയമല്ല, ജനാധിപത്യ കശാപ്പാണ്.

മാര്‍ക്സിസ്റ്റ്വിരുദ്ധ പ്രചാരവേലയ്ക്ക് പാരിതോഷികം ലഭിക്കാന്‍ അര്‍ഹത നേടിയ ഒരാംഗലേയ പത്രം റിപ്പോര്‍ട്ട്ചെയ്തത് യുഡിഎഫ് സിപിഐ എമ്മിന് രണ്ട് കെണിവയ്ക്കുന്നു എന്നാണ്. രണ്ടിന്റെയും പേരില്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ രണ്ട് വിഷയവും ജീവനോടെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസും അവരെ അനുകൂലിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ ഒരു കഴമ്പുമില്ലെന്ന് മുന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദ് വിദഗ്ധമായ അഭിപ്രായം അറിയിച്ചതാണ്. സിബിഐ കോടതിവിധി അഡ്വക്കറ്റ് ജനറലിന്റെ സുചിന്തിതമായ അഭിപ്രായത്തെ ശരിവയ്ക്കുന്ന രീതിയിലായത് സ്വാഭാവികം. അതില്‍ കുണ്ഠിതമുണ്ടായിട്ട് കാര്യമില്ല. പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി സിബിഐ അവസാനിമിഷം റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാരിന് തൃപ്തിയായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വകയായി മേല്‍ക്കോടതിയില്‍ അപ്പീലും നല്‍കി. സംസ്ഥാന സര്‍ക്കാരാണ് ലാവ്ലിന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. അതനുസരിച്ചാണ് സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ കക്ഷിചേരാന്‍ സര്‍ക്കാരിനെന്താണ് പ്രത്യേക താല്‍പ്പര്യം എന്ന ന്യായമായ ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. രാഷ്ട്രീയതാല്‍പ്പര്യം മാത്രമാണെന്ന ഉത്തരമേ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കാനുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയെ ആയുഷ്കാലം മുഴുവന്‍ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കി വലയ്ക്കുകയെന്നതു മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാകട്ടെ സത്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങളാണ് കോടതി മുമ്പാകെ സമര്‍പ്പിക്കുന്നത്. ഇത് ദുഷ്പ്രചാരവേലയ്ക്കുവേണ്ടിയാണെന്ന് വ്യക്തം. പിഎസ്പി പദ്ധതിയുടെ പരിഷ്കരണത്തില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും പ്രത്യുത ലാഭംമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും യഥാര്‍ഥ രേഖകളുടെയും സത്യാവസ്ഥയുടെയും അടിസ്ഥാനത്തില്‍ സിബിഐക്ക് സത്യവാങ്മൂലം നല്‍കിയത് വൈദ്യുതി വകുപ്പാണ്. അത് നിഷേധിച്ച് നഷ്ടത്തിന്റെ കള്ളക്കണക്ക് അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമാണ് പ്രശ്നം രാഷ്ട്രീയമായാണ് കൈകാര്യംചെയ്യുന്നതെന്ന് തെളിയിക്കുന്നത്.

സിഎജി റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷണത്തിന് വിട്ടതു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ വൈരനിര്യാതനബുദ്ധിയല്ലാതെ മറ്റൊന്നും ലാവ്ലിന്‍ കേസില്‍ ഇല്ലെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി പറഞ്ഞ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ കര്‍ണപുടങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കും. ഈ രണ്ട് കേസുകള്‍കൊണ്ട് പാര്‍ടിക്ക് പോറലേല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാവില്ല. ഞങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും ഈ ഗൂഢാലോചനയെ നേരിടും.

deshabhimani editorial

No comments:

Post a Comment