Monday, August 6, 2012

ഓരിയില്‍ പൊലീസ് തേര്‍വാഴ്ച


ഓരിയിലെ വീടുകളില്‍ അര്‍ധരാത്രിയില്‍ പൊലീസ് അതിക്രമം. കാഞ്ഞങ്ങാട് എഎസ്പി എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച അര്‍ധരാത്രി വീടുകളില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. മത്സ്യത്തൊഴിലാളുകളുടേതുള്‍പ്പെടെ അമ്പതോളം വീടുകളില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടു. പുരുഷന്മാര്‍ വീട്ടിലില്ലാത്ത സമയം നോക്കിയെത്തിയ പൊലീസ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. സിപിഐ എം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചെന്ന വ്യാജ കേസിലായിരുന്നു നരനായാട്ട്.

പത്തും പതിനഞ്ചും പേരടങ്ങിയ പൊലീസ് സംഘമാണ് ഒറ്റമുറി മാത്രമുള്ള വീടുകളിലെ വാതിലുകള്‍ ചവിട്ടിത്തകര്‍ത്ത് ഫര്‍ണിച്ചറുകളും പാത്രങ്ങളും പുറത്തേക്കിട്ട് നശിപ്പിച്ച് കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയത്. ലാത്തിയും കല്ലും ഉപയോഗിച്ചായിരുന്നു പരാക്രമം. മത്സ്യത്തൊഴിലാളിയായ ദീപ (40)ന്റെ വീടുതകര്‍ത്ത് ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ട് അതിക്രൂരമായി മര്‍ദിച്ച് പൊലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. പൊലീസിന്റെ ക്രൂരത കണ്ട് ഭാര്യ രമ കുഴഞ്ഞുവീണു. അയല്‍വാസിയായ ബീനയുടെ 25 ദിവസം പ്രായമായ കൈക്കുഞ്ഞും 85 പിന്നിട്ട എം വി മാണിക്കവുമുള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ ക്രൂരതക്കിരയായി. സമീപത്തെ സുരേഷിന്റെ ഭാര്യയുടെ താലിമാല നഷ്ടപ്പെട്ടു. അലമാരകള്‍ കുത്തിത്തുറന്ന് പുരുഷന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്ക്, ചുമരില്‍ തൂക്കിയിട്ട ഫോട്ടോകള്‍ എന്നിവ കൊണ്ടുപോയി. ഇരുചക്രവാഹനങ്ങളുടെ ലോക്ക് തകര്‍ത്ത് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവ ലാത്തിയിലും കല്ലിലും അടിച്ചുതകര്‍ത്തു. വീടുകളില്‍നിന്ന് പേടിച്ച് പുറത്തിറങ്ങിയ കുടുംബങ്ങള്‍ പാതിരാത്രിയില്‍ മണിക്കൂറുകളോളം മഴ നഞ്ഞ് പെരുവഴിയിലായി. പിന്നീട് ബന്ധുവീടുകളില്‍ അഭയം തേടിയാണ് ഇവര്‍ രക്ഷപ്പെട്ടത്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണിവിടം. രണ്ടുസെന്റ് ഭൂമിയില്‍ ഒറ്റ മുറിയുള്ള ഓലപ്പുരയിലാണ് ഇവര്‍ താമസിക്കുന്നത്. ഭക്ഷണം പാകം ചെയ്യലും ഉറക്കവുമെല്ലാം ഈ മുറിയിലാണ്. ഇവിടെയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് പരിശോധനയെന്ന പേരില്‍ അഴിഞ്ഞാടിയത്. "ഞങ്ങള്‍ വീണ്ടും ഇവിടെ വന്നാല്‍ അമ്മയും പെങ്ങളുമാണെന്ന് നോക്കില്ല.... കൂടെ കിടക്കാന്‍ വേറെ ആളെ നോക്കേണ്ടി വരും" എന്ന് താക്കീത് നല്‍കിയാണ് മണിക്കൂറുകള്‍ നീണ്ട താണ്ഡവം അവസാനിപ്പിച്ച് പൊലീസ് സംഘം മടങ്ങിയത്.

കാക്കിയുടെ ക്രൗര്യത്തില്‍ നടുക്കം മാറാതെ നിധിന്‍

തൃക്കരിപ്പൂര്‍: നാല് മണിക്കൂര്‍ നീണ്ട ഓരിയിലെ പൊലീസ് നരനായാട്ടിന് ഇരയും സാക്ഷിയുമായി പതിനാലുകാരന്‍. എ കെ ജി ക്ലബ് പരിസരത്തെ ചന്ദ്രന്റെ മകന്‍ നിധിനാണ് പൊലീസിന്റെ സമാനതകളില്ലാത്ത ക്രൂരത അനുഭവിച്ചത്. സാങ്കല്‍പ്പിക കസേരയിലിരുത്തിയും ലാത്തിയില്‍ മുഖത്തും വിരലിലും കുത്തിയുമാണ് നിധിനെ പൊലീസ് പീഡിപ്പിച്ചത്.

മത്സ്യത്തൊഴിലാളിയായ ചന്ദ്രനെ തേടിയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ പൊലീസ് വീട്ടിലെത്തിയത്. ചന്ദ്രന്‍ വലയിറക്കാന്‍ പോയെന്ന് ഭാര്യ നാരായണി പൊലീസിനോട് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ അകത്തുകയറി കണ്ണില്‍ കണ്ടതല്ലാം തല്ലിത്തകര്‍ത്ത പൊലീസുകാര്‍ പനിപിടിച്ചു കിടക്കുകയായിരുന്ന നിധിനെ പിടിച്ചിറക്കി കൊണ്ടുപോയി. പിന്നാലെ ചെന്ന നാരായണി അലമുറയിട്ടപ്പോള്‍ ചവിട്ടി താഴെയിട്ട് രണ്ട് പൊലീസുകാരെ കാവല്‍ നിര്‍ത്തി. തങ്ങള്‍ പറയുന്നവരെ കാണിച്ച് തരണമെന്നാണ് നിധിനോട് പൊലീസ് ആവശ്യപ്പെട്ടത്. വിസമ്മതിച്ചപ്പോള്‍ അര മണിക്കൂറോളം റോഡില്‍ സാങ്കല്‍പിക കസേരയിലിരുത്തി. തുടര്‍ന്ന് ലാത്തികൊണ്ട് മുഖത്തും കാല്‍ വിരലിലും കുത്തി. വീടുകളില്‍ കയറി പൊലീസ് നടത്തിയ കാടത്തവും നിധിന്‍ കണ്ടു. സ്ത്രീകളെ അസഭ്യം പറയുമ്പോള്‍ കേള്‍ക്കാതിരിക്കാന്‍ നിധിനോട് ചെവിപൊത്താന്‍ പൊലീസ് നിര്‍ദേശിച്ചു. പൊലീസിന്റെ പീഡനം പുലര്‍ച്ചെ നാലുവരെ തുടര്‍ന്നു. പനി ബാധിച്ച് കിടന്നുറങ്ങുകയായിരുന്ന മകനെ അതിക്രൂരമായ മര്‍ദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും ചന്ദ്രന്‍ പരാതി നല്‍കി.

പൊലീസ് അതിക്രമം അവസാനിപ്പിക്കണം

പടന്ന: സിപിഐ എം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് പൊലീസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ചെറുവത്തൂര്‍ ഏരിയാസെക്രട്ടറി കെ പി വത്സലന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ രീതിയില്‍ നടത്തിയ പ്രതിഷേധത്തെ ലീഗ് ക്രിമിനലുകളെ ഇറക്കിവിട്ട് അക്രമിക്കാനാണ് ശ്രമിച്ചത്. പയ്യങ്കി, കൈതക്കാട് മേഖലയില്‍നിന്ന് സംഘടിച്ചെത്തിയ ലീഗുകാരാണ് വടക്കേപ്പുറത്തും വണ്ണാത്തന്‍ മുക്കിലും പൊലീസിനെ പ്രകോപിച്ചത്. ഈ സത്യം മറച്ചുവച്ച് ഉന്നതരുടെ ഇംഗിതത്തിന് വഴങ്ങിയാണ് പൊലീസ് കാടത്തം കാണിക്കുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 060812

1 comment:

  1. ഓരിയിലെ വീടുകളില്‍ അര്‍ധരാത്രിയില്‍ പൊലീസ് അതിക്രമം. കാഞ്ഞങ്ങാട് എഎസ്പി എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച അര്‍ധരാത്രി വീടുകളില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. മത്സ്യത്തൊഴിലാളുകളുടേതുള്‍പ്പെടെ അമ്പതോളം വീടുകളില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടു. പുരുഷന്മാര്‍ വീട്ടിലില്ലാത്ത സമയം നോക്കിയെത്തിയ പൊലീസ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. സിപിഐ എം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചെന്ന വ്യാജ കേസിലായിരുന്നു നരനായാട്ട്.

    ReplyDelete