Monday, August 6, 2012

ആരോഗ്യമേഖല: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുന്നു


പ്രാഥമികാരോഗ്യസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുന്നു. ആരോഗ്യസേവന ദാതാവ് എന്ന ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറി, പകരം സ്വകാര്യമേഖലയെ അവരോധിക്കാനാണ് കേന്ദ്രനീക്കം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ച കെ ശ്രീനാഥറെഡ്ഡി അധ്യക്ഷനായ ഉന്നതാധികാരസമിതിയാണ് ആരോഗ്യമേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ആരോഗ്യസേവനം നല്‍കാനുള്ള ഉത്തരവാദിത്തം സ്വകാര്യമേഖലയ്ക്കാകും. സ്വകാര്യമേഖലാ ശൃംഖലയ്ക്ക് മേല്‍നോട്ടംവഹിക്കുക എന്ന ജോലിമാത്രമായിരിക്കും ഇനി സര്‍ക്കാരിന്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും അന്തിമതീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞു.

ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് 12-ാം പഞ്ചവത്സര പദ്ധതിക്കാലത്തുതന്നെ നടപ്പാക്കണമെന്നാണ് ആസൂത്രണ കമീഷന്‍ വാദിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ജില്ലകളില്‍ ഈ പദ്ധതി ആദ്യം നടപ്പാക്കും. 10-15 വര്‍ഷത്തിനകം രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കാനാണ് നീക്കം. സാര്‍വത്രിക ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതനുസരിച്ച് തെരഞ്ഞെടുക്കുന്ന സ്വകാര്യമേഖലാ ശൃംഖലയ്ക്കായിരിക്കും ഒരു പ്രദേശത്തിന്റെ ആരോഗ്യസേവനച്ചുമതല. ഈ സ്വകാര്യമേഖലാ ശൃംഖലയെ അഥവാ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളും അതുപോലുള്ള അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഈ സ്വകാര്യമേഖലാ ശൃംഖലയ്ക്ക് ഉണ്ടായിരിക്കും. രജിസ്റ്റര്‍ചെയ്യുന്ന രോഗികളുടെ അടിസ്ഥാനത്തിലായിരിക്കും സേവനം നല്‍കുന്നതിനുള്ള പണം സര്‍ക്കാര്‍ നിശ്ചയിക്കുക. പരസ്പരചര്‍ച്ചയിലൂടെയായിരിക്കും ഇത്. ഓരോ രോഗിക്കും ഡോക്ടര്‍ നല്‍കുന്ന മരുന്നുസംബന്ധിച്ച കുറിപ്പടിയുടെയും സേവനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഈ സ്വകാര്യ ആരോഗ്യശൃംഖലയ്ക്ക് അല്ലെങ്കില്‍ വ്യക്തിക്ക് പണം നല്‍കുക. അതായത് ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് വകയിരുത്തുന്ന തുക ഇനി സ്വകാര്യ മെഡിക്കല്‍ ശൃംഖലയുടെ കൈയിലേക്ക് ഒഴുകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിക്ഷേപവും വികസനവും മുരടിക്കും.

അതേസമയം, ആരോഗ്യസേവനം സ്വകാര്യമേഖലയെ ഏല്‍പ്പിച്ച രാജ്യങ്ങളില്‍ ചികിത്സാച്ചെലവ് പതിന്മടങ്ങ് വര്‍ധിക്കുകയായിരുന്നുവെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരി പറഞ്ഞു. ആരോഗ്യസേവനത്തിന്റെ ഗുണം കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോഗ്യസേവനവും ലാഭംകൊയ്യാനുള്ള മാര്‍ഗമായിമാത്രമേ വീക്ഷിക്കപ്പെടുകയുള്ളൂവെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നു. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനം ആരോഗ്യമേഖലയില്‍ ചെലവഴിക്കുമെന്ന് യുപിഎ സര്‍ക്കാര്‍ വാഗ്ദാനംചെയ്തെങ്കിലും ഇതുവരെ തുക നീക്കിവച്ചിട്ടില്ല. പാകിസ്ഥാന്‍, മ്യാന്‍മര്‍, കംബോഡിയ, ബുറുണ്ടി എന്നീ രാജ്യങ്ങള്‍പോലും ഇന്ത്യയേക്കാള്‍ തുക ആരോഗ്യരംഗത്ത് ചെലവാക്കുന്നുണ്ട്. എഴുപത് ശതമാനം വരുന്ന ജനങ്ങള്‍ക്കും ഇതോടെ ആരോഗ്യസേവനം അപ്രാപ്യമാകും. പണമില്ലാത്തതുകൊണ്ട് 40 ശതമാനം ജനങ്ങളും ചികിത്സ തേടാത്ത രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 17.3 ശതമാനം സ്ത്രീകള്‍ക്കും രാജ്യത്ത് ഒരു ആരോഗ്യസേവനവും ലഭ്യമാകുന്നില്ലെന്ന് മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേതന്നെ പറയുന്നുണ്ട്. സ്വകാര്യവല്‍ക്കരണം പൂര്‍ണമാകുന്നതോടെ ഈ സംഖ്യ വര്‍ധിക്കും.

VB Parameswaran Deshabhimani 060812

1 comment:

  1. പ്രാഥമികാരോഗ്യസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുന്നു. ആരോഗ്യസേവന ദാതാവ് എന്ന ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറി, പകരം സ്വകാര്യമേഖലയെ അവരോധിക്കാനാണ് കേന്ദ്രനീക്കം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ച കെ ശ്രീനാഥറെഡ്ഡി അധ്യക്ഷനായ ഉന്നതാധികാരസമിതിയാണ് ആരോഗ്യമേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ആരോഗ്യസേവനം നല്‍കാനുള്ള ഉത്തരവാദിത്തം സ്വകാര്യമേഖലയ്ക്കാകും. സ്വകാര്യമേഖലാ ശൃംഖലയ്ക്ക് മേല്‍നോട്ടംവഹിക്കുക എന്ന ജോലിമാത്രമായിരിക്കും ഇനി സര്‍ക്കാരിന്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും അന്തിമതീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പറഞ്ഞു.

    ReplyDelete