Sunday, August 5, 2012

ശരീരത്തില്‍ മുപ്പത്തഞ്ചോളം പാടുകള്‍; സത്നാംസിങ് കൊല്ലപ്പെട്ടത് മര്‍ദനമേറ്റ്


അമൃതാനന്ദമയിക്കുനേരെ ഓടിയെത്തിയെന്ന പേരില്‍ വള്ളിക്കാവ് ആശ്രമത്തില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്ത്, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്നാംസിങ് മാനിന്റെ ശരീരത്തിലെങ്ങും മര്‍ദനമേറ്റ പാടുകള്‍. 35ല്‍ കുറയാത്ത പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. ഞായറാഴ്ച മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി എസ് സുനില്‍, എഡിഎം ഗിരിജ, എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് രാധാകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. സംഭവം നടന്ന സ്ഥലത്തുനിന്നോ പൊലീസ് സ്റ്റേഷനില്‍നിന്നോ ജയിലില്‍നിന്നോ മാനസികാരോഗ്യ ആശുപത്രിയില്‍നിന്നോ യുവാവിന് ഭീകരമായ മര്‍ദനം ഏറ്റുവെന്നാണ് ആരോപണം. അസ്വാഭാവിക മരണത്തിന് പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

മര്‍ദനത്തെതുടര്‍ന്നാണ് സത്നാംസിങ്ങിന്റെ മരണമെന്ന്, വിവരമറിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ അടുത്തബന്ധു വിമല്‍കിഷോര്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്നും വിമല്‍ ആവശ്യപ്പെട്ടു. സിങ്ങിന്റെ അച്ഛന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. അദ്ദേഹം എത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ കഴിയൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അമൃതാനന്ദമയി ആശ്രമത്തില്‍, മനോനില തെറ്റിയ സത്നാംസിങ് മാന്‍ ദര്‍ശനവേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്ത് കൊല്ലം ജില്ലാ ജയിലിലും അവിടെനിന്ന് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഇയാളെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ആവശ്യമായ പരിശോധന നടത്തിയിരുന്നുവെന്നും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് എഡിഎം പി കെ ഗിരിജയോട് ആശുപത്രി സൂപ്രണ്ട് ജി സുനില്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എഡിഎമ്മും പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാംചെയ്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

deshabhimani 060812

2 comments:

  1. അമൃതാനന്ദമയിക്കുനേരെ ഓടിയെത്തിയെന്ന പേരില്‍ വള്ളിക്കാവ് ആശ്രമത്തില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്ത്, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ച ബിഹാര്‍ സ്വദേശി സത്നാംസിങ് മാനിന്റെ ശരീരത്തിലെങ്ങും മര്‍ദനമേറ്റ പാടുകള്‍. 35ല്‍ കുറയാത്ത പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.

    ReplyDelete
  2. അമൃതാനന്ദമയി മഠത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച മാനസികാസ്വാസ്ഥ്യമുള്ള ബിഹാറി യുവാവ് സത്നാംസിങ്ങ് മാന്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

    ReplyDelete