Monday, August 6, 2012

അന്യായ ടോള്‍പിരിവ് ജനപ്രതിനിധികളുടെ സത്യഗ്രഹം ഇന്ന്


അന്യായ ടോള്‍പിരിവിനെതിരായ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനത്തിനുമെതിരെ ജില്ലയിലെ സിപിഐ എം ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സത്യഗ്രഹമനുഷ്ഠിക്കും. പി കെ ബിജു എംപി, എംഎല്‍എമാരായ കെ രാധാകൃഷ്ണന്‍, ബാബു എം പാലിശേരി, ബി ഡി ദേവസി, കെ വി അബ്ദുള്‍ഖാദര്‍, സി രവീന്ദ്രനാഥ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, കോര്‍പറേഷന്‍-മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.

മണ്ണുത്തി-അങ്കമാലി ദേശീയപാതയുടെ നിശ്ചയിച്ച പണികള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് ഡിസംബര്‍ നാലുമുതലാണ് ഭീമമായ നിരക്കില്‍ ടോള്‍പിരിവ് ആരംഭിക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത്. അന്ന് അര്‍ധരാത്രിയില്‍തന്നെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധത്തെത്തുടര്‍ന്നാണ് താല്‍ക്കാലികമായി ടോള്‍പിരിവ് നിര്‍ത്തിയത്. എല്ലാ വിഭാഗം ജനങ്ങളുമായി ചര്‍ച്ച നടത്തി മാത്രമേ ടോള്‍പിരിവ് പുനരാരംഭിക്കൂ എന്ന് ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ആ ഘട്ടത്തില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ചര്‍ച്ചപോലുമില്ലാതെ 2012 ഫെബ്രുവരി ഒമ്പതുമുതല്‍ ടോള്‍ കമ്പനിക്ക് കൊള്ളപ്പിരിവ് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ടോള്‍പ്ലാസ കേന്ദ്രീകരിച്ചും ജില്ലയിലെമ്പാടും നടന്നു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത തുടര്‍ച്ചയായ പ്രക്ഷോഭത്തെത്തുടര്‍ന്ന് മെയ് 18ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടോള്‍നിരക്ക് കുറയ്ക്കാമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ വാഗ്ദാനലംഘനം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഐ എം സമരം ശക്തമായി പുനരാരംഭിക്കുന്നത്. അന്യായ ടോള്‍പിരിവ് നിര്‍ത്തലാക്കാന്‍ അടിയന്തര നടപടിയെടുക്കാത്തപക്ഷം ടോള്‍പിരിവ് തടയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. സമരത്തോട് എല്ലാ ജനാധിപത്യവിശ്വാസികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

deshabhimani 060812

1 comment:

  1. അന്യായ ടോള്‍പിരിവിനെതിരായ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനത്തിനുമെതിരെ ജില്ലയിലെ സിപിഐ എം ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സത്യഗ്രഹമനുഷ്ഠിക്കും. പി കെ ബിജു എംപി, എംഎല്‍എമാരായ കെ രാധാകൃഷ്ണന്‍, ബാബു എം പാലിശേരി, ബി ഡി ദേവസി, കെ വി അബ്ദുള്‍ഖാദര്‍, സി രവീന്ദ്രനാഥ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, കോര്‍പറേഷന്‍-മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.

    ReplyDelete