Saturday, February 1, 2014

വയലാര്‍ ചുവന്നു..കേരള രക്ഷാമാര്‍ച്ച് തുടങ്ങി

ചേര്‍ത്തല: ചെങ്കൊടിയുടെ കരുത്തില്‍ അണിനിരന്ന അനേകായിരങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ഉച്ചത്തിലുയര്‍ന്ന ഇന്‍ക്വിലാബ് വിളികള്‍ അലയൊലി തീര്‍ക്കവെ വയലാര്‍ രണഭൂമിയില്‍ നിന്നും പുതിയൊരു കേരളത്തിനായുള്ള രക്ഷാമാര്‍ച്ചിന് തുടക്കമായി. കേരള ജനതയുടെ അതിജീവനപ്പോരാട്ടങ്ങള്‍ക്ക് കരുത്തും ദിശാബോധവും പകരുവാനായുള്ള കേരള രക്ഷാമാര്‍ച്ച് നയിക്കുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി കൈമാറിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പുന്നപ്രവയലാര്‍ സമരനേതാവ് പി കെ ചന്ദ്രാനന്ദനാണ് രാമചന്ദ്രന്‍പിള്ളക്ക് ചെങ്കൊടി കൈമാറിയത്. ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായി.

രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചശേഷമാണ് നേതാക്കള്‍ വേദിയിലെത്തിയത്. എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, എം വി ഗോവിന്ദന്‍ , എ കെ ബാലന്‍, ബേബി ജോണ്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗങ്ങളും സംസ്ഥാന നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ ആലപ്പുഴ ജില്ല സെക്രട്ടറി സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

വര്‍ഗീയതയെ ചെറുക്കാനും ബിജെപിക്ക് ബദലാകുവാനും കോണ്‍ഗ്രസിനല്ല, ഇടത്ബദലിനാണ് സാധ്യമാകുകയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ് രാമചന്ദ്രപിള്ള പറഞ്ഞു.അതിനാല്‍ രാജ്യത്തെ ഇടത്പക്ഷ ശക്തികളും മറ്റ് മതേതര കക്ഷികളും ചേര്‍ന്നുള്ള വിശാലമായ ഐക്യമാണ് ഉയര്‍ന്ന് വരുവാന്‍ പോകുന്നത്. സ്വാതന്ത്രം ലഭിച്ച് 66 കൊല്ലങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തെ ദാരിദ്രത്തിലേക്കും അഴിമതിയിലേക്കും തൊഴിലില്ലായ്മയിലേക്കും വിശപ്പിലേക്കും തള്ളിവിടുവാന്‍ മാത്രമാണ് കോണ്‍ഗ്രസിനായത്. വര്‍ഗീയശക്തികളെ തടയാനാകാത്തതിനാല്‍ ഇന്ത്യയുടെ മതേതരത്വത്തെപോലും ഭീഷണി നേരിടുകയാണ്. അതിനാല്‍തന്നെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്കത്തിനപ്പുറത്തേക്ക് കോണ്‍ഗ്രസിന് കടക്കാനാകില്ല.

രാജ്യത്തെ സമ്പത്ത് സമ്പന്നര്‍ക്ക് പതിച്ചുകൊടുക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. സാധാരണക്കാരായ ജനലക്ഷങ്ങള്‍ക്ക് ഭക്ഷണമോ, പാര്‍പ്പിടമോ ഭൂമിയോ തൊഴിലോ നല്‍കാനാകാത്ത, സ്ത്രീകള്‍ക്ക് സുരക്ഷിത്വവും സംരക്ഷണവും നല്‍കാനാകാത്ത, കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാനാകാത്ത , മികച്ച ചികില്‍സപോലും നല്‍കാനാകാത്ത സര്‍ക്കാരാണ് സ്വാതന്ത്രത്തിന്റെ ഇതുവരെയുള്ള ബാക്കി പത്രം . കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കിടക്കുകയാണ്. ഇതെല്ലാം മറികടക്കുവാനാണ് ഇടതുബദല്‍ ശ്രമിക്കുക. ആ ബദലിന് ബിജെപിയേയും കോണ്‍ഗ്രസിനേയും അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്താനാകും. അതിനായി സമാന ചിന്താഗതിക്കാരുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

സോളാര്‍ , പാമോയില്‍ കേസുകളില്‍ മുങ്ങികിടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതി കുരുക്കില്‍തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെല്ലാം തച്ചുതകര്‍ക്കുന്നതാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍. ഭൂപരിഷ്ക്കരണവും കാര്‍ഷിക പരിഷ്ക്കരണവും നടപ്പാക്കിയ 57ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയര്‍ത്തി പിടിച്ച മാതൃകാഭരണമെന്നത് യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. ഭരണക്കാരുടെ അഴിമതിയിലും തട്ടിപ്പിലും വെട്ടിപ്പിലും ജനങ്ങളാകെ പൊറുതി മുട്ടി. രാജ്യത്താകെ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനെതിരെ മതനിരപേക്ഷത ഉയര്‍ത്തി നടത്തുന്ന രക്ഷാമാര്‍ച്ചിന് എല്ലാ വിജയങ്ങളും നേരുന്നതായും വി എസ് പറഞ്ഞു.

രാവിലെ മുതല്‍ വയലാര്‍ രണഭൂമിയിലേക്കുള്ള എല്ലാ വഴികളിലും ചെങ്കൊടിയേന്തിയ പ്രവര്‍ത്തകരെ കാണാമായിരുന്നു. കേരളരക്ഷാ മാര്‍ച്ചിന്റെ സന്ദേശമുയര്‍ത്തുന്ന കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും ഉയര്‍ത്തികെട്ടിയ കൊടിത്തോരണങ്ങളും ധീരരക്തസാക്ഷികളുറങ്ങുന്ന മണ്ണിനെ വീണ്ടും ചുകപ്പിച്ചു. "മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രവാക്യവുമായി വരുന്ന മാര്‍ച്ചിനെ വരവേല്‍ക്കാന്‍ നാളിതുവരെയില്ലാത്ത ഒരുക്കങ്ങളാണ് സംസ്ഥാനവ്യാപകമായി നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. വയലാറില്‍നിന്ന് തുടങ്ങി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടുവഴി കോഴിക്കോട് സമാപിക്കും. വരെ 126 കേന്ദ്രങ്ങളിലാണ് ജാഥയെ വരവേല്‍ക്കുക. ഫെബ്രുവരി 26ന് മാര്‍ച്ച് കോഴിക്കോട് സമാപിക്കും.

deshabhimani

No comments:

Post a Comment