Sunday, August 5, 2012
വിഴിഞ്ഞം തുറമുഖം: നഷ്ടപ്പെടുന്നത് 4 വര്‍ഷം; പിന്നില്‍ അന്താരാഷ്ട്ര ലോബി
വിഴിഞ്ഞം പദ്ധതി നടത്തിപ്പിനുള്ള പോര്‍ട്ട് ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്ന നടപടികള്‍ മരവിപ്പിച്ചതില്‍ അന്തരാഷ്ട്ര തുറമുഖ ലോബിയുടെ ചരടുവലികളെന്ന് ആക്ഷേപം. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പല നിലപാടുകളും, സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയും പദ്ധതി വൈകിപ്പിക്കുമെന്ന സംശയം ബലപ്പെടുത്തുന്നു. ടെന്‍ഡര്‍ റദ്ദാക്കിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാലുവര്‍ഷമെങ്കിലും വൈകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഷിപ്പിങ് കോര്‍പറേഷനെ പദ്ധതിയില്‍ പങ്കാളിയാക്കി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.
ടെന്‍ഡറില്‍ യോഗ്യതയും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ച വെസ്പണ്‍ കണ്‍സോര്‍ഷ്യം 30 കൊല്ലത്തെ തുറമുഖ നടത്തിപ്പിനായി 479.50 കോടി രൂപ സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് ആവശ്യപ്പെട്ടതോടെയാണ് അട്ടിമറിനീക്കം തുടങ്ങിയത്. ഇവരുമായുള്ള ചര്‍ച്ചയുടെ പേരില്‍ ആറുമാസമാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. തുടര്‍ന്ന് ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്‍ പദ്ധതിയില്‍ വലിയ താല്‍പ്പര്യം കാട്ടിയെങ്കിലും യുഡിഎഫ് അധികാരമേറ്റശേഷം ചര്‍ച്ചകളും ഇല്ലാതായി. കബോട്ടാഷ് നിയമത്തില്‍ കേന്ദ്രം ഭേഗതി വരുത്തുമെന്നും അത് വിഴിഞ്ഞത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് തുറമുഖമന്ത്രി കെ ബാബു അവകാശപ്പെടുന്നത്. എന്നാല്‍, നിയമഭേദഗതി വരുന്നത് പദ്ധതിയുടെ അന്ത്യത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉടമകളായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ഇന്ത്യയില്‍മാത്രം എട്ട് തുറമുഖങ്ങളില്‍ നടത്തിപ്പ് അവകാശമുണ്ട്. ഇതിനുപുറമെ പാകിസ്ഥാനില്‍ കറാച്ചി ക്വാസിമിലും ദുബായിലും ഫുജൈറയിലും സൗദിയില്‍ ദുബായിലുമെല്ലാം തുറമുഖങ്ങളുണ്ട്. കൊളംബോ തുറമുഖ ട്രസ്റ്റും ചൈനീസ് സഹായത്തോടെ വന്‍വികസനം നടത്തുന്നുണ്ട്. മലേഷ്യന്‍ തുറമുഖങ്ങളും വികസനപാതയിലാണ്. കബോട്ടാഷ് നിയമഭേദഗതി ഇന്ത്യന്‍ തുറമുഖങ്ങളിലെ തങ്ങളുടെ വരുമാനം ഉയര്‍ത്തുമെന്നാണ് ദുബായ് പോര്‍ട്ട് വേള്‍ഡ് അടക്കമുള്ള കമ്പനികള്‍ കരുതുന്നത്. ഈ സ്ഥിതിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന വിഴിഞ്ഞം പദ്ധതിയെ എങ്ങനെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര തുറമുഖ ലോബി ശ്രമിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളും പ്രവൃത്തികളും ഈ വാദത്തിന് അടിവരയിടുകയുംചെയ്യുന്നു. ടെന്‍ഡര്‍ റദ്ദാക്കിയതുതന്നെ ഈ ലോബിയുടെ സ്വാധീനത്തെതുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.
(ജി രാജേഷ്കുമാര്‍)
deshabhimani 060812
Labels:
വിഴിഞ്ഞം
Subscribe to:
Post Comments (Atom)
No comments:
Post a Comment