Sunday, August 5, 2012

സംസ്ഥാനത്ത് 5 മാസത്തിനിടെ 151 കൊലപാതകം


ഒരുവര്‍ഷം പിന്നിട്ട യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. അഞ്ചുമാസത്തിനിടെ 67,702 കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കിലാണ് കാര്യമായ വര്‍ധന. ഈ കാലയളവിനിടെ 151 കൊലപാതകങ്ങളും 236 കൊലപാതകശ്രമവും ഉണ്ടായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകള്‍ 432 ആണ്. ലൈംഗികമായി പീഡിപ്പിച്ചതിന് 190 കേസുകള്‍ പ്രത്യേകമായും രജിസ്റ്റര്‍ ചെയ്തു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍- 88, കവര്‍ച്ച- 313, ഭവനഭേദനം- 1074, മോഷണം- 1640, വാഹനമോഷണം- 525, സംഘട്ടനം- 3846, വിശ്വാസവഞ്ചന- 113, തട്ടിപ്പ്- 2019, തീവയ്പ്പ്- 309, പരിക്കേല്‍പ്പിക്കല്‍- 9435, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം- 2364, സ്ത്രീധന മരണം- 17 എന്നിങ്ങനെയാണ് അഞ്ചുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത മറ്റ് പ്രധാന കുറ്റകൃത്യങ്ങളുടെ എണ്ണം. കൂടാതെ അബ്കാരി മേഖലയില്‍ മാത്രം 21,012 കുറ്റകൃത്യങ്ങളുണ്ടായി. സ്ത്രീധന നിരോധന നിയമം, ശിശുവിവാഹ നിരോധനിയമം എന്നീ വകുപ്പുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇവ കൂടാതെ രജിസ്റ്റര്‍ ചെയ്ത മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 43,707 ആണ്. 2008ല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം 1,10,620 ആയിരുന്നു. ഇത് 2009ല്‍ 1,18,369 ആയി. വര്‍ധന 7709. 2010ലാകട്ടെ 1,48,313 ആയി. 2011ല്‍ 172,137 ആയും വര്‍ധിച്ചു. 2008നെ അപേക്ഷിച്ച് 61,517 എണ്ണത്തിന്റെ വര്‍ധന. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്ത കൊലപാതകങ്ങള്‍ 365 ആണ്. കൊലപാതക ശ്രമത്തിന് 521 ഉം ഭവനഭേദനത്തിന് 3001ഉം കവര്‍ച്ചയ്ക്ക് 741ഉം കേസുകള്‍ സംസ്ഥാനത്തുണ്ടായി. 15 സ്ത്രീധന മരണവും റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗകേസുകളുടെ എണ്ണം 1132 ആണ്. പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയ 221 കേസുകളും മറ്റ് തട്ടിക്കൊണ്ടുപോകല്‍ 299 കേസുകളും രജിസ്റ്റര്‍ ചെയ്തു. വാഹനമോഷണം- 1454, മറ്റ് മോഷണങ്ങള്‍- 4704, തട്ടിപ്പ്- 5155, പരിക്കേല്‍പ്പിക്കല്‍- 21,747, സംഘട്ടനം-10,754, ലൈംഗിക പീഡനം- 573, തീവയ്പ്പ്- 450, ഭര്‍ത്തൃപീഡനം- 5377 എന്നീ ക്രമത്തിലാണ് മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം. 42,747 അബ്കാരി കേസുകളും കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായി.
(സിബി ജോര്‍ജ്)

deshabhimani 060812

No comments:

Post a Comment