Sunday, August 5, 2012
കര്‍ണാടകത്തില്‍ 6 മാസത്തില്‍ 183 കര്‍ഷക ആത്മഹത്യ
കര്‍ണാടകത്തില്‍ ഭക്ഷ്യോല്‍പ്പാദനം കുറയുന്നു
ബംഗളൂരു: കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ഭക്ഷ്യോല്‍പ്പാദനം കുറയുന്നു. 1971ന് ശേഷം സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചമൂലം സംസ്ഥാനത്തിന്റെ 65 ശതമാനം മേഖലയും കടുത്ത ദുരിതത്തിലാണ്. ഈ വര്‍ഷംമാത്രം ഭക്ഷ്യോല്‍പ്പാദനത്തില്‍ 38 ശതമാനത്തിന്റെ കുറവുണ്ടായതായി കര്‍ണാടക പ്രകൃതിനിവാരണ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ശതമാനം ധാന്യങ്ങളുടെ വിളവ് ഇറക്കാന്‍ മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളു. മാത്രമല്ല, രണ്ടുതവണ വിളവെടുക്കേണ്ട സമയമായിട്ടും പലയിടത്തും ഇതുവരെ വിളവെടുപ്പ് നടന്നിട്ടില്ല. എണ്ണക്കുരുവിന്റെയും മറ്റു വിളകളുടെയും കാര്യത്തില്‍ മൂന്നിലൊന്ന് മാത്രമാണ് ഈ വര്‍ഷം ഉല്‍പ്പാദിപ്പിക്കാനായത്. പയറുവര്‍ഗങ്ങള്‍ വിളവെടുത്തത് പകുതിമാത്രം. സംസ്ഥാനത്തെ 747 ഹോബ്ലികളില്‍ (മൂന്നോ നാലോ പഞ്ചായത്തുകള്‍ കൂടിച്ചേരുന്ന മേഖല) 603ഉം കടുത്ത വരള്‍ച്ചയുടെ പിടിയിലാണെന്ന് പ്രകൃതിനിവാരണ നിരീക്ഷണകേന്ദ്രം പറയുന്നു. പത്ത് ജലസംഭരണികളില്‍ ആവശ്യമായതിന്റെ മൂന്നിലൊന്ന് വെള്ളംമാത്രമേ ഉള്ളൂ. ഈ വര്‍ഷം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 49 ശതമാനം കുറവ് ഉണ്ടായെന്നും പഠനം വ്യക്തമാക്കുന്നു. മതിയായ മഴ ലഭിക്കാത്തതിനാല്‍ മാണ്ഡ്യ, ഹാസന്‍, ഉഡുപ്പി ജില്ലകളില്‍ നെല്‍കൃഷി കുത്തനെ കുറഞ്ഞിട്ടുണ്ട്.
കര്‍ണാടകത്തില്‍ 6 മാസത്തില്‍ 183 കര്‍ഷക ആത്മഹത്യ
ബംഗളൂരു: കര്‍ണാടകത്തില്‍ ആറു മാസത്തിനിടെ കടക്കെണിയും കൃഷിനാശവും ദുരിതവുംമൂലം ജീവനൊടുക്കിയത് 183 കര്‍ഷകര്‍. വെള്ളിയാഴ്ച ഹാവേരിയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു. ഹിരേക്കേരൂര്‍ താലൂക്കിലെ കാഡൂര്‍ ഗ്രാമത്തില്‍ ബസവരാജ് മഹാദേവപ്പ ബെട്ടണ്ണ (45)യാണ് തൂങ്ങിമരിച്ചത്. ഒന്നരവര്‍ഷംമുമ്പ് ബാങ്കുകളില്‍നിന്ന് മൂന്നുലക്ഷം രൂപ കാര്‍ഷിക വായ്പയെടുത്താണ് ബസവരാജ് കൃഷിയിറക്കിയത്. മഴ ലഭിക്കാത്തതിനാല്‍ വന്‍ കൃഷിനാശം നേരിട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യ. 2008നു ശേഷമാണ് കര്‍ണാടകത്തില്‍ കര്‍ഷക ആത്മഹത്യാനിരക്ക് വര്‍ധിച്ചത്. ജീവനൊടുക്കുന്ന കര്‍ഷകസ്ത്രീകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. 2008ല്‍ 1737 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. 2009ല്‍ 367 കര്‍ഷകസ്ത്രീകളടക്കം 2282 പേരാണ് ആത്മഹത്യചെയ്തത്.
(പി വി മനോജ്കുമാര്‍)
deshabhimani 05-060812
Subscribe to:
Post Comments (Atom)
No comments:
Post a Comment