തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം നിലച്ചിട്ട് ഏഴുമാസം പിന്നിട്ടു. ബദല്‍ സംവിധാനം ഒരുക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. വിളപ്പില്‍ശാലയിലെ നഗരസഭയുടെ മാലിന്യസംസ്കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം നിശ്ചലമാണ്. കഴിഞ്ഞ ഡിസംബര്‍ 21ന് വിളപ്പില്‍ പഞ്ചായത്ത് ഭരണസമിതി അടച്ചുപൂട്ടിയ ഫാക്ടറി തുറപ്പിക്കാന്‍ സംരക്ഷണം നല്‍കണമെന്നുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല. ഫാക്ടറിയില്‍കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍നിന്നും ഊറിവരുന്ന മലിനജലം സംസ്കരിക്കാനുള്ള യന്ത്രം എത്തിക്കാനും സര്‍ക്കാരിനായില്ല. വിളപ്പിലില്‍ പകര്‍ച്ചവ്യാധി പിടിപ്പെട്ടാല്‍ അതു നഗരസഭയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഫാക്ടറി പൂട്ടിയതിനെത്തുടര്‍ന്ന് നഗരത്തില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. മാലിന്യസംസ്കരണത്തിനായി പഠനകമ്മിറ്റികളും വിദഗ്ധസമിതികളും രൂപീകരിച്ചു. ഏഴുമാസം പിന്നിട്ടിട്ടും ഒന്നും പ്രാവര്‍ത്തികമാക്കാനായില്ല. ഫാക്ടറി പൂട്ടിയ സമയത്ത് അന്നത്തെ നഗരമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി 60 ദിവസത്തിനകം ബദല്‍ സംവിധാനം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നെട്ടുകാല്‍ത്തേരി, ബോണക്കാട് എന്നിവിടങ്ങളില്‍ പ്ലാന്റ്, നഗരത്തില്‍ സഞ്ചരിക്കുന്ന മാലിന്യസംസ്കരണ സംവിധാനം, ചെറിയ ചെറിയ പ്ലാന്റുകള്‍ തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ഒന്നും നടന്നില്ല.
മഞ്ഞളാംകുഴി അലി അധികാരത്തിലെത്തിയതോടെ പഠനമായി. നഗരം ചീഞ്ഞുനാറാതിരിക്കാന്‍ നഗരസഭ പദ്ധതിയിട്ട പൈപ്പ് കമ്പോസ്റ്റ് ഫലപ്രദമല്ലെന്നായിരുന്നു അലിയുടെ പ്രഖ്യാപനം. മാലിന്യമെല്ലാം പ്ലാസ്റ്റിക് കൂടില്‍ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കുമെന്നും പിന്നീട് സംസ്കരിക്കുമെന്നും അലി പറഞ്ഞു. ചാലയില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. നഗരവാസികളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മാലിന്യനീക്കം നിലച്ചതോടെ പൊതുനിരത്തിലും ഓടകളിലും തോടുകളിലും ഡ്രൈയിനേജ് സംവിധാനത്തിലേക്കും മാലിന്യം തള്ളിയിടുന്ന സ്ഥിതിയാണ്. ഇതുമൂലം കോളനികള്‍ അടക്കമുള്ള പല പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ വ്യാപകമാണ്.
deshabhimani 050812
No comments:
Post a Comment