Sunday, August 5, 2012

കേരളത്തെ തകര്‍ക്കാനുള്ള നീക്കം രാഷ്ട്രീയജാഗ്രതയോടെ നേരിടണം: മാലശ്രീ ഹാശ്മി


രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച നാടും പുരോഗമന രാഷ്ട്രീയവിശ്വാസികള്‍ക്ക് ആവേശവുമായ കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തികഞ്ഞ രാഷ്ട്രീയജാഗ്രതയോടെ നേരിടണമെന്ന് വിഖ്യാത കലാകാരി മാലശ്രീ ഹാശ്മി ആവശ്യപ്പെട്ടു. കേരളത്തെയും ബംഗാളിനെയും തകര്‍ക്കാനും അതുവഴി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതായെന്ന് വരുത്താനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് അരങ്ങേറുന്നത്. രാജ്യത്തെ പുരോഗമനപ്രസ്ഥാനത്തിന്റെ കൊടിയടയാളവും നായകനുമായ ദേശമാണ് കേരളം. ഞങ്ങള്‍ക്ക് ആവേശമായ ഇ എം എസിനെയും എ കെ ജിയെയും തന്ന നാടാണിത്. ഭൂപരിഷ്കരണവും സാക്ഷരതയും നടപ്പാക്കിയ ഈ കേരളം ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്. ആ നാടിനെ, അവിടുത്തെ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ പ്രതിരോധിക്കണം-വടകര ടൗണ്‍ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ഇടതുപക്ഷവേട്ടക്കെതിരെ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് മാലശ്രീ പറഞ്ഞു.

രാഷ്ട്രീയഅക്രമത്തിന്റെ പേരിലാണ് ഇന്ന് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ഇവയൊന്നും ജനാധിപത്യപരമല്ല. മാധ്യമങ്ങള്‍ കൃത്യമായ അജന്‍ഡയിലാണ് ഇതില്‍ ഇടപെടുന്നത്. അവര്‍ സെന്‍സേഷണലിസത്തിന്റെ പിറകേയാണ്. സമൂഹത്തിന്റെയും ജീവിതത്തിന്റെയും യഥാര്‍ഥചിത്രം മാധ്യമങ്ങള്‍ നല്‍കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി സംഘടിപ്പിച്ച സമരത്തില്‍ ആയിരങ്ങള്‍ പങ്കാളിയായി.ഒരു മാധ്യമവും ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. അതേമസയം ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള നീക്കങ്ങള്‍ വാര്‍ത്തകളായി നിറയുന്നു. ഇവ തിരിച്ചറിഞ്ഞും രാഷ്ട്രീയനിലപാട് ഊര്‍ജസ്വലമായി ഉയര്‍ത്തിപ്പിടിച്ചുമേ ഇതിനെ മറികടക്കാനാവൂ- മാലശ്രീ വ്യക്തമാക്കി.

സിപിഐ എമ്മിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമം- പി വത്സല

വടകര: മുമ്പൊന്നും ഇല്ലാത്ത വിധം സിപിഐ എമ്മിനെ ഉന്മൂലനം ചെയ്യാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നോവലിസ്റ്റ് പി വത്സല പറഞ്ഞു. കേരളത്തിലെ പാര്‍ടി ഗ്രാമങ്ങള്‍ ഇല്ലാതാക്കണമെനാണ് ചിലര്‍ പറയുന്നത്. പാവപ്പെട്ടവര്‍ പോരാട്ടങ്ങളിലൂടെ ജീവിതാവകാശങ്ങള്‍ നേടിയെടുത്തതാണ് പാര്‍ടി ഗ്രാമങ്ങള്‍. ചാനലുകള്‍ നടത്തുന്ന രാജ്യദ്രോഹങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കണമെന്നും പി വത്സല പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം നേതൃത്വത്തില്‍ വടകരയില്‍ സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

ഇടതുപക്ഷം ജീര്‍ണിച്ചിരിക്കുന്നുവെന്നും ജീര്‍ണിച്ച ഇടതുപക്ഷത്തെ തൂക്കിലേറ്റണമെന്നുമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ നടത്തുന്ന മാധ്യമ യുദ്ധത്തിന്റെ പൊരുളെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മാധ്യമ രംഗത്തെ മൂലധന ശക്തികളുടെ കടന്നുകയറ്റമാണ് ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ പ്രധാന കാരണമെന്ന് കെ ആര്‍ മോഹനന്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഇടതുപക്ഷ വേട്ടക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമാകുമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. നാടിന്റെ വളര്‍ച്ചക്കായി ത്യാഗപൂര്‍ണമായ ജീവിതം നയിച്ച നേതാക്കളെ ജയിലില്‍ പീഡിപ്പിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. പൊന്ന്യം ചന്ദ്രന്‍, മധു മടപ്പള്ളി, പ്രഭ കുമാര്‍ ഒഞ്ചിയം, ഹരിപ്രിയ, പ്രമോദ് കുട്ടോത്ത്, നിഖില്‍, സഞ്ജയ് മലപ്പുറം എന്നിവരുടെ ചിത്രരചനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വനിതാ സാഹിതി സംഘടിപ്പിച്ച കഥാ-കവിതാ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് നിലമ്പൂര്‍ ആയിഷ ഉപഹാരങ്ങള്‍ നല്‍കി. കഥയില്‍ ടി വി സുഖിത, എസ് ബിന്ദു, ജയന്‍ എന്നിവരും കവിതയില്‍ എന്‍ പത്മിനി, പ്രജിഷ, ജയന്‍ എന്നിവരും സമ്മാനങ്ങള്‍ നേടി.

deshabhimani 050812

1 comment:

  1. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച നാടും പുരോഗമന രാഷ്ട്രീയവിശ്വാസികള്‍ക്ക് ആവേശവുമായ കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തികഞ്ഞ രാഷ്ട്രീയജാഗ്രതയോടെ നേരിടണമെന്ന് വിഖ്യാത കലാകാരി മാലശ്രീ ഹാശ്മി ആവശ്യപ്പെട്ടു. കേരളത്തെയും ബംഗാളിനെയും തകര്‍ക്കാനും അതുവഴി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതായെന്ന് വരുത്താനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് അരങ്ങേറുന്നത്. രാജ്യത്തെ പുരോഗമനപ്രസ്ഥാനത്തിന്റെ കൊടിയടയാളവും നായകനുമായ ദേശമാണ് കേരളം. ഞങ്ങള്‍ക്ക് ആവേശമായ ഇ എം എസിനെയും എ കെ ജിയെയും തന്ന നാടാണിത്. ഭൂപരിഷ്കരണവും സാക്ഷരതയും നടപ്പാക്കിയ ഈ കേരളം ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്. ആ നാടിനെ, അവിടുത്തെ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ പ്രതിരോധിക്കണം-വടകര ടൗണ്‍ഹാളില്‍ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ഇടതുപക്ഷവേട്ടക്കെതിരെ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് മാലശ്രീ പറഞ്ഞു.

    ReplyDelete