Sunday, August 5, 2012

കൊച്ചി കപ്പല്‍ശാല ഓഹരി വില്‍പ്പനയ്ക്ക് വീണ്ടും കേന്ദ്രം


തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പുമൂലം മുന്‍വര്‍ഷങ്ങളില്‍ നടക്കാതിരുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. ജീവനക്കാരുടെ ബോണസ് ചര്‍ച്ചയ്ക്കായി കഴിഞ്ഞദിവസം കപ്പല്‍ശാലയില്‍ ചേര്‍ന്ന യോഗത്തില്‍ ഓഹരി വില്‍പ്പന അജന്‍ഡയാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ എതിര്‍പ്പുമൂലം ചര്‍ച്ച നടന്നില്ല. പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) എന്ന പേരിലാണ് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നത്. വന്‍കിട കുത്തകകളെയും കോര്‍പറേറ്റുകളെയും ഒഴിവാക്കി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും 10 ശതമാനം ഓഹരി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ ഈ ഓഹരികള്‍ വൈകാതെ കുത്തകകളുടെ കയ്യിലെത്തുമെന്നതാണ് രാജ്യത്തെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലെ അനുഭവം.

കപ്പല്‍ശാലയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്ന് 600 കോടിയോളം രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുപയോഗിച്ച് കപ്പല്‍ശാലയിലെ നവീകരണം ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് പിന്നാലെ സമയബന്ധിതമായി 51 ശതമാനം ഓഹരിയും വില്‍ക്കലാണ് ലക്ഷ്യം. കേന്ദ്ര ഓഹരി വില്‍പ്പന മന്ത്രാലയത്തിന്റെ പതിനാലാമത്തെ റിപ്പോര്‍ട്ടില്‍ കപ്പല്‍ശാലയുടെ 51 ശതമാനം ഓഹരികള്‍ വിറ്റ് സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്‍ശയുണ്ട്്. കൊച്ചി കപ്പല്‍ശാലയുടെ തന്ത്രപ്രധാനമായ സ്ഥാനവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വികസനസാധ്യതയും കണക്കിലെടുക്കാതെയാണ് ഓഹരി വില്‍പ്പനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന്് തൊഴിലാളിസംഘടനകള്‍ ആരോപിച്ചു. ദക്ഷിണനാവിക ആസ്ഥാനത്തിന് അഭിമുഖമായി നിലകൊള്ളുന്ന കപ്പല്‍ശാലയുടെ സ്വകാര്യവല്‍ക്കരണം വന്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാക്കും. നഗരത്തിന്റെ ഹൃദയഭാഗത്ത് 200 ഏക്കറോളം ഭൂമിയിലാണ് കപ്പല്‍ശാല പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ഇവിടെ കപ്പല്‍ശാല സ്ഥാപിച്ചത്. സ്വകാര്യവല്‍ക്കരണത്തിലൂടെ ഈ ഭൂമി മുഴുവന്‍ അന്യാധീനപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ഓഹരി വിറ്റഴിക്കലിനുവേണ്ടി ഡോ. ആര്‍ എച്ച് പാട്ടീല്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍തന്നെ ഭൂമിവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളുണ്ട്.

deshabhimani 060812

1 comment:

  1. തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പുമൂലം മുന്‍വര്‍ഷങ്ങളില്‍ നടക്കാതിരുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. ജീവനക്കാരുടെ ബോണസ് ചര്‍ച്ചയ്ക്കായി കഴിഞ്ഞദിവസം കപ്പല്‍ശാലയില്‍ ചേര്‍ന്ന യോഗത്തില്‍ ഓഹരി വില്‍പ്പന അജന്‍ഡയാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ എതിര്‍പ്പുമൂലം ചര്‍ച്ച നടന്നില്ല. പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) എന്ന പേരിലാണ് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നത്. വന്‍കിട കുത്തകകളെയും കോര്‍പറേറ്റുകളെയും ഒഴിവാക്കി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും 10 ശതമാനം ഓഹരി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ ഈ ഓഹരികള്‍ വൈകാതെ കുത്തകകളുടെ കയ്യിലെത്തുമെന്നതാണ് രാജ്യത്തെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലെ അനുഭവം.

    ReplyDelete