Sunday, August 5, 2012
അശ്ലീലകുമാരന്‍മാരുടെ രാജ്യഭാരം
ക്രൈം വാരികയെക്കൊണ്ട് കേരളക്കരയ്ക്ക് എന്തു പ്രയോജനം? എന്തെങ്കിലും വിശേഷപ്പെട്ട സാമൂഹ്യധര്‍മങ്ങള്‍ അത് നിര്‍വഹിക്കുന്നതായി അതിെന്‍റ നിര്‍മാതാക്കള്‍പോലും അവകാശപ്പെടില്ല. വീടിെന്‍റ ഉമ്മറത്ത് കുട്ടികള്‍ നോക്കത്തക്കവിധം അതിെന്‍റ കോപ്പി ഇടാനോ, പൊതുജനങ്ങളോ, കുടുംബാംഗങ്ങളോ കാണ്‍കെ അതൊന്നു വായിക്കാനോ സാധാരണ നിലയില്‍ ആരും തയ്യാറാകാത്തവിധം അതിലെ ചിത്രങ്ങളും വിഭവങ്ങളും മലീമസമാണ്. സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നുവെന്ന് ചില വ്യക്തികളെ ചൂണ്ടി, പടം സഹിതം ചേര്‍ത്ത് അറിയിപ്പുകള്‍ വന്നാലും പിന്നീട് അത് അച്ചടിക്കാതെ വരുന്ന ഒട്ടനവധി അവസരങ്ങളുണ്ട്.
അഴിമതി ആരോപണം ഉന്നയിച്ചിട്ട്, അതിനിരയായയാളെ ആരോപണമുന്നയിച്ച പി സി ജോര്‍ജ് ടെലഫോണില്‍ വിളിക്കുന്നതിെന്‍റ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ക്രൈം വാരികയില്‍ ചിലത് പ്രത്യക്ഷപ്പെടുന്നതിനും, മറ്റുപലതും അച്ചടിക്കാതെ വരുന്നതിനും പിന്നില്‍ നടക്കുന്ന ബ്ലാക്ക്മെയിലിങ്ങും, ഇതര തട്ടിപ്പുകളും പൊതുസമൂഹത്തിന് ബോധ്യമുണ്ട്. എന്നാലും ഗോപ്യമായി ലഭിക്കുന്ന വായനാസുഖങ്ങളില്‍ അഭിരമിക്കുകയും, ഒളിഞ്ഞുനോട്ടംപോലുള്ള ജീര്‍ണ മാനസികവൈകൃതങ്ങളുടെ പൂരണങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്നത് ക്രൈം വാരികക്ക് അത്തരമൊരു തലത്തില്‍ സര്‍ക്കുലേഷന്‍ നല്‍കുന്നുണ്ട്. നടത്തിപ്പുകാരെന്‍റ ഉപജീവനമെന്ന നിലയില്‍ ഒരുപക്ഷേ അവഗണിക്കപ്പെട്ടുപോകാവുന്ന ഒരു ""ക്രൈം"" ഇന്ന് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിെന്‍റ കൈകളിലെ ഉപകരണമായതെങ്ങനെയെന്ന അന്വേഷണം ചില സത്യങ്ങളിലേക്ക് വെളിച്ചം വീശും. ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ചപ്പോഴും സിപിഐ എമ്മിനെതിരെയും പാര്‍ടി സെക്രട്ടറിക്കെതിരെയും അത് ദുരുപയോഗം ചെയ്തപ്പോഴും അഴിമതിവിരുദ്ധ സമരത്തിെന്‍റ വീറുറ്റ പടയാളിയുടെ ഭാവങ്ങളോടെ ക്രൈം വാരികയുടെ നടത്തിപ്പുകാരനായ നന്ദകുമാര്‍ പ്രത്യക്ഷപ്പെട്ടു.
സിബിഐ ഉദ്യോഗസ്ഥരോടൊപ്പമോ, അവരേക്കാളും ഒരു ചുവട് മുന്നിലോ ഓടുന്നയാളായി നന്ദകുമാര്‍ നിറഞ്ഞാടി. മുഖ്യധാരാ മാധ്യമങ്ങളിലും ചാനലുകളിലും നന്ദകുമാരന് പേരും പെരുമയും ലഭിച്ചു. പിണറായി വിജയന്‍ നൂറുതവണ വിദേശയാത്ര നടത്തിയെന്ന് ആരോപിച്ചപ്പോള്‍, തൊണ്ട തൊടാതെ, ആ നുണ എത്രയോ പേര്‍ വിഴുങ്ങി. സിംഗപ്പൂരില്‍ കമലാ ഇന്‍റര്‍നാഷണല്‍ എന്നൊരു സ്ഥാപനം പിണറായിയുടെ ഭാര്യയുടെ പേരില്‍ നടത്തുന്നുണ്ട് എന്ന് നന്ദകുമാര്‍ ആരോപിച്ചപ്പോള്‍, വിശ്വസിച്ചവര്‍ ഏറെയുണ്ടായി. മറ്റ് മാധ്യമങ്ങളില്‍ ഈ വ്യാജവാര്‍ത്തകള്‍ കുത്തിനിറയ്ക്കാന്‍, കോടതികളില്‍ ഹര്‍ജികളും ഉപഹര്‍ജികളും വന്നു. പിണറായി വിജയനെ വ്യക്തിഹത്യ നടത്തുന്ന കള്ളക്കഥകളുടെ വിളയാട്ടം അരങ്ങുതകര്‍ത്ത ഘട്ടത്തിലാണ് സിബിഐയുടെ ഒരു അന്വേഷണ റിപ്പോര്‍ട്ട് നന്ദകുമാരന്‍മാരുടെ കള്ളിപൊളിച്ചത്. പിണറായി വിജയന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് യാതൊരു തെളിവും ഈ ലോകത്ത് കണ്ടെത്താനുമില്ല. അപ്പോഴേക്കും ആളുകളുടെ മനസ്സില്‍ ബിംബവല്‍ക്കരിക്കപ്പെട്ട പിണറായിയിലെ വലിയ വീട് പൊളിഞ്ഞ് വീഴുന്ന നിലയായി. ഇന്‍റര്‍നെറ്റില്‍ വലിയൊരു വീട് പ്രത്യക്ഷപ്പെട്ടു. അത് പിണറായിയിലല്ല. തൃശ്ശൂരില്‍ ഒരു വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള വീടാണെന്ന് തെളിഞ്ഞിട്ടും കള്ളക്കഥകള്‍ വിശ്വസിച്ചവര്‍ പിന്നെയും അവശേഷിച്ചു.
ജ്ഞാനപീഠ ജേതാവായ മഹാശ്വേതാദേവിയുടെ തുറന്ന കത്തില്‍ ഈയിടെ ഇടംപിടിക്കുന്നതുവരെ നുണപ്രചാരണം നീണ്ടു. ലാവ്ലിന്‍ കേസിെന്‍റ കാറ്റുപോയിയെന്നു മാത്രമല്ല, അതില്‍ യാതൊരു സാമ്പത്തിക നേട്ടവും പിണറായി ഉണ്ടാക്കിയിട്ടില്ല എന്ന് സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ, പിണറായിയെ വേട്ടയാടിയവര്‍ പ്രതിക്കൂട്ടിലാകുന്ന നില വന്നു. എന്നിട്ടും നന്ദകുമാരന്‍മാര്‍ നിര്‍ത്തിയില്ല. അതാണ് കവിയൂര്‍ കേസില്‍ കണ്ടത്. സിബിഐ തന്നെ അന്വേഷിച്ച കിളിരൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ലതാനായര്‍ ഇപ്പോള്‍ ജയിലിലാണ്. കിളിരൂര്‍ കേസിലും സിപിഐ എം നേതാക്കളും മക്കളും ഉള്‍പ്പെട്ടുവെന്നുള്ള നുണപ്രചാരണം യഥേഷ്ടം നടന്നു. അത് വിശ്വസിച്ച ധാരാളം പേരുണ്ട്. ലൈംഗികാരോപണങ്ങളും അനുബന്ധ ഗോസിപ്പുകളും, ചെവിയോട് ചെവിചേര്‍ത്ത് കിന്നാരം പറയാന്‍ ഇഷ്ടമുള്ള കാര്യമാണല്ലോ. അവസാനം സിബിഐ തന്നെ കിളിരൂര്‍ കേസില്‍ കുറ്റപത്രം കൊടുത്തു. തിരുവനന്തപുരം കോടതിയില്‍ വിചാരണ നടന്നു. അതില്‍ ബന്ധപ്പെട്ട പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. കിളിരൂര്‍ കേസിലെ ശാരിയെന്ന കുട്ടി, മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുമ്പോള്‍, അവരെ കാണാനും ലോകത്തോട് ആദ്യമായി അത് വിളിച്ചുപറയാനും കടന്നുവന്ന ആദ്യത്തെ ജനപ്രതിനിധി പി കെ ശ്രീമതിയായിരുന്നു. അവരെ വരെ അപവാദകഥകള്‍ പറഞ്ഞ് അപമാനിച്ചവരാണ് കേരളത്തിലെ വലതുപക്ഷവും മാധ്യമങ്ങളും. സിബിഐ കോടതി വിധി വന്നപ്പോള്‍, അവരൊക്കെ ഏത് ഗുഹയില്‍ പോയി ഒളിച്ചു?
കിളിരൂര്‍ കേസിലെ കുറ്റവാളിയായ ലതാനായരെ നന്ദകുമാര്‍ ജയിലില്‍ പോയി കാണുന്നു. കവിയൂര്‍ കേസില്‍ നന്ദകുമാര്‍ കൊടുത്ത ഒരു ഹര്‍ജിക്ക് സഹായകരമായി ഒരു കത്തയക്കാന്‍ ഒരു കോടി രൂപവരെ വാഗ്ദാനം ചെയ്യുന്നു. ജയില്‍ സൂപ്രണ്ടും ഇതിന് സാക്ഷിയാണ്. കത്തില്‍ പറയേണ്ട പാര്‍ടി നേതാക്കളുടെ പേരുകളും നന്ദകുമാര്‍ പറയുന്നു. കത്ത് ലഭിച്ചുവോയെന്ന് ജയില്‍ സൂപ്രണ്ടിനോട് നന്ദകുമാര്‍ വീണ്ടും വിളിച്ചുചോദിക്കുന്നു. പാര്‍ടി നേതാക്കളെ അപമാനിക്കാന്‍ മാത്രം തീപോലുമില്ലാതെ പുകയുണ്ടാക്കുന്ന നന്ദകുമാരന്‍മാരുടെ മാസ്മരികവിദ്യയുടെ ഉത്ഭവം തന്നെയാണ് സിബിഐ ഈ കേസില്‍ തുറന്നുകാട്ടിയത്. നിരപരാധികളായ നേതാക്കള്‍ക്കെതിരെ കള്ളവാര്‍ത്തയുണ്ടാക്കാന്‍ ലതാനായരുടെ കത്ത് സൃഷ്ടിക്കാനാണ് നന്ദകുമാര്‍ ശ്രമിച്ചത്. ലതാനായര്‍ അതിന് തുനിഞ്ഞിരുന്നെങ്കില്‍, മാതൃഭൂമിയും മലയാള മനോരമയും ചാനലുകളും എന്തെല്ലാം പറഞ്ഞേനെ. എഴുതിയേനെ. യുഡിഎഫ് നേതാക്കള്‍ എത്രത്തോളം ആര്‍മാദിക്കുമായിരുന്നു? ഇവിടെ സിബിഐ, നന്ദകുമാറിെന്‍റ കള്ളക്കളികള്‍ തുറന്നുകാട്ടുകയും, അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പറയുകയും ചെയ്തപ്പോള്‍, എത്ര മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കി.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ നേതാക്കള്‍ക്കെതിരെ ഏറ്റവും ഹീനമായ കള്ളക്കഥ ചമയ്ക്കാന്‍ ഒരു അശ്ലീല വാരികക്കാരന്‍ ഇറങ്ങിപുറപ്പെട്ടത് തുറന്നു കാട്ടപ്പെട്ടിട്ടും, അതിനെ അപലപിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഒരു രാഷ്ട്രീയ നേതാവും കടന്നുവന്നില്ല. ""നിഷ്പക്ഷ"" മാധ്യമങ്ങളും തയ്യാറായില്ല. എല്ലാവര്‍ക്കും നന്ദകുമാറിനെ പേടിയാണോ? അയാളുടെ അശ്ലീലവാരികയില്‍ പടം വരുമെന്ന് പത്രാധിപന്‍മാരും, യുഡിഎഫ് നേതാക്കളും ഭയക്കുന്നുണ്ടോ. ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ സ്വയം എടുത്തണിയുന്ന ധാര്‍മികതയുടെയും സദാചാരത്തിെന്‍റയും കുലീനതയുടെയും രീതികള്‍ മിഥ്യയാണെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. ക്രൈം നന്ദകുമാറിന് ഇത്തരം ""ക്രൈമുകള്‍"" നടത്താന്‍ പണം എവിടുന്നു കിട്ടുന്നു. കുറച്ച് കോപ്പികള്‍ അച്ചടിച്ച് ആരെയെങ്കിലും ബ്ലാക്ക്മെയില്‍ ചെയ്ത് ഉപജീവനം നടത്തുന്നയാള്‍, കോടികള്‍ എടുത്തെറിയുന്നു.ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ലക്ഷങ്ങള്‍ മുടക്കി കേസുകള്‍ നടത്തുന്നു. നന്ദകുമാറിെന്‍റ വരുമാനസ്രോതസ്സുകള്‍ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന കാര്യങ്ങളാണിതൊക്കെ. ഇവിടെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്കെതിരെ ഇല്ലാക്കഥകള്‍ മെനയാന്‍ നടക്കുന്നവരും, അതിെന്‍റ മറവില്‍ കമ്യൂണിസ്റ്റുകാരുടെ അപചയത്തെപ്പറ്റി വാചാലരാകുന്നവരും, കുഞ്ഞാലിക്കുട്ടിയുടെ കേസുകളെപ്പറ്റിയോ, കേസുകള്‍ അട്ടിമറിച്ചതിനെപ്പറ്റിയോ നിശബ്ദരാകുന്നു. നെല്ലിയാമ്പതിയിലെ മലപോലും വിഴുങ്ങാന്‍ ത്രാണിയുള്ള പി സി ജോര്‍ജുമാരെ മാന്യന്മാരാക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ പഴയതും പുതിയതുമായ അഴിമതികള്‍ മൂടിവെക്കുന്നു.
വലതുപക്ഷത്തെപ്പറ്റിയുള്ള കനത്ത മൗനത്തിെന്‍റയും ഇടതുപക്ഷത്തിനെതിരായ കള്ളപ്രചാരണത്തിെന്‍റയും ആശയപരിസരത്തുനിന്നാണ്, കേരള സമൂഹത്തെ വലതുപക്ഷവല്‍ക്കരിക്കാനുള്ള ഗൂഢാലോചന രൂപപ്പെടുന്നത്. സാര്‍വ്വദേശീയതലത്തില്‍ ദാര്‍ശനികവും, സാമ്പത്തികവുമായ പ്രതിസന്ധി മുതലാളിത്തത്തെ ഗ്രസിക്കുമ്പോള്‍, മാര്‍ക്സിസത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് സ്വാഭാവികമാണ്. അതിെന്‍റ ഭാഗമായി ഇന്ത്യയില്‍ വലതുപക്ഷത്തിന് വിശ്വാസതകര്‍ച്ചയും പ്രതിസന്ധിയും ഉണ്ടായിട്ടുണ്ട്. അതിനിടയിലും ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെതിരെ ദേശീയ പണിമുടക്ക് ഉള്‍പ്പെടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തേണ്ടത് കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ്. അമേരിക്കന്‍ അനുകൂല വിദേശനയത്തിനെതിരായി തുടര്‍ച്ചയായി പൊരുതുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ ശക്തി ഇടതുപക്ഷമല്ലാതെ മറ്റാരുമല്ല. അതിെന്‍റ നായകനായ സിപിഐ എമ്മിനെ രാഷ്ട്രീയമായോ, ദാര്‍ശനികമായോ നേരിടാനാകാതെ വരുമ്പോഴാണ്, പോരാളികളേയും പടനായകനേയും ഇല്ലാതാക്കാനുള്ള യുദ്ധതന്ത്രമെന്ന നിലയില്‍ നേതാക്കള്‍ക്കെതിരായ ചിത്രവധമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്.
വിദേശപണം ഉള്‍പ്പെടെ കോടികള്‍ അതിനായി ചിലവഴിക്കപ്പെടുന്നു. അതിെന്‍റ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന പലരില്‍ നന്ദകുമാരന്‍മാരും, മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഒക്കെയുണ്ട്. നീരാറാഡിയാമാരെപ്പോലുള്ള മാധ്യമ ഇടനിലക്കാരുടെ ഫോണ്‍കോളുകളില്‍നിന്ന്, അധികാര വഴികളിലെ ദുര്‍മുഖങ്ങളുടെ കള്ളവ്യാപാരങ്ങള്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. കവിയൂര്‍ കേസിലെ നന്ദകുമാറിെന്‍റ കളികള്‍ അതിെന്‍റ ചെറിയൊരംശം മാത്രം. മഞ്ഞുമലയുടെ അറ്റം മാത്രം പുറത്തുകാണാമെന്നതുപോലെ അശ്ലീല വാരികക്കാരെന്‍റ ഇടപാടുകള്‍ തുറന്നുകാട്ടുന്നത് ഇവിടെ നടന്ന ഗൂഢാലോചനകളുടെയും, കമ്യൂണിസ്റ്റ് വിരുദ്ധ ആഘോഷങ്ങളുടെയും നന്നെ ചെറിയ ഭാഗം മാത്രമാണെങ്കില്‍, അതിന് ചൂട്ടുപിടിച്ച മുഖ്യധാരാ മാധ്യമങ്ങളില്‍ അവരുടെ ഏജന്‍റുമാരും ഒറ്റുകാരും ഉണ്ടാകും. അവരുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന കോര്‍പ്പറേറ്റുകളും, ഇതര ധനശക്തികളുമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയെ സംഘടനാപരമായി തകര്‍ക്കാനും, അനുഭാവികളില്‍ വിശ്വാസതകര്‍ച്ച സൃഷ്ടിക്കാനുമാണ് ബോധപൂര്‍വ്വം ഇവിടെ ശ്രമം നടന്നത്.
കിളിരൂരും കവിയൂരും മുത്തൂറ്റുകേസും ഒക്കെ അതിെന്‍റ മേച്ചില്‍ സ്ഥലങ്ങളായി. കോടതികളും ഹര്‍ജികളും ഉപഹര്‍ജികളും അതിനായി ദുരുപയോഗിക്കപ്പെട്ട ഇടങ്ങളായി. മഹനീയതയുടെ മേലങ്കി സ്വയം എടുത്തണിയുന്ന മാധ്യമങ്ങള്‍ ക്രൈം വാരിക ഉള്‍പ്പെടെയുള്ള അശ്ലീല കുമാരന്‍മാരുടെ പരസ്യപ്പലകകളായി. ഇത്തരക്കാരെ അറിയാതെയാണോ മുഖ്യധാരാമാധ്യമങ്ങള്‍ നന്ദകുമാരന്‍മാര്‍ക്ക് അനര്‍ഹമായി, തങ്ങളുടെ മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം നല്‍കിയതെന്ന ചോദ്യവും ഉയരുകയാണ്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ നേതാക്കളെ, മോശക്കാരാക്കി ചിത്രീകരിക്കുന്നത് പുതിയ രീതിയല്ല. മണ്‍മറഞ്ഞ നേതാക്കള്‍ മാത്രം മഹനീയരും, ജീവിച്ചിരിക്കുന്നവര്‍ കൊള്ളരുതാത്തവരുമാണ് എന്നാണ് അക്കാലത്ത് പറഞ്ഞുവന്നിരുന്നത്. മണ്‍മറഞ്ഞ എ കെ ജിയെ ഉയര്‍ത്തിക്കാട്ടി ഇ എം എസ്സിനെ അദ്ദേഹത്തിെന്‍റ ജീവിതകാലത്ത് ഇകഴ്ത്തിയവര്‍ അതേ പാരമ്പര്യം ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മറ്റൊരു വഴികൂടി സ്വീകരിച്ചു. പാര്‍ടിയില്‍, ഒരു വിഭാഗം കൊള്ളരുതാത്തവര്‍ എന്നായി പ്രചാരണം.
കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം പ്രസിദ്ധീകരിക്കപ്പെട്ടതോടെ, യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. നന്ദകുമാറിെന്‍റ പുതിയ കളികളെപ്പറ്റി, സിബിഐ തന്നെ റിപ്പോര്‍ട്ടു നല്‍കിയതും, ഇതേ സന്ദര്‍ഭത്തിലാണ്. പാഴ്മുറങ്ങള്‍കൊണ്ട് മറയ്ക്കപ്പെട്ട സത്യത്തിെന്‍റ മുഖം ഇവിടെ അനാവൃതമാകുമ്പോള്‍, കാലത്തോടും ചരിത്രത്തോടും ഉത്തരം പറയേണ്ടത് നന്ദകുമാരന്‍മാര്‍ മാത്രമല്ല; അവരെ ഉപജീവിച്ച് സിപിഐ എം വിരുദ്ധ വാര്‍ത്താ പ്രളയം ചമച്ചവരും പ്രതിക്കൂട്ടില്‍ തന്നെയാണ് നില്‍ക്കുന്നത്. മാന്യതയുടെ പുറംതോലണിഞ്ഞ ഇത്തരം കള്ളനാണയങ്ങളും ജനമദ്ധ്യത്തില്‍ തുറന്നുകാട്ടപ്പെടാന്‍ കവിയൂര്‍ കേസിലെ ഈ ഗൂഢാലോചനയും അട്ടിമറിശ്രമങ്ങളും ഇടയാക്കിയെന്നുമാത്രം.
അഡ്വ. കെ അനില്‍കുമാര്‍ chintha 110812
Labels:
നുണപ്രചരണം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ക്രൈം വാരികയെക്കൊണ്ട് കേരളക്കരയ്ക്ക് എന്തു പ്രയോജനം? എന്തെങ്കിലും വിശേഷപ്പെട്ട സാമൂഹ്യധര്‍മങ്ങള്‍ അത് നിര്‍വഹിക്കുന്നതായി അതിെന്‍റ നിര്‍മാതാക്കള്‍പോലും അവകാശപ്പെടില്ല. വീടിെന്‍റ ഉമ്മറത്ത് കുട്ടികള്‍ നോക്കത്തക്കവിധം അതിെന്‍റ കോപ്പി ഇടാനോ, പൊതുജനങ്ങളോ, കുടുംബാംഗങ്ങളോ കാണ്‍കെ അതൊന്നു വായിക്കാനോ സാധാരണ നിലയില്‍ ആരും തയ്യാറാകാത്തവിധം അതിലെ ചിത്രങ്ങളും വിഭവങ്ങളും മലീമസമാണ്.
ReplyDelete