സിപിഐ (എം)നെ കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിച്ച് ജനങ്ങളെ പാര്‍ടിക്ക് എതിരാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ദുഷ്ടലാക്കാണ്, ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കി അറസ്റ്റ്ചെയ്ത നടപടിയിലൂടെ വെളിപ്പെടുന്നത്. ഏത് പാര്‍ടി പ്രവര്‍ത്തകന്റെയും നേതാവിന്റെയുംമേല് നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിന് പാര്‍ടി എതിരല്ല. എന്നാല്‍, ഷുക്കൂറിനെ വധിക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ നടപടിയെടുത്തില്ല എന്ന ആരോപണത്തില്‍ കഴമ്പില്ല.
തളിപ്പറമ്പിനടുത്ത് അരിയില്‍ സിപിഐ (എം) പ്രവര്‍ത്തകരുടെമേല്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് തുടര്‍ച്ചയായി ആക്രമണം നടത്തുന്നതറിഞ്ഞ് പൊലീസിനെയും ലീഗ് നേതാക്കളെയും മുന്‍കൂട്ടി അറിയിച്ചാണ് ജയരാജന് സ്ഥലം എംഎല്‍എ ടി വി രാജേഷിനൊപ്പം അരിയിലേക്ക് പോയത്. വഴിക്കുവെച്ച് അവരെ ലീഗുകാര്‍ ആക്രമിച്ച് പരിക്കേല്പിച്ചു. അവര്‍ ആശുപത്രിയിലായി. അതിനുശേഷമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അതിനെച്ചൊല്ലിയുള്ള ലീഗ് നേതൃത്വത്തിന്റെ പ്രതികാരദാഹമാണ് ജയരാജന്റെ അറസ്റ്റിനു നിദാനം. ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിന് മൂന്നുമാസം മുമ്പാണ് ഈ സംഭവം. ചന്ദ്രശേഖരന് വധത്തോടെയാണ് സിപിഐ (എം) പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍ പ്രതികളാക്കി പാര്‍ടിയെ കൊലയാളി പാര്‍ടിയായി ചിത്രീകരിക്കാനുള്ള നീക്കം യുഡിഎഫ് നേതൃത്വം ആരംഭിച്ചത്. അത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ടിക്കെതിരെ പ്രചാരണത്തിന് ഉപയോഗിക്കാനായിരുന്നു. അത് വിജയിക്കുന്നതായി തോന്നിയപ്പോള്‍ പുതിയതും പഴയതുമായ കേസുകളിലൊക്കെ പാര്‍ടി നേതാക്കളെ പ്രതികളാക്കി പാര്‍ടിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാനും ജനങ്ങളെ പാര്‍ടിക്ക് എതിരാക്കാനുമുള്ള നീക്കമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതിനെ മാറ്റി.
ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം എം മണിക്കും ഇപ്പോഴത്തെ സെക്രട്ടറി കെ കെ ജയചന്ദ്രനും എതിരെ എടുത്ത കേസുകളെയും ഇപ്പോള്‍ പി ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതിനെയും കൂട്ടിവെച്ചു നോക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പ്രഭൃതികളുടെ മക്കാര്‍ത്തിയന്‍ നീക്കത്തിന്റെ ലാക്ക് എന്തെന്ന് മനസ്സിലാവുക. ജയരാജനെ ഇങ്ങനെ കേസില്‍ കുടുക്കുന്നതില്‍ ചില മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. അവയാണ് ജയരാജന് അറിഞ്ഞുകൊണ്ടാണ് ഷുക്കൂര്‍ വധം നടന്നത് എന്ന വാദത്തിനു തെളിവുകള്‍ മെനഞ്ഞത്. അതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രചരിപ്പിക്കപ്പെട്ട പാര്ടിക്കോടതികളുടെ വിധി എന്ന ആശയത്തെ ആധാരമാക്കിയും. ജയരാജനെ ഇങ്ങനെ കേസില്‍ കുടുക്കി അറസ്റ്റ്ചെയ്തപ്പോള്‍ മലപ്പുറത്ത് കുനിയില്‍ സഹോദരന്മാരുടെ കൊലപാതകക്കേസിലെ എഫ്ഐആറില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ള ലീഗ് എംഎല്‍എ പി കെ ബഷീറിന്റെമേല് കേസെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. രണ്ടും മുസ്ലീംലീഗിന്റെ നിര്‍ബന്ധപ്രകാരമാണ്. ക്രിമിനല്‍-ശിക്ഷാ നിയമങ്ങളിലെ വ്യവസ്ഥകളല്ല, ഭരണകക്ഷി നേതാക്കളടെ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ നയിക്കുന്നത് എന്നു വ്യക്തം.
സാധാരണക്കാരുടെ ജീവിതത്തെ വഴിമുട്ടിക്കുന്ന തരത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. ഭൂമാഫിയയ്ക്കും കള്ളപ്പണക്കാര്‍ക്കും കുത്തകകള്‍ ഉള്‍പ്പെടെയുള്ള കൊള്ളലാഭക്കാര്‍ക്കും അനുകൂലമായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നടപടികള്‍മൂലം ജനസാമാന്യം വലയുകയാണ്. അതിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പാര്‍ടിയാണ് സിപിഐ (എം). പാര്‍ടി നേതാക്കളെ കൊലക്കേസുകളിലും മറ്റും പ്രതികളാക്കി ജയിലില്‍ അടയ്ക്കുന്നത് പാര്‍ടിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയാണ്. എന്നാല്‍, രൂപീകരണകാലം മുതല്‍ ഗൂഢാലോചനക്കേസുകളിലും മറ്റും ഉള്‍പ്പെടുത്തി നേതാക്കളെ ജയിലിലടച്ചും കരിനിയമങ്ങള്‍ ഉപയോഗിച്ചും കള്ളക്കേസുകളില്പെടുത്തിയും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചൊതുക്കിയും പാര്‍ടിയെ ക്ഷീണിപ്പിക്കാനും നശിപ്പിക്കാനുമുള്ള ജനവിരുദ്ധ സര്‍ക്കാരുകളുടെ കുത്സിത നീക്കങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്പിച്ച ചരിത്രമാണ് പാര്‍ടിക്കുള്ളത്.
ആദ്യം ടി പി ചന്ദ്രശേഖരന് വധക്കേസിലും ഇപ്പോള്‍ ഷുക്കൂര്‍ വധക്കേസിലും ഇടുക്കി ജില്ലയിലെ പഴയ കേസുകള്‍ കുത്തിപ്പൊക്കിയും പാര്‍ടി നേതാക്കളെ ജയിലിലടച്ചും കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിച്ചും സിപിഐ എമ്മിന്റെ യശസ്സിന് മങ്ങലേല്പിക്കാനും തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനരോഷത്തെ ഛിന്നഭിന്നമാക്കാനുമുള്ള യുഡിഎഫിന്റെ, വിശേഷിച്ച് കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കിന് ജനങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കും. ഇത്തരം ഓലപ്പാമ്പുകളിറക്കി ജനങ്ങളുടെ പ്രക്ഷോഭ സമരങ്ങളെയും ഇച്ഛാശക്തിയെയും തകര്‍ക്കാനുള്ള, പിന്നോട്ടടിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം തോല്പിക്കപ്പെടും.
chintha editorial 110812
ആദ്യം ടി പി ചന്ദ്രശേഖരന് വധക്കേസിലും ഇപ്പോള്‍ ഷുക്കൂര്‍ വധക്കേസിലും ഇടുക്കി ജില്ലയിലെ പഴയ കേസുകള്‍ കുത്തിപ്പൊക്കിയും പാര്‍ടി നേതാക്കളെ ജയിലിലടച്ചും കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിച്ചും സിപിഐ എമ്മിന്റെ യശസ്സിന് മങ്ങലേല്പിക്കാനും തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനരോഷത്തെ ഛിന്നഭിന്നമാക്കാനുമുള്ള യുഡിഎഫിന്റെ, വിശേഷിച്ച് കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കിന് ജനങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കും. ഇത്തരം ഓലപ്പാമ്പുകളിറക്കി ജനങ്ങളുടെ പ്രക്ഷോഭ സമരങ്ങളെയും ഇച്ഛാശക്തിയെയും തകര്‍ക്കാനുള്ള, പിന്നോട്ടടിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം തോല്പിക്കപ്പെടും.
ReplyDelete