Sunday, August 5, 2012

അഞ്ജലി ചാര്‍ത്തി ആയിരങ്ങള്‍; രക്തതാരകമായി മനോജ്


വര്‍ഗീയതയുടെ കനലെരിയിക്കാന്‍ കോപ്പുകൂട്ടുന്നവര്‍ക്കെതിരായ പോരാട്ടത്തിന് പ്രിയസഖാവിന്റെ ഓര്‍മകള്‍ കരുത്തേകുമെന്ന പ്രഖ്യാപനവുമായി ആയിരങ്ങള്‍. മുസ്ലിംലീഗ് അക്രമികള്‍ ചവിട്ടിക്കൊന്ന ഡിവൈഎഫ്ഐ നേതാവ് കീക്കാനത്തെ ടി മനോജിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. നാട്ടില്‍ വീണ്ടും കലാപത്തിന്റെ വിത്തെറിയാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ എന്നും മുന്‍നിരയില്‍നിന്ന് പൊരുതിയ യുവധീരന് ശനിയാഴ്ച നാടും നഗരവും തേങ്ങലോടെ യാത്രാമൊഴിയേകി.

വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം നീലേശ്വരം പള്ളിക്കര ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കയായിരുന്നു. കോഴിക്കോടുനിന്ന് നൂറുകണക്കിന് സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് യാത്ര പുറപ്പെട്ടത്. വന്‍ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാനായി വഴിനീളെ കാത്തുനിന്നു. കോഴിക്കോട് നഗരത്തിലും കൊയിലാണ്ടിയിലും നിരവധിയാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. വടകരയില്‍ രാത്രിയും രണ്ടായിരത്തോളം പേരെത്തി. മാഹി, തലശേരി, കണ്ണൂര്‍, കല്യാശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും നൂറുകണക്കിനാളുകള്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു. രാത്രി പതിനൊന്നോടെയാണ് വിലാപയാത്ര പള്ളിക്കരയിലെത്തിയത്.

ശനിയാഴ്ച രാവിലെവരെ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി. ഒമ്പതരയോടെ പുറപ്പെട്ട വിലാപയാത്ര രണ്ടര മണിക്കൂറെടുത്താണ് സ്വദേശമായ അമ്പങ്ങാട്ടെത്തിയത്. പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്ത്, ടൗണ്‍, പള്ളിക്കര എന്നിവിടങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമെത്തി. അമ്പങ്ങാട്ട് ഇ എം എസ് ഭവനില്‍ എത്തുമ്പോഴേക്കും അവിടം ജനസാഗരമായി. നിറമിഴികളുമായി ആയിരങ്ങളാണ് പ്രിയസഖാവിനെ അവസാനമായി ഒരുനോക്കു കാണാനെത്തിയത്. 12.30ഓടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഉയര്‍ന്ന കൂട്ടനിലവിളിയില്‍ കൂടിനിന്ന നേതാക്കളുള്‍പ്പെടെയുള്ളവരും വിതുമ്പി. "പൊന്നുമോനേ..." എന്നുവിളിച്ചുള്ള അമ്മ നാരായണിയുടെയും സഹോദരിമാരായ സുലോചനയുടെയും ബേബിയുടെയും രോദനം ഹൃദയഭേദകമായി. പൊന്നനുജന്റെ വേര്‍പാട് താങ്ങാനാവാതെ തളര്‍ന്ന ജ്യേഷ്ഠസഹോദരങ്ങളായ മണികണ്ഠനെയും സുരേഷിനെയും സുഹൃത്തുക്കള്‍ താങ്ങിയെടുത്താണ് അന്ത്യചുംബനമര്‍പ്പിക്കാന്‍ എത്തിച്ചത്. ഒരുമണിയോടെ വീട്ടുവളപ്പില്‍ തയ്യാറാക്കിയ ചിതക്ക് സുരേഷ് തീകൊളുത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി കരുണാകരന്‍ എംപി, പി കെ ശ്രീമതി, എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ്, എ എന്‍ ഷംസീര്‍, കെ വി സുമേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ തുടങ്ങി നിരവധി നേതാക്കള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.

deshabhimani 050812

1 comment:

  1. വര്‍ഗീയതയുടെ കനലെരിയിക്കാന്‍ കോപ്പുകൂട്ടുന്നവര്‍ക്കെതിരായ പോരാട്ടത്തിന് പ്രിയസഖാവിന്റെ ഓര്‍മകള്‍ കരുത്തേകുമെന്ന പ്രഖ്യാപനവുമായി ആയിരങ്ങള്‍. മുസ്ലിംലീഗ് അക്രമികള്‍ ചവിട്ടിക്കൊന്ന ഡിവൈഎഫ്ഐ നേതാവ് കീക്കാനത്തെ ടി മനോജിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. നാട്ടില്‍ വീണ്ടും കലാപത്തിന്റെ വിത്തെറിയാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ എന്നും മുന്‍നിരയില്‍നിന്ന് പൊരുതിയ യുവധീരന് ശനിയാഴ്ച നാടും നഗരവും തേങ്ങലോടെ യാത്രാമൊഴിയേകി.

    ReplyDelete