Saturday, August 4, 2012

അനുമതി കിട്ടി മാസം ഒന്നായി; തുടര്‍നടപടികളില്ലാതെ കൊച്ചി മെട്രോ


കേന്ദ്രാനുമതി നേടി ഒരുമാസം പിന്നിടുമ്പോഴും തുടര്‍ നടപടികളൊന്നുമില്ലാതെ കൊച്ചി മെട്രോ പദ്ധതി. കഴിഞ്ഞമാസം മൂന്നിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ മെട്രോ പദ്ധതിയുടെ നടത്തിപ്പിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പുനഃസംഘടിപ്പിക്കാനോ ഡിഎംആര്‍സിക്ക് കരാര്‍ നല്‍കാനോ ഉള്ള നടപടികള്‍ ഇപ്പോഴുമുണ്ടായിട്ടില്ല. കേന്ദ്രാനുമതി ലഭിച്ചിട്ടും പദ്ധതി തുടങ്ങാന്‍ വൈകുന്നത് ഇനിയും നിര്‍മാണച്ചെലവ് ഉയര്‍ത്തും. ഈ പശ്ചാത്തലത്തിലാണ് കൊച്ചി മെട്രോയുടെ നിര്‍മാണച്ചെലവ് അനുദിനം കുതിച്ചുയരുകയാണെന്ന് കഴിഞ്ഞദിവസം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വീണ്ടും ഓര്‍മിപ്പിച്ചത്. ഏഴുവര്‍ഷംമുമ്പ് 2000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാമായിരുന്ന പദ്ധതിയുടെ നിര്‍മാണച്ചെലവ് നിലവില്‍ 5000 കോടിയിലേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് കേന്ദ്രപങ്കാളിത്തത്തോടെ പുനഃസംഘടിപ്പിക്കലാണ് ആദ്യ നടപടിയെന്ന് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച ഉടനെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിെന്‍റ സെക്രട്ടറി ചെയര്‍മാനായി പുനഃസംഘടിപ്പിക്കുന്ന ബോര്‍ഡിന്റെ എംഡി സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധിയാകണം. എംഡി ആരായിരിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നിലവില്‍ കെഎംആര്‍എല്ലിന്റെ എംഡിയായ ടോം ജോസ് തുടരുന്നതില്‍ യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ക്കും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനും എതിര്‍പ്പുണ്ട്. മെട്രോയുടെ ഡിസൈന്‍ തയ്യാറാക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. നിര്‍മാണച്ചുമതല തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംആര്‍സി ഡിസൈന്‍ ജോലികള്‍ ചെയ്യുന്നത്. കെഎംആര്‍എല്ലിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡാണ് നിര്‍മാണക്കരാറിലേര്‍പ്പെടേണ്ടതെങ്കിലും അതുസംബന്ധിച്ച ഒരുറപ്പും ഇതുവരെ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. കരാറിലേര്‍പ്പെടണമെന്നാവശ്യപ്പെട്ട് മുമ്പ് ഇ ശ്രീധരന്‍ അയച്ച കത്തിനൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. കേന്ദ്രാനുമതി കിട്ടിയശേഷവും കരാര്‍ വൈകരുതെന്നാവശ്യപ്പെട്ട് ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിനും മറുപടിയുണ്ടായില്ല.

നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കു നല്‍കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഇതിനിടെ, കൊച്ചി മെട്രോയുടെ പേരും ലോഗോയും പ്രഖ്യാപിക്കുന്ന ചടങ്ങും ടോം ജോസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. പുതിയ ഡയറക്ടര്‍ ബോര്‍ഡ് വരാനിരിക്കേ മെട്രോയുടെ നാമകരണവും ലോഗോ പ്രകാശനവും ഏകപക്ഷീയമായി നടത്താന്‍ തീരുമാനിച്ചത് വിവാദമായി. മനോരമ പത്രം നിര്‍ദേശിച്ച പേരാണ് എംഡി മെട്രോയ്ക്ക് കണ്ടെത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് ഇ ശ്രീധരനെയും ജനപ്രതിനിധികളെയും ഒഴിവാക്കിയത് വിവാദമായതിനെത്തുടര്‍ന്ന് ചടങ്ങ് മാറ്റിവച്ചു.

deshabhimani 040812

1 comment:

  1. കേന്ദ്രാനുമതി നേടി ഒരുമാസം പിന്നിടുമ്പോഴും തുടര്‍ നടപടികളൊന്നുമില്ലാതെ കൊച്ചി മെട്രോ പദ്ധതി. കഴിഞ്ഞമാസം മൂന്നിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ മെട്രോ പദ്ധതിയുടെ നടത്തിപ്പിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പുനഃസംഘടിപ്പിക്കാനോ ഡിഎംആര്‍സിക്ക് കരാര്‍ നല്‍കാനോ ഉള്ള നടപടികള്‍ ഇപ്പോഴുമുണ്ടായിട്ടില്ല. കേന്ദ്രാനുമതി ലഭിച്ചിട്ടും പദ്ധതി തുടങ്ങാന്‍ വൈകുന്നത് ഇനിയും നിര്‍മാണച്ചെലവ് ഉയര്‍ത്തും. ഈ പശ്ചാത്തലത്തിലാണ് കൊച്ചി മെട്രോയുടെ നിര്‍മാണച്ചെലവ് അനുദിനം കുതിച്ചുയരുകയാണെന്ന് കഴിഞ്ഞദിവസം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വീണ്ടും ഓര്‍മിപ്പിച്ചത്. ഏഴുവര്‍ഷംമുമ്പ് 2000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാമായിരുന്ന പദ്ധതിയുടെ നിര്‍മാണച്ചെലവ് നിലവില്‍ 5000 കോടിയിലേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete