Sunday, August 5, 2012

ഭക്ഷ്യസുരക്ഷയ്ക്ക് സമഗ്രനിയമം വേണം


സാര്‍വത്രിക പൊതുവിതരണം ഉറപ്പുവരുത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷാബില്‍ ഭേദഗതിചെയ്യണമെന്ന് ഇടതുപക്ഷ പാര്‍ടി നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുമ്പിലുള്ള ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് തള്ളിക്കളയണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ മാസം 35 കിലോ ഭക്ഷ്യധാന്യം ഓരോ കുടുംബത്തിനും ഉറപ്പുവരുത്താന്‍ ബില്ലില്‍ വ്യവസ്ഥചെയ്യണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെ ജന്ദര്‍മന്തറില്‍ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു. രാജ്യവ്യാപകമായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം അലയടിച്ചു. ശനിയാഴ്ച രാവിലെയാണ് ഇടതുപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയെ ഔദ്യോഗികവസതിയില്‍ ചെന്ന് കണ്ടത്.

സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയ് എന്നിവര്‍ കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. ഇടതുപക്ഷം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ബില്‍ പാസാക്കുന്ന ഘട്ടത്തില്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രകാശ് കാരാട്ട് പറഞ്ഞു. ബില്ലിന്റെ കരടിന് നിരവധി നിര്‍ദേശം ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചെന്നും കാരാട്ട് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുന്ന രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന സമഗ്രനിയമമാണ് വേണ്ടതെന്ന് നേതാക്കള്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ഭക്ഷ്യധാന്യം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ദരിദ്രരെ ഒഴിവാക്കുന്ന നിലവിലുള്ള സമ്പ്രദായം ഉപേക്ഷിച്ച് പൊതുവിതരണം സാര്‍വത്രികമാക്കണമെന്നും കര്‍ഷകര്‍ക്ക് തറവില ഉള്‍പ്പെടെയുള്ള സംരക്ഷണം നല്‍കണമെന്നും നിവേദനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മിച്ച ഉല്‍പ്പാദനത്തിന്റെ പേരില്‍ ഭക്ഷ്യധാന്യം സബ്സിഡിയോടെ കയറ്റുമതിചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന അഞ്ചുലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
(വി ബി പരമേശ്വരന്‍)

deshabhimani 050812

1 comment:

  1. സാര്‍വത്രിക പൊതുവിതരണം ഉറപ്പുവരുത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷാബില്‍ ഭേദഗതിചെയ്യണമെന്ന് ഇടതുപക്ഷ പാര്‍ടി നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ മുമ്പിലുള്ള ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് തള്ളിക്കളയണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

    ReplyDelete